വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറുണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. കളക്ഷനുകള്‍ താന്‍ വലിയ കാര്യമായി എടുക്കാറില്ലെന്നും ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കില്‍ തന്റെ ജോലി തീര്‍ന്നെന്നാണ് വിശ്വസിക്കാറുള്ളതെന്നും ലോകേഷ് പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിയേറ്ററില്‍ നിന്നും ജനങ്ങള്‍ പുറത്ത് വരുമ്പോള്‍ എന്താണോ പറയുന്നത് അതാണ് എന്നെ ഏറ്റവുമധികം എക്‌സൈറ്റ് ചെയ്യിക്കുന്നത്. വിമര്‍ശനങ്ങളില്‍ ഞാന്‍ വളരെയധികം കോണ്‍ഷ്യസാവാറുണ്ട്. എങ്ങനെയാണ് വിമര്‍ശനം വരുന്നത്, സിനിമക്ക് എത്ര റേറ്റിങ്ങാണ് നല്‍കുന്നത്, പഴയ പടങ്ങളെക്കാള്‍ റേറ്റിങ് കൂടുമോ, കുറയുമോ എന്നതൊക്കെ നോക്കും.
കളക്ഷനില്‍ എനിക്കൊന്നും തോന്നാറില്ല. ഇതിലൊന്നും എനിക്ക് പങ്കില്ല. യൂട്യൂബ് വീഡിയോയിലൂടെ കിട്ടുന്ന പണം ആ യൂട്യൂബര്‍ക്കാണ് ലഭിക്കുന്നത്. പ്രൊഡ്യൂസര്‍ക്ക് ഷെയര്‍ ലഭിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തിയേറ്റര്‍ ഉടമകളുമെല്ലാം ചേരുന്നതാണ് സിനിമ.
എന്നെ സംബന്ധിച്ചിടത്തോളം കളക്ഷന്‍ ലഭിക്കുന്നത് വലിയ കാര്യമല്ല. ക്രിട്ടിക്‌സിനും പ്രൊഡ്യൂസറിനും പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെട്ടോ, നല്ല സിനിമ എന്ന് എല്ലാവരും പറയുന്നുണ്ടോ, അങ്ങനെയാണെങ്കില്‍ എന്റെ ജോലി തീര്‍ന്നു. ഞാന്‍ അടുത്ത സിനിമയിലേക്ക് മൂവ് ചെയ്യും,’ ലോകേഷ് പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്. വിജയ് നായകനായ ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
Content Highlight: Director Lokesh Kanakaraj says that the criticism affects him