| Saturday, 23rd September 2023, 9:43 am

മൈക്കിള്‍ ജാക്സന്റെ രൂപസാദൃശ്യമുള്ള അയാള്‍ ഡാന്‍സ് ചെയ്ത് തകര്‍ക്കുകയാണ്, പേര് വിനായകന്‍; മാന്ത്രികത്തിലേക്കുള്ള എന്‍ട്രിയെ കുറിച്ച് ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന സിനിമയിലേക്ക് നടന്‍ വിനായകനെ കൊണ്ടുവന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

മാന്ത്രികത്തില്‍ ജിപ്സി ഗ്രൂപ്പിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരെ ആവശ്യമായി വന്നുവെന്നും മദ്രാസിലേക്ക് പോകുന്നതിന്റെ തലേദിവസം എറണാകുളത്തെ ഒരു പാര്‍ട്ടിയില്‍ വെച്ച് താന്‍ കണ്ട മൈക്കിള്‍ ജാക്സന്റെ രൂപസാദൃശ്യമുള്ള ചെറുപ്പക്കാരനെ ആ റോളിലേക്ക് നിര്‍ദേശിച്ചെന്നും അത് വിനായകനായിരുന്നുവെന്നുമാണ് ലാല്‍ജോസ് പറയുന്നത്.

‘ മാന്ത്രികം എന്ന സിനിമയിലൂടെ എനിക്കൊരു പുതിയ ലോകം തുറന്നുകിട്ടുകയായിരുന്നു. ചിത്രത്തിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് ഞാന്‍ മദ്രാസിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് വന്നു. പിറ്റേ ദിവസം പുലര്‍ച്ചെയാണ് ട്രെയിന്‍. എറണാകുളം വന്നാല്‍ ഞാന്‍ എന്റെ സുഹൃത്തായ സുധീഷിന്റെ ഫ്‌ളാറ്റിലാണ് നില്‍ക്കാറുള്ളത്.

അന്ന് മദ്രാസില്‍ പോകുന്നത് വഴി വൈകുനേരം 5 മണിക്ക് എറണാകുളത്ത് എത്തി. അന്ന് കൊച്ചിന്‍ ടവറില്‍ സുധീഷിന്റെ ഫ്രണ്ടിന്റെ ബാച്ചിലര്‍ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. സുധീഷ് എന്നെ അങ്ങോട്ട് വിളിച്ചു. പാര്‍ട്ടി കഴിഞ്ഞ് ട്രെയ്ന്‍ കയറാമെന്ന് പറഞ്ഞു. ആ പാര്‍ട്ടിയില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു. അവിടെ മൈക്കിള്‍ ജാക്‌സന്‍ സ്റ്റൈലില്‍ ഒരു ചെറുപ്പകാരനെ ഞാന്‍ പെട്ടെന്നു കണ്ടു.

അതെ സ്റ്റൈലില്‍ ഡ്രസ്സ് ചെയ്യ്തിരിക്കുന്നു, മൈക്കിള്‍ ജാക്‌സന്റെ മുടി പോലെ പോണി ടൈലും എല്ലാമായി നില്‍ക്കുന്നു. ബ്ലാക്ക് ആണെന്നാണ് ആദ്യത്തെ നോട്ടത്തില്‍ നമുക്ക് തോന്നുക. മലയാളിയാണെന്ന് പറയില്ല. മൈക്കിള്‍ ജാക്‌സന്റെ ഭയങ്കര രൂപസാദൃശ്യമുള്ള ഒരാള്‍. അതേപോലുള്ള തൊപ്പിവെച്ചിട്ട് മൈക്കിള്‍ ജാക്‌സന്റെ പോലെ മുടിയൊക്കെ ഫ്രണ്ടിലേക്കിട്ടുള്ള ഒരു ചെറുപ്പക്കാരന്‍.

വിനായകന്‍ എന്നാണ് അയാളുടെ പേര് എന്ന് ഞാന്‍ മനസിലാക്കി. അദ്ദേഹം ആ പാര്‍ട്ടിയില്‍ മൈക്കിള്‍ ജാക്‌സന്റെ ത്രില്ലറിലെ പാട്ടൊക്കെ വെച്ചിട്ട് മൈക്കിള്‍ ജാക്സനെ പോലെ തന്നെ പെര്‍ഫോം ചെയ്യുകയാണ്.

ആ നൈറ്റ് നല്ല ഗംഭീരമായിരുന്നു. ഇത് ആരാ കക്ഷി എന്നെല്ലാം ഞാന്‍ സുധീഷിനോട് ചോദിച്ചു. ഇവിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ അടുത്തുള്ള റെയില്‍വേയുടെ അപ്പുറത്താണ് വീടെന്നും മഹാരാജാസ് കോളജില്‍ പഠിച്ചിട്ടൊന്നുമില്ലെങ്കിലും അവിടെ ഒരുപാട് സുഹൃത്തുകളുള്ള, ഒരുപാട് സൗഹൃദവലയങ്ങളുള്ള ഒരു ചെറുപ്പക്കാരനാണെന്നും സുധീഷ് പറഞ്ഞു. ഭയങ്കര ഡാന്‍സറാണെന്നും അറിഞ്ഞു. പിന്നെ ഞാന്‍ മദ്രാസിലേക്ക് പോയി.

അവിടെ എത്തിയപ്പോള്‍ തിരക്കഥയുടെ റഫ് എനിക്ക് തന്നു. അത് ഞാന്‍ വായിച്ചു. അതില്‍ കുറച്ച് ജിപ്‌സി ഗ്രൂപ്പുണ്ട്. അതിലേക്ക് വേണ്ട ആളുകളെ സെലക്റ്റ് ചെയ്യുകയാണ് അന്ന് ഉച്ചയ്ക്ക് ശേഷം. മദ്രാസിലുള്ള ജൂനിയര്‍ ആര്‍ടിസ്റ്റുകളെ കൊണ്ട് വന്ന് അതില്‍ നിന്ന് ഗ്രൂപ്പിലേക്ക് പറ്റിയ ആളുകളെ സെലക്ട് ചെയ്യുകയാണ്.

തിരഞ്ഞെടുക്കുന്നതെല്ലാം നമ്മള്‍ സാധാരണ കാണുന്ന ജഡ്ജിയും വക്കീലും ഡോക്ടറായിട്ടുമെല്ലാം സ്ഥിരം കാണുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ്.

ജിപ്സ്സി ഗ്രൂപ്പിലുണ്ടാവുന്ന വ്യത്യസ്ത മുഖമുള്ള ആരുമില്ല ഇതില്‍ നിന്ന് എന്ന് ഞാന്‍ പറഞ്ഞു. ഇവിടെയുള്ളത് ഇവരൊക്കെയാണെന്നും ഇതേ കിട്ടുള്ളൂ എന്ന് തമ്പി സാറും പറഞ്ഞു. ഇന്നലെ ഞാന്‍ കൊച്ചിയില്‍ ഒരാളെ കണ്ടിരുന്നു. ഭയങ്കര വ്യത്യസ്തമായ മുഖമുള്ള ഒരാളാണ്. സാമ്പത്തികമായി എങ്ങനെ എന്നൊന്നും അറിയില്ല. ബുദ്ധിമുട്ടില്ലെങ്കില്‍ നമ്മള്‍ ടിക്കറ്റ് എടുത്തു കൊടുത്താല്‍ വരുമായിരിക്കും. കണ്ടാല്‍ ചിലപ്പോള്‍ ഇഷ്ടമാവും എന്നും പറഞ്ഞു.

എന്നാല്‍ വരാന്‍ പറ എന്നായി അദ്ദേഹം. അങ്ങനെ ഞാന്‍ അപ്പോള്‍ തന്നെ സുധീഷിനെ വിളിച്ചു. എവിടുന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിച്ച് ഇന്ന് വൈകീട്ടത്തെ ട്രെയിനിന് കയറ്റിവിടണമെന്നും ചിലപ്പോള്‍ അയാളുടെ സമയം തന്നെ മാറുമെന്നും നല്ല അവസരമാണെന്നും പറഞ്ഞു.

അന്ന് സുധീഷ് വിനായകനെ മഹാരാജാസില്‍ ചെന്ന് കണ്ടുപിടിച്ച് വൈകീട്ടത്തെ ട്രെയിനില്‍ മദ്രാസിലേക്ക് വിട്ടു. വിനായകനെ കണ്ട ഉടനെ തന്നെ തമ്പിസാറിന് ഇഷ്ടമായി.

മാന്ത്രികത്തില്‍ മൈക്കില്‍ ജാക്‌സണ്‍ എന്ന പേരില്‍ തന്നെ ജിപ്‌സി ഗ്രൂപ്പിലെ ഒരു ഡാന്‍സറായിട്ട് കാസ്റ്റ് ചെയ്തു. ആ സിനിമ റിലീസ് ചെയ്തതിന് ശേഷം ഈ നടന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെ ചോദിച്ച് മത്സരമൊക്കെ നടത്തുകയുണ്ടായി. അതോടെ വിനായകന്‍ എറണാകുളതെല്ലാം പോപ്പുലറായി’, ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director Laljose about Vinayakan Entry on Manthrikam Movie

We use cookies to give you the best possible experience. Learn more