| Monday, 11th January 2021, 3:34 pm

ജല്ലിക്കെട്ടിന്റെ ഓസ്‌കാര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട വാര്‍ത്തയായി തോന്നിയില്ല: ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജല്ലിക്കെട്ടിന്റെ ഓസ്‌കാര്‍ എന്‍ട്രി താന്‍ അത്ര ആഘോഷിച്ചില്ലെന്ന് സംവിധായകന്‍ ലിജോ പെല്ലിശ്ശേരി. മനോരമ ന്യൂസ്‌മേക്കര്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഓസ്‌കാറിനെക്കുറിച്ചും അവാര്‍ഡുകളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് ലിജോ പങ്കുവെച്ചത്.

‘ഞാന്‍ മനപ്പൂര്‍വ്വം വലിയ ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ആളാണ്. അതുകൊണ്ട് ഓസ്‌കാര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി എനിക്ക് തോന്നിയില്ല. ഞാന്‍ അത്ര ആഘോഷിച്ചില്ല. പക്ഷെ ആ സിനിമക്ക് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്. അത് വലിയ കാര്യം തന്നെയാണ്.

രാജ്യം അതിനെ റെപ്രസന്റ് ചെയ്യാന്‍ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് ആ സിനിമക്ക് പുറകിലുള്ള എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.’ ലിജോ ജോസ് പറഞ്ഞു.

ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളില്‍ സലാം ബോംബെ, മദര്‍ ഇന്ത്യ, ലഗാന്‍ എന്നീ മൂന്ന് സിനിമകള്‍ക്ക് മാത്രമാണ് ഇതുവരെ നോമിനേഷന്‍ ലഭിച്ചിട്ടുള്ളത്. ആ നിരയിലേക്ക് ജെല്ലിക്കെട്ടും എത്തുമെന്ന് വിശ്വിസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ‘അങ്ങനെ സംഭവിക്കട്ടെ’ എന്നായിരുന്നു ലിജോയുടെ മറുപടി.

ഓസ്‌കാര്‍ നോമിനേഷനുകളെയും അവാര്‍ഡുകളെയും ഒരു സംവിധായകന്റെ ഏറ്റവും വലിയ നേട്ടമായി താന്‍ കാണുന്നില്ലെന്നും ലിജോ പറഞ്ഞു.

‘സിനിമക്ക് അവാര്‍ഡുകള്‍ കിട്ടണം എന്ന പ്ലാനോടു കൂടി കൃത്യമായി ചെയ്യുന്ന സിനിമകളല്ല ഞാന്‍ ചെയ്യുന്നത്. ഒരു സമയത്ത് ഓഡിയന്‍സിലേക്ക് എത്തിക്കണം എന്നു തോന്നുന്ന ആശയമാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതിനെയാണ് സിനിമയായി എത്തിക്കാന്‍ ശ്രമിക്കുന്നത്.

അവാര്‍ഡിന് വേണ്ടി എന്തു ചെയ്യാം എന്ന് ഞാന്‍ ആലോചിക്കാറില്ല. പ്രേക്ഷകരോട് എത്ര കണ്‍വേ ചെയ്യാന്‍ സാധിച്ചു എന്നാണ് നോക്കാറുള്ളത്. ഓരോ കാലത്തും നമ്മുടെ ആശയങ്ങളും കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കും. ആ സിനിമ ഇറങ്ങുന്ന കാലഘട്ടത്തില്‍ എന്താണോ ഞാന്‍ പ്രേക്ഷകനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതായിരിക്കും സിനിമ.

എന്റെ ആശയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയല്ല. എന്റെ കാഴ്ചപ്പാടുകള്‍ എന്റെ സിനിമയിലുണ്ടാകും. അതിന്റെയൊക്കെ ഭാഗമായി വരുന്ന ഒരു കാര്യം മാത്രമാണ് അവാര്‍ഡുകള്‍’ ലിജോ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Lijo Jose Pellissery about Jallikattu’s oscar entry

We use cookies to give you the best possible experience. Learn more