മീ ടു വിവാദവുമായി ബന്ധപ്പെട്ട് നടന്‍ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്. കഴിഞ്ഞ ദിവസം ചില മാധ്യമപ്രവര്‍ത്തകര്‍ വിരല്‍ചൂണ്ടി വിനായകനോട് കയര്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ലീല സന്തോഷിന്റെ വിമര്‍ശനം.
‘ഈ ചൂണ്ടുവിരലുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഒരു ആക്രോശമായിട്ട് മാത്രമേ കാണാനാവൂ,’ എന്നാണ് ലീല സന്തോഷ് ഫേസ്ബുക്കില്‍ എഴുതിയത്.
പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍വെച്ചായിരുന്നു വിനായകനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനപരമായി പെരുമാറിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ലീല സന്തോഷ് രംഗത്തെത്തിയത്.
മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പൃഥ്വിരാജിനോടും സൗന്ദര്യത്തെക്കുറിച്ച് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിനായകനോട് മാത്രമാണ് രാഷ്ട്രീയം ചോദിക്കാന്‍ ധൈര്യപ്പെടുന്നതെന്ന് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.
വിനായകനോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജാതീയതയും വംശവെറിയുമാണെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. വിനായകനെ പ്രകോപിപ്പിക്കുന്ന തലത്തിലുള്ള ടോണിലാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കുന്നതെന്നും വിമര്‍ശിക്കുന്നവരുണ്ട്.
പന്ത്രണ്ട് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ മീടു മൂവെമെന്റ്, കഞ്ചാവ് അടിക്കാറുണ്ടോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് വിനായകന് നേരിടേണ്ടിവന്നത്.
കഞ്ചാവ് അടിച്ചിട്ടാണോ പ്രസ് മീറ്റില്‍വന്നത് എന്ന ചോദ്യത്തിന്, ‘എന്നാല്‍ നിങ്ങളും കഞ്ചാവടിച്ച് വന്നൂടെ’ എന്നാണ് വിനായകന്‍ മറുപടി നല്‍കിയത്.
CONTENT HIGHLIGHTS: Director Leela Santhosh reacts to the controversy between actor Vinayakan and the medias