മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് തമിഴ് അഭിനേത്രിയും സംവിധായകയുമായ ലീന മണിമേഖല. മലയാളം, തമിഴ് സിനിമകളുടെ വിസ്മയങ്ങളിലൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമെന്നും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ വന്ന് തമിഴും മലയാളവും സംസാരിക്കുന്നത് കണ്ട് താന്‍ സ്തംഭിച്ച് പോയെന്നും ലീന പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയോട് അസൂയ ഉണ്ടെന്നും തന്നെ പ്രചോദിപ്പിച്ചതിന് നന്ദിയുണ്ടെന്നും ലീന മണിമേഖല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലീന ചിത്രത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചത്.
”മലയാളം, തമിഴ് സിനിമയുടെ വിസ്മയങ്ങളിലൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ കഥാപാത്രങ്ങള്‍ വന്ന് സ്‌ക്രീനില്‍ തമിഴും മലയാളവും സംസാരിക്കുന്നത് കണ്ട് ഞാന്‍ സ്തംഭിച്ചുപോയി.
പ്രകാശവും ശബ്ദവും യാഥാര്‍ത്ഥ്യത്തോടും മിഥ്യയോടും കളിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് വളരെ ആകര്‍ഷകമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി നിങ്ങളോട് അസൂയയുണ്ട്. നിങ്ങളുടെ സൃഷ്ടികളിലൂടെ അതുല്യതയില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രചോദിപ്പിച്ചതിന് നന്ദിയും സ്‌നേഹവും,” ലീന മണിമേഖല പറഞ്ഞു.
മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. എല്‍.ജെ.പിയുടെ കഥക്ക് എസ്.ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.
CONTENT HIGHLIGHT: DIRECTOR LEENA MANIMEGALA ABOUT NANPAKAL NERATHU MAYAKKAM