| Monday, 13th February 2023, 11:49 pm

വിശ്വനാഥന്മാര്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ ചില പൊതുബോധങ്ങള്‍ മാറണം: ലീല സന്തോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: പൊതുബോധത്തിന്റെ ചിന്താഗതി മാറിയാലെ ആദിവാസികളോടുള്ള മനോഗതിയില്‍ മാറ്റം വരികയുള്ളുവെന്ന് സംവിധായിക ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ പ്രതകരിക്കുകയായിരുന്നു അവര്‍.

വശ്വാനാഥന്മാര്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ പൊതുബോധത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും ലീല സന്തോഷ് പറഞ്ഞു.

‘പൊതുബോധം എന്നത് വെളുത്ത് തുടുത്ത മുഖവും, വടിവൊത്ത ശരീരവും, ബ്രാന്‍ഡഡ് വസ്ത്രങ്ങളും അണിഞ്ഞ് നടക്കുന്നവരാണ് മാന്യരും ബുദ്ധി ഉള്ളവരും എന്നാണ്. അങ്ങനെയുള്ള പൊതുബോധത്തോട് ഒരാദിവാസി എന്ന നിലയില്‍. ഒരാദിവാസിയുടെ നിറം കറുത്തതാണ്. ചുരുണ്ട് എണ്ണമയമില്ലാത്ത മുടിയാണ്. പരന്ന മൂക്കാണ്. തടിച്ച ചുണ്ടുകളാണ്.

വരണ്ടുണങ്ങിയ തൊലിയാണ്. പഴകിയ ബ്രാന്‍ഡഡ് അല്ലാത്ത വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. അത് തന്നെയാണ് ആദിവാസി. വെയ്‌ലത്തും മഴയത്തും കാറ്റത്തുമെല്ലാം ഇറങ്ങി പണി എടുത്തിട്ട് തന്നെയാണ് ഒരാദിവാസി ജീവിക്കുന്നത്. വശ്വാനാഥന്മാര്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ ആദിവാസിയുടെ തൊലി നിറമല്ല മാറേണ്ടത്. പൊതുബോധത്തിന്റെ ചിന്താഗതിയാണ് മാറേണ്ടത്,’ ലീല സന്തോഷ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് കഴിഞ്ഞ ദിവസം വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു വിശ്വനാഥന്‍. വാര്‍ഡിന് പുറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥന്‍ മോഷണം നടത്തിയെന്ന ആരോപണവുമായി ചിലര്‍ എത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. എന്നാല്‍ വിശ്വനാഥനെ കാണാനില്ലെന്ന് രണ്ട് ദിവസം മുമ്പേ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.

ആശുപത്രിക്ക് സമീപമുള്ള 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വെള്ളിയാഴ്ച വിശ്വനാഥനെ കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlight: Director Leela Santosh says that if the mindset of the public changes, the attitude towards the tribals will change

We use cookies to give you the best possible experience. Learn more