മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങിയ വലിയ ഹിറ്റുകള്‍ തമിഴ് സിനിമക്ക് സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. എല്ലായ്‌പ്പോഴും വ്യത്യസ്തമായി കഥ പറയുന്ന ലോകേഷ് യൂണിവേഴ്‌സിലെ സിനിമകള്‍ക്ക് ഒരുപാട് ആരാധകരുമുണ്ട്. മാറിയ സിനിമാ രീതികളെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും സംസാരിക്കുകയാണ് ലോകേഷിപ്പോള്‍.
പഴയ രീതിയിലുള്ള സിനിമകള്‍ ഇന്ന് ചെയ്തിട്ട് കാര്യമില്ലെന്നും സിനിമാ പ്രേക്ഷകര്‍ ഒരുപാട് മാറിയെന്നും ലോകേഷ് പറഞ്ഞു. ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയും മറ്റും സിനിമകള്‍ സുലഭമായി ലഭ്യമാകുന്നതിനാല്‍ ഓരോ വര്‍ക്കിന്റെയും ചെറിയ പോരായ്മകള്‍ വരെ പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പത്ത് വര്‍ഷം മുമ്പ് വിജയിച്ച സിനിമകളുടെ കഥയുമായി വന്നാല്‍ ഒരിക്കലും അത് വിജയിക്കില്ല. കാരണം പ്രേക്ഷകര്‍ ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കൂടി വന്നപ്പോള്‍ ധാരാളം സിനിമകള്‍ കാണാനുള്ള അവസരം അവര്‍ക്ക് കിട്ടി തുടങ്ങി. അതുകൊണ്ട് തന്നെ നമ്മള്‍ ഒരുപാട് കഷ്ടപ്പെടണം. ഒരുപാട് മെറ്റീരിയല്‍സ് പ്രേക്ഷകന്റെ കൈവശമുള്ളത് കൊണ്ട് തന്നെ നമ്മുടെ സിനിമയുടെ ചെറിയ കുറവുകള്‍ വരെ കണ്ടുപിടിച്ച് പറയാന്‍ അവര്‍ക്ക് സാധിക്കും.
ഇത്തരത്തിലുള്ള വ്യത്യസ്തമായ സിനിമകളാണ് ഓരോ നടന്മാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പലപ്പോഴും താരങ്ങളും അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. എന്റെ ആദ്യ സിനിമയില്‍ വലിയ താരങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ ഞാനെടുത്ത ചലഞ്ച് നിര്‍മാതാവ് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ സിനിമ സംഭവിച്ചത്. നായികയും പാട്ടുമൊന്നുമില്ലാതെ എങ്ങനെയാണ് വലിയൊരു സിനിമ സാധ്യമാകുമെന്ന ചോദ്യത്തിന് ഉത്തരമാണ് കൈതി.
ഇത്രയും നാളും തുടര്‍ന്ന രീതികളില്‍ നിന്നും മാറി സഞ്ചരിച്ച് പുതിയ സിനിമകള്‍ ചെയ്യാന്‍ തയാറായിട്ടാണ് ഓരോ നടന്മാരും വരുന്നത്. വിജയ് സാറിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. അത്രയും കാലം അദ്ദേഹം ചെയ്ത സിനിമകളില്‍ നിന്നും മാറി മദ്യപിച്ച് നടക്കുന്ന ഒരാളായി അഭിനയിക്കാം എന്ന ആഗ്രഹത്തോടെയാണ് മാസ്റ്ററിലേക്ക് വന്നത്. വിജയ് സേതുപതിയാണെങ്കിലും അങ്ങനെ തന്നെയാണ്,’ ലോകേഷ് കനകരാജ് പറഞ്ഞു.
content highlights: director lokesh kanakaraj about new audiance of cinema