ലിയോക്ക് വന്ന സമ്മിശ്ര പ്രതികരണങ്ങളില്‍ പ്രതികരിച്ച് സംവിധാനയകന്‍ ലോകേഷ് കനകരാജ്. സെക്കന്റ് ഹാഫ് ലാഗാണെന്നും സമ്മിശ്ര പ്രതികരണമാണെന്നും റിവ്യൂകളില്‍ കണ്ടിരുന്നുവെന്നും വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നുവെന്നും ലോകേഷ് പറഞ്ഞു. കാര്‍ത്തി ചിത്രമായ ജപ്പാന്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തിയേറ്റര്‍ റെസ്‌പോണ്‍സൊക്കെ നോക്കിയിരുന്നു. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറയുന്നുണ്ട്. സെക്കന്റ് ഹാഫ് ലാഗാണെന്ന് മിക്‌സഡ് റിവ്യൂസ് വന്നിട്ടുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജോലി അതോടെ തീര്‍ന്നു. കളക്ഷന്റെ കാര്യം പ്രൊഡ്യൂസറോട് ചോദിച്ചാല്‍ അദ്ദേഹം പറയും,’ ലോകേഷ് പറഞ്ഞു.
ലിയോക്ക് സമ്മിശ്ര പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന് ലാഗുണ്ടെന്നും ദുര്‍ബലമായി എഴുതപ്പെട്ട കഥാപാത്രങ്ങള്‍ ചിത്രത്തിന് തിരിച്ചടിയായതെന്നും ചിലര്‍ പരാതി പറഞ്ഞതായി ഒരു അഭിമുഖത്തിലാണ് ലളിത് കുമാര്‍ പറഞ്ഞിരുന്നത്.
‘ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചതേയില്ല. സെക്കന്റ് ഹാഫിലെ പത്ത് മിനിട്ടില്‍ ഭയങ്കര ലാഗാണെന്ന് പ്രേക്ഷകര്‍ പറഞ്ഞതായി കേട്ടിരുന്നു. എന്നാല്‍ ഒരു സിനിമ എന്ന നിലയില്‍ അവസാന നാല്‍പത് മിനിട്ടിലാണ് ലിയോയുടെ നിലനില്‍പ്.
വില്ലന്മാരും നായികയും ഉള്‍പ്പെടെയുള്ള ദുര്‍ബലമായി എഴുതപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിന് തിരിച്ചടിയായതെന്നും ചിലര്‍ പരാതി പറഞ്ഞു. നരേഷനിലെ ലൂപ്‌ഹോള്‍സൊക്കെ ക്ഷമിച്ച് മികച്ച ആക്ഷന്‍ സീക്വന്‍സുകളും വിഷ്വല്‍ സ്‌റ്റൈലും വിജയ്യുടെ കമ്മിറ്റഡ് പെര്‍ഫോമന്‍സും ആസ്വദിച്ചപ്പോള്‍ ചിലര്‍ ലോകേഷിന്റെ ഒരു പിഴവും ക്ഷമിക്കാന്‍ തയാറായില്ല,’ ലളിത് കുമാര്‍ പറഞ്ഞു.
സമ്മിശ്ര പ്രതികരണമാണെങ്കിലും കളക്ഷനില്‍ മുന്നേറുകയാണ് ലിയോ. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയാണ് ചിത്രം നേടിയത്. പത്ത് ദിവസം കൊണ്ടാണ് ചിത്രം കേരളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറി. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെ.ജി.എഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് ലിയോ കേരളത്തില്‍ മറികടന്നത്.
Content Highlight: Director Lokesh Kanagaraj reacts to the mixed reactions to Leo