ലിയോയുടെ 20 ശതമാനം വിജയ്‌യുടെ ആരധകര്‍ക്കായി മാറ്റി ചെയ്തിട്ടുണ്ടെന്ന സംവിധായകന്‍ ലോകേഷ് കനകരാജ്. 80 ശതമാനം ഭാഗവും പാര്‍ത്ഥിപന്‍ എന്ന കഥാപാത്രമാണെന്നും 20 ശതമാനാനത്തില്‍ ആരാധകര്‍ക്കായി സിനിമാറ്റിക് ലിബേര്‍ട്ടി എടുത്തെന്നും ലോകേഷ് പറഞ്ഞു. ഇന്‍ട്രൊ ഫൈറ്റൊക്കെ അത്തരത്തിലുള്ളതാണെന്നും സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.
‘സിനിമയുടെ 80 ശതമാനവും കഥാപാത്രം പാര്‍ത്ഥിപനായി ഇരിക്കുകയാണ്. 20 ശതമാനം സിനിമാറ്റിക് ലിബേര്‍ട്ടി എടുത്ത് വിജയ് അണ്ണന്റെ ഫാന്‍സിന് വേണ്ടി ചെയ്തു. ഇന്‍ട്രൊ ഫൈറ്റ് മാത്രം കുറച്ച് സിനിമാറ്റിക് ആക്കി. സിഗരറ്റ് എടുക്കുന്ന രീതി ഒക്കെ അങ്ങനെ ആക്കിയതാണ്,’ ലോകേഷ് പറഞ്ഞു.
അഭിമുഖത്തിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലിയോ റിലീസിന് മുമ്പ് ലോകേഷ് പറഞ്ഞത് കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. ലിയോ 50-50 അല്ലെന്നും 100 ശതമാനവും തന്റെ സിനിമ ആയിരിക്കുമെന്നുമാണ് റിലീസിന് മുമ്പ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞത്. റിലീസിന് മുമ്പ് 100 ശതമാനമായിരുന്നത് ഇപ്പോള്‍ 80 ശതമാനം ആയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്ന നിര്‍മാതാവ് ലളിത് കുമാറിന്റെ പരാമര്‍ശങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്ന് വിജയ് പറഞ്ഞതിന് പിന്നാലെ താന്‍ ലോകേഷിനോട് സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നുമാണ് ലളിത് കുമാര്‍ പറഞ്ഞത്.
അതേസമയം റിലീസ് ദിനം മുതല്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും വലിയ കളക്ഷനാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. 12 ദിവസം കൊണ്ട് ചിത്രം 540 കോടി നേടിയെന്നും കഴിഞ്ഞ ദിവസം നിര്‍മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സ്‌കസസ് മീറ്റ് ഇന്ന് വൈകിട്ട് നടക്കും. ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ചിത്രത്തിന്റെ സക്സസ് മീറ്റ് നടക്കുകയെന്ന് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ എക്സില്‍ കുറിച്ചു.
Content Highlight: Director Lokesh Kanakaraj says that 20 percent of Leo has been converted for Vijay’s fans