തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒരു സുപ്രഭാതത്തില്‍ സംഘപരിവാര്‍ പാളയത്തില്‍ ചെന്ന് പെട്ടയാളല്ലെന്ന് സംവിധായകന്‍ എം.എ നിഷാദ്. സാധാരണ ജനങ്ങളുടെയിടയില്‍ മനുഷത്വമുളള നല്ല മനുഷ്യന്‍ ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കുകയും പിന്നീട് നേട്ടങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണെന്നും നിഷാദ് പറഞ്ഞു.
വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റെ മുമ്പില്‍ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകള്‍ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്.തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന സുരേഷിന്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവര്‍ണ്ണ മനസ്സിന്റെ ആഴം അളക്കാന്‍… അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായി നീരീക്ഷിച്ചിട്ടുളളത് കൊണ്ടും, എന്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ പറ്റുമെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ നിഷാദ് പറഞ്ഞു.
Read Also : ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു
അയാളൊരു മണ്ടനൊന്നുമല്ല. മോദിയുടെ അടിമയാണ് താനെന്ന് അയാള്‍ പറഞ്ഞതും വെറുതെയല്ല. അടിമ ഗോപി എന്ന ആക്ഷേപം അയാള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം. സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കള്‍ക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാല്‍ അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അത് ലീഡര്‍ കരുണാകരന്, ചോറ് വിളമ്പി കൊടുത്തപ്പോഴും, വി.എസിനുവേണ്ടി തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയപ്പോഴുമെല്ലാം നാം കണ്ടതാണെന്നും അദ്ദേഹം പറയുന്നു.
“സംഘപരിവാര്‍ പാളയത്തില്‍ ഒരു സുപ്രഭാതത്തില്‍ ചെന്ന് പെട്ടതല്ല അയാള്‍. വ്യക്തമായ പ്ലാനിങ്ങിലൂടെ തന്നെയാണ് സുരേഷ്‌ഗോപി അത്തരം നിലപാട് എടുത്തത്. ഏഷ്യാനെറ്റിലെ ഞാന്‍ കോടീശ്വരന്‍ പരിപാടിയിലൂടെ അതി ബുദ്ധിപൂര്‍വ്വം, സുരേഷ് അയാളുടെ വര്‍ഗ്ഗീയ അജണ്ട സൂത്രത്തില്‍ തിരുകികയറ്റി. സാധാരണ ജനങ്ങളുടെയിടയില്‍ മനുഷത്വമുളള നല്ല മനുഷ്യന്‍ ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കി. പക്ഷെ ആട്ടിന്‍ തോലിട്ട ചെന്നായ് അതിന്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ.. അയാളിലെ വര്‍ഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു”
പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം. മതേതര വിശ്വാസികളുളള കേരളം. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ. ഇവിടെ ഈ സാക്ഷര കേരളത്തില്‍ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല. കേരളം ഒരു വര്‍ഗ്ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.