നന്‍പകല്‍ നേരത്തില്‍ നിന്ന് മമ്മൂക്കയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല, ഇതിനുമുമ്പും കുറേ കഥകള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്: ലിജോ ജോസ് പെല്ലിശ്ശേരി
നന്‍പകല്‍ നേരത്ത് മയക്കത്തിലെ കഥാപാത്രത്തില്‍ നിന്നും മമ്മൂട്ടിയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കുറേ മുമ്പ് തൊട്ട് തന്നെ താന്‍ മമ്മൂട്ടിയോട് ഓരോ കഥകള്‍ പറയുന്നുണ്ടെന്നും പല കാരണങ്ങള്‍ കൊണ്ട് അവ നടക്കാതെ പോവുകയായിരുന്നുവെന്നും ലിജോ പറഞ്ഞു.
സിനിമയിലെ ചില കോമഡി സീനുകളെക്കുറിച്ചും ലിജോ സംസാരിച്ചു. കോമഡികളൊന്നും പ്രീ പ്ലാന്‍ഡ് അല്ലെന്നും തമാശ ഉണ്ടാക്കാനായിട്ട് വേണ്ടിയല്ല സീനുകള്‍ ക്രിയേറ്റ് ചെയ്തതെന്നും ലിജോ പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ലിജോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കുറേ മുമ്പ് തൊട്ട് തന്നെ രണ്ടോ മൂന്നോ സിനിമകള്‍ ഞാന്‍ മമ്മൂക്കയുമായിട്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. പലതും പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോകുകയായിരുന്നു. നന്‍പകല്‍ നേരത്ത് മമ്മൂട്ടിയെ പോലെയുള്ള ഒരു ആക്ടര്‍ തന്നെ ചെയ്യേണ്ട കഥാപാത്രമായിരുന്നു. ആ ഒരു ബോധ്യത്തിലാണ് മമ്മൂക്കയോട് പോയിട്ട് ഈ കഥ പറഞ്ഞത്.
ഇതിലെ കഥാപാത്രത്തില്‍ നിന്നും മമ്മൂക്കയെ ഒരിക്കലും മാറ്റി കാണാന്‍ കഴിയില്ല. ഈ സിനിമയിലെ പല സീനുകളും കണ്ടിട്ട് ആളുകള്‍ നന്നായി ചിരിക്കുന്നുണ്ട്. അതൊന്നും പ്രീ പ്ലാന്‍ഡ് അല്ലായിരുന്നു. തമാശ ഉണ്ടാക്കാന്‍ വേണ്ടിയല്ല മിക്ക സീനുകളും ക്രിയേറ്റ് ചെയ്യുന്നത്.
ഒരു മലയാളിയായിട്ട് ഇരുന്ന് കൊണ്ട് ഇതിലൂടെ ഒരു തമിഴ് സിനിമ കാണാം. അതുപോലെ തന്നെ ഒരു തമിഴനായി ഇരുന്നു കൊണ്ട് മലയാളം സിനിമ കാണുന്ന അനുഭൂതിയും നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ കിട്ടും. ആ കാര്യത്തില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,” ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
അതേസമയം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് റിലീസ് ചെയ്യുക. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി നന്‍പകലിലെത്തുന്നത്.
വേളാങ്കണ്ണി യാത്രക്ക് ശേഷം മടങ്ങുന്ന ജെയിംസ് ഉള്‍പ്പടെയുള്ള ഒരു മലയാളി സംഘത്തിന്റെ യാത്ര അപ്രതീക്ഷിതമായ ഒരു തമിഴ് ഗ്രാമത്തിലെത്തുമ്പോള്‍ തടസപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന തടസങ്ങളാണ് നന്‍പകല്‍ നേരത്തു മയക്കത്തില്‍ കാണിക്കുന്നത്.
content highlight: director lijo jose pellissery about nanpakal nerath mayakkam