ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെ; ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സ്വാതന്ത്ര്യം; അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല; ആദിവാസി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ ലീല സന്തോഷ്
Kerala News
ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെ; ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സ്വാതന്ത്ര്യം; അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല; ആദിവാസി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ ലീല സന്തോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 4:47 pm

 

കല്‍പ്പറ്റ: വയനാട് വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ലെന്നും ലീല സന്തോഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതകരണം.

രാജസ്ഥാനില്‍ കുടിവെള്ളം നിക്ഷേധിച്ച് ഒരു പിഞ്ചുകുഞ്ഞിനെ കൊന്നുകളഞ്ഞ ചൂടാറും മുമ്പാണ് ഇവിടെ വയനാട്ടില്‍ സ്വാതന്ത്ര്യദിനത്തില്‍ അയല്‍ക്കാരന്റെ മര്‍ദ്ദനത്താല്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതെന്ന് ലീല പറഞ്ഞു. മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന നെയ്ക്കുപ്പ കോളനിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ലീല സന്തോഷിന്റെ പ്രതികരണം.

ലീല സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനില്‍ കുടിവെള്ളം നിക്ഷേധിച്ച് ഒരു പിഞ്ചുകുഞ്ഞിനെ കൊന്നുകളഞ്ഞ സംഭവം ചൂടാറും മുമ്പ്, ഇവിടെ വയനാട്ടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അയല്‍ക്കാരന്റെ മര്‍ദ്ദനത്താല്‍ പരിക്കേറ്റ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ജീവിക്കുന്ന ഇടം. അവരില്‍ രണ്ടുതവണ ബൈപാസ് സെര്‍ജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു. തല്ലുകൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാന്‍ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവന്‍ പറഞ്ഞു.

നരസി പുഴയും കോളനി ഭിത്തിയും ഏകദേശം മൂന്നോ നാലോ മീറ്റര്‍ ദൂരം മാത്രം. കോളനിക്ക് മുന്നിലോ, രണ്ട് മീറ്റര്‍ ദൂരത്തില്‍ അയല്‍ക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ മാത്രമല്ല, നെല്‍കൃഷി ആരംഭിച്ചാല്‍ മുതിര്‍ന്നവര്‍ക്ക് കൂടി നടക്കാന്‍ വഴിയില്ലാതാവും. ഈ ഒന്നര മീറ്റര്‍ വീതിയുള്ള മുറ്റത്താണ് വര്‍ഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചുവളര്‍ന്നത്.

കളിക്കാന്‍ ഇടം തേടി കുഞ്ഞുങ്ങള്‍ വയലുകളിലിറങ്ങിയാല്‍ ചാട്ടവാറുമായി അയല്‍ക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്. കഴിഞ്ഞ വര്‍ഷം ഒരമ്മ ആ കാട്ടില്‍ വെച്ചാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഴക്കാലം പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികള്‍(രോഗികളും വയസായവരും അടക്കം) നടവയല്‍ സ്‌കൂളിലേക്ക് അഭയാര്‍ഥികളായി മാറ്റപ്പെടും.

സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.

കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തി, തോട്ടിലെ മീന്‍ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇതുസംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം ഗോത്രങ്ങള്‍ക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.

കയ്യില്‍ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുംമുമ്പ്, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടിതരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.

CONTENT HIGHLIGHTS: Director Leela Santhosh reacts to the brutal beating of tribal students who were playing in the Wayanad fields