ലിയോ റിലീസിന് മുന്നോടിയായി നടന്ന സജീവ ചര്‍ച്ചയായിരുന്നു ചിത്രം എല്‍.സി.യുവിലാണോ എന്നത്. ട്രെയ്‌ലര്‍ ഡീകോഡ് ചെയ്ത് എല്‍.സി.യു കണക്ഷന്‍ കണ്ടെത്താന്‍ ആരാധകര്‍ ശ്രമിച്ചിരുന്നു. ലിയോ റിലീസിന് ശേഷമാണ് ചിത്രത്തിന് എല്‍.സി.യു കണക്ഷന്‍ ഉണ്ടെന്ന കാര്യം വെളിപ്പെട്ടത്. കൈതിയില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ജോര്‍ജ് മരിയന്‍ ചിത്രത്തില്‍ എത്തിയിരുന്നു. വിക്രത്തില്‍ നിന്നും ലിയോയില്‍ ഫഹദ് എത്തുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മായാ സുന്ദരകൃഷ്ണന്‍ ചെയ്ത കഥാപാത്രവും വിക്രവുമാണ് വന്നത്.
എന്നാല്‍ ലിയോയിലെ ഏറ്റവും വലിയ കണക്ഷന്‍ ഫഹദിന്റെ അമറാണെന്ന് പറയുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ‘ഓര്‍ഫനേജിലേക്ക് വെച്ചിരിക്കുന്ന കണക്ഷന്‍ ഒരു ബിഗര്‍ പെര്‍സ്പെക്ടീവിലാണ്. ഫഹദ് ഒരു ഓര്‍ഫനേജില്‍ നിന്നുമാണ് വരുന്നത്. വിക്രത്തില്‍ ഫഹദ് അത് പറയുന്നുണ്ട്. പാര്‍ത്ഥിയും ഓര്‍ഫനേജിലാണ് വളരുന്നത് എന്ന് പറയുന്നുണ്ട്. ആ കണക്ഷനാണ് ലിയോയില്‍ വെച്ചിരിക്കുന്നത്,’ സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.
ചിത്രത്തില്‍ കാണിച്ച ഫ്‌ളാഷ് ബാക്ക് കള്ളമാവാന്‍ സാധ്യതയുണ്ടെന്നും ലോകേഷ് പറഞ്ഞു. ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് സത്യമാവാനും കള്ളമാവാനും സാധ്യതയുണ്ടെന്നും ലോകേഷ് പറഞ്ഞു. ‘ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ല. മന്‍സൂര്‍ അലി ഖാനല്ലേ ലിയോയെ പറ്റി പറയുന്നത്. അയാള്‍ സത്യം പറയാനും കള്ളം പറയാനും സാധ്യതയുണ്ട്.
ആ കഥയുടെ തുടക്കത്തില്‍ തന്നെ എല്ലാ കഥയ്ക്കും ഓരോ പെര്‍സ്‌പെക്ടീവ് ഉണ്ടാകുമല്ലോ എന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുന്നുണ്ട്. ഇത് എന്റെ പെര്‍സ്‌പെക്ടീവ് ആണ് എന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്. എന്നാല്‍ ആ സീന്‍ കട്ട് ചെയ്തു. ഇനി പറയാന്‍ പോകുന്ന കഥ നുണയാണെന്ന് ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാവും, അത് നമുക്ക് കട്ട് ചെയ്യാം, ഒരു സംശയമായി അത് അവിടെ കിടക്കട്ടെ എന്ന് എഡിറ്റര്‍ ഫിലോമിന്‍ പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ക്ലെവറായി ചെയ്ത പാര്‍ത്ഥിപന് തല മറക്കുന്നത് ഒരു വലിയ കാര്യമല്ലല്ലോ.
ഈ കഥയുടെ എഴുത്തില്‍ ചെറിയ കാര്യങ്ങള്‍ ഡീറ്റെയ്ല്‍ ചെയ്തിട്ടുണ്ട്. കോഫി ഷോപ്പിലെ രംഗത്തിന് ശേഷം ലിയോ പുറത്ത് വന്നോ എന്ന് പേടിച്ച് പാര്‍ത്ഥിപന്‍ കരയുന്നുണ്ട്. അതിന് ശേഷം പാര്‍ത്ഥിപന്‍ എന്ന് വിളിക്കുമ്പോള്‍ അയാള്‍ തിരിഞ്ഞ് നോക്കാറില്ല. രണ്ടോ മൂന്നോ തവണ വിളിക്കുമ്പോഴാണ് നോക്കുന്നത്. ഉള്ളിന്റെ ഉള്ളില്‍ താനാരാണെന്ന് അയാള്‍ക്ക് അറിയാം.
ഈ സിനിമ ഒരു വ്യക്തിയുടെ കഥയാണ്. പാര്‍ത്ഥിപന്റെ കഥാപാത്ര അവലോകനമാണ് സിനിമ. ലിയോ ആണെന്ന് സമ്മതിക്കുമോ ഇല്ലയോ എന്നതാണ് സിനിമ. പെര്‍ഫോമന്‍സായിരിക്കണം മുഖ്യം എന്ന് വിചാരിച്ചാണ് പടം ചെയ്തത്. അതിനാണ് ശ്രമിച്ചത്. അത് വര്‍ക്കും ആയി,’ ലോകേഷ് പറഞ്ഞു.
Content Highlight: Director Lokesh Kanakaraj says that Fahadh fasiil is the biggest connection in Leo