| Friday, 13th October 2023, 4:26 pm

ലാലേട്ടനൊപ്പം അഭിനയിച്ചെങ്കിലും സിനിമ റിലീസായപ്പോള്‍ ആ സീനൊഴിവാക്കി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോട്ടോഗ്രാഫറായി ചെന്നിട്ട് ഒടുവിൽ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച അനുഭവം പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
പത്മരാജൻ ഒരുക്കിയ മോഹൻലാൽ ചിത്രം തൂവാനത്തുമ്പികളിൽ തനിക്ക് അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് പറയുകയാണ് ലാൽ ജോസ്.

‘സീനിൽ ഒരുപാട് പേർ ക്രോസ്സ് ചെയ്തു പോകുന്നുണ്ട്. പക്ഷേ ലാലേട്ടൻ എന്റെ തോളത്ത് കൈ വെച്ചിട്ടാണ് ആരെയോ നോക്കുന്ന പോലെ അഭിനയിക്കുന്നത്’ ലാൽ ജോസ് പറയുന്നു.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിലൂടെയാണ് ലാൽജോസ് തന്റെ ഓർമ്മകൾ പങ്കുവെച്ചത്.

‘എന്റെ കോളേജ് പഠനത്തിന്റെ അവസാന സമയത്താണ് ഒറ്റപ്പാലത്ത് വെച്ച് പത്മരാജൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഞാൻ വർക്ക് ചെയ്യുന്ന കേരള കൗമുദിയിലെ ഉമ്മറിക്ക എന്നോടും എന്റെ സുഹൃത്ത് കാസിമിനോടും സിനിമയുടെ ഷൂട്ടിങ്‌ സെറ്റിൽ ചെന്ന് താരങ്ങളുടെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാനും കാസിമും കൂടെ ഫോട്ടോയെടുക്കാനായി സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലോട്ട് പോയിരുന്നു.

ഷൂട്ടിംഗ് ആദ്യമായി വളരെ അടുത്തു നിന്ന് കാണുന്നത് അന്നായിരുന്നു. പത്മരാജൻ സാറോട് സംസാരിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. സാറിനോട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് ലാലേട്ടന്റെ ഒരു ഷോട്ടാണ് എടുത്തുകൊണ്ടിരിക്കുന്നതെന്ന്. ലാലേട്ടൻ പ്ലാറ്റ്ഫോമിലൂടെ ആരെയോ അന്വേഷിച്ചു നടക്കുന്ന ഷോട്ട് ആണത്.

അപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടർ എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ക്യാമറ ബാഗും തൂക്കി നിൽക്കുന്ന എന്നെ കണ്ടിട്ട് അയാൾ ചോദിച്ചു ‘ മിസ്റ്റർ, ലാലേട്ടൻ ഇങ്ങോട്ട് നടന്നു വരുമ്പോൾ നിങ്ങൾക്കൊന്നും അങ്ങോട്ട് പോകാമോ?’ എന്റെ കയ്യിൽ ബാഗ് ഉള്ളതുകൊണ്ട് എന്നെയൊരു യാത്രക്കാരനാക്കാം എന്ന് അയാൾക്ക് തോന്നിക്കാണും. ഞാൻ ഓക്കെ പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി. ഷൂട്ട്‌ കാണാൻ വന്നിട്ട് ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുന്നു.

സീനിൽ ഒരുപാട് പേർ ക്രോസ്സ് ചെയ്തു പോകുന്നുണ്ട്. പക്ഷേ ലാലേട്ടൻ എന്റെ തോളത്ത് കൈ വെച്ചിട്ടാണ് ആരെയോ നോക്കുന്ന പോലെ അഭിനയിക്കുന്നത്. ഞാൻ അടിമുടി കോരിത്തരിച്ചുപോയി. വളരെ ഹാപ്പിയായ ഞാൻ വീട്ടിൽ വന്നിട്ട് എന്റെ എല്ലാ ബന്ധുക്കൾക്കും ഈ കാര്യവും പറഞ്ഞ് കത്തുകൾ എഴുതാൻ തുടങ്ങി. കത്തിൽ ഞാൻ എന്റെ ഷർട്ടിന്റെ കളറെല്ലാം എഴുതിയിരുന്നു.

പിന്നീട് സിനിമ റിലീസ് ആയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ സീൻ വെറുമൊരു റിസേഴ്സൽ ആയിരുന്നുവെന്ന്. ശരിക്കുമുള്ള ഷോട്ടിൽ ട്രെയിനുണ്ട്. ഞാൻ അഭിനയിച്ചിരുന്നപ്പോൾ ട്രെയിൻ ഇല്ലായിരുന്നു.

പിന്നീട് വർഷങ്ങൾക്കുശേഷം ഞാൻ സിനിമയിൽ തന്നെ എത്തി. സംവിധായകനായതിനുശേഷം ഒരിക്കൽ ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വെച്ച് ചന്ദ്രനുദിക്കുന്ന ദിക്കിന്റെ ചർച്ചകൾ ബാബു ജനാർദ്ദനുമായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് അങ്ങോട്ട് ബ്ലെസി വരുന്നത്. ബ്ലെസിയോട് ഞാൻ ചോദിച്ചു എന്താണ് ഇത്രയായിട്ടും സിനിമ സംവിധാനം ചെയ്യാത്തതെന്ന്. അപ്പോൾ ബ്ലെസ്സി പ്ലാനിങ് നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ‘ എന്നാ വേഗം ചെയ്യാൻ നോക്കിക്കോ. നിങ്ങൾ സിനിമയിൽ അഭിനയിപ്പിച്ച ഒരു ജൂനിയർ ആർട്ടിസ്റ്റ് ഇവിടെ സംവിധായകനായി കഴിഞ്ഞു’ വെന്ന്.

പക്ഷേ കാര്യം മനസ്സിലാവാതെ ബ്ലെസി അതാരാണ് എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ഞാൻ പറഞ്ഞു, ഞാനാണത്. അന്ന് തൂവാനത്തുമ്പികളിൽ എന്നെ അഭിനയിപ്പിച്ചത് ബ്ലെസിയായിരുന്നു. ബ്ലെസി ആദ്യമായി സഹ സംവിധായകനായി കയറിയ ചിത്രമായിരുന്നു അത്.

നീ ഇനിയും സിനിമ ചെയ്തില്ലെങ്കിൽ അത് നാണക്കേടാണ്, നാട്ടുകാരോട് മൊത്തം ഈ കഥ പറയും എന്ന് ഞാൻ പറഞ്ഞു. ബ്ലെസി ഉടനെ തന്നെ സിനിമ ചെയ്യുമെന്നും ഈ കഥ ആരോടും പറയരുത് അത് നാണക്കേടാണെന്നും എന്നോട് പറഞ്ഞു. ആരോടും പറയില്ല എന്ന് ഞാനന്ന് ബ്ലെസിക്ക് വാക്ക് നൽകിയതാണ്. അതിപ്പോൾ തെറ്റിക്കുകയാണ്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight : Director Laljose Talk About His Deleted Scene In Thoovanathumbikal  Film

We use cookies to give you the best possible experience. Learn more