| Monday, 7th March 2022, 10:05 pm

അതിജീവിതക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഫെഫ്ക; സംവിധായകന്‍ ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈംഗിക പീഡനപരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന്‍ ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം റദ്ദാക്കി ഫെഫ്ക. പീഡനക്കേസില്‍ ഫെഫ്ക അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു എന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ടാണ് ഇയാള്‍ സംവിധാനം ചെയ്യുന്ന ചിത്രം. സണ്ണി വെയ്നാണ് നിര്‍മാതാവ്.

പരാതിക്ക് പിന്നാലെ ലിജുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതി രംഗത്ത് വന്നിരുന്നു. ലിജു കൃഷ്ണയില്‍ നിന്ന് താന്‍ നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തുറന്നുപറഞ്ഞത്.

കടുത്ത ലൈംഗിക അതിക്രമമാണ് നേരിടേണ്ടിവന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം തനിക്ക് നേരിടേണ്ടിവന്നെന്നും യുവതി പറയുന്നു.

2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും, ബലം പ്രയോഗിച്ച് തന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.


Content Highlight: Director Liju Krishna’s FEFKA membership has been canceled

We use cookies to give you the best possible experience. Learn more