| Wednesday, 4th October 2023, 2:01 pm

എല്‍സമ്മ എന്ന ആണ്‍കുട്ടി കൊണ്ട് തനിക്കൊരു ഗുണവുമുണ്ടാവില്ലെന്ന് ഇന്ദ്രജിത്ത്; നിങ്ങള്‍ക്ക് ഗുണമുണ്ടാക്കാനല്ല ചെയ്തതെന്ന് ഞാനും പറഞ്ഞു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമകൊണ്ട് തനിക്കൊരു ഗുണവും ഇല്ലെന്ന് വിളിച്ചു പറഞ്ഞ നടനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ അഭിനയിച്ചവര്‍ അവര്‍ക്ക് സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ അവസ്ഥവരെയുണ്ടായിട്ടുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ പറ്റാതെപ്പോയതിനെക്കുറിച്ചും സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് സംസാരിക്കുന്നുണ്ട്.

‘എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഇന്ദ്രജിത്തിനും ചാക്കോച്ചനുമാണ് പ്രധാന പുരുഷവേഷങ്ങള്‍ ചെയ്യുന്നത്. ആര്‍ക്കും ഒരു അപകര്‍ഷതാ ബോധം തോന്നേണ്ട എന്ന് കരുതി രണ്ടുപേര്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുത്താണ് പോസ്റ്ററെല്ലാം ഒരുക്കിയത്.

ചാക്കോച്ചന്റെ സിംഗിള്‍ പോസ്റ്റര്‍ ഒരുക്കുമ്പോള്‍ കൂടെ ഇന്ദ്രന്റെയും പോസ്റ്ററുണ്ടാകും. അങ്ങനെയൊക്കെ ചെയ്ത ഒരു സിനിമയാണ്. സിനിമ നല്ല വിജയമായിരുന്നു അതിന്റെ സന്തോഷത്തിലിരിക്കുമ്പോള്‍ ഇന്ദ്രജിത്ത് വിളിച്ചു പറഞ്ഞു, ചേട്ടാ ഈ സിനിമകൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ലെന്ന്. ചാക്കോച്ചനും ആന്‍ അഗസ്റ്റിനുമെല്ലാം പ്രയോജനമുണ്ടാകും, പക്ഷെ എനിക്ക് യാതൊരു ഗുണവുമില്ലെന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്.

നിനക്ക് ഗുണം ഉണ്ടാവാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്തതെന്നും ഈ സിനിമക്കും നിര്‍മ്മാതാവിനും ഗുണം ഉണ്ടാവണം എന്ന് കരുതിയുമാണ് ചെയ്തതെന്നും അത് ലക്ഷ്യത്തിലെത്തിയെന്നും ഞാന്‍ പറഞ്ഞു. നിനക്ക് ഗുണം ഇല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നും പറഞ്ഞു.

എനിക്കറിയില്ല സിനിമയിലും പരസ്യത്തിലും ഇന്ദ്രജിത്തിനും ചാക്കോച്ചനും ഒരേ പ്രാധാന്യം കൊടുത്തിട്ടുണ്ട്. രണ്ടുപേര്‍ക്കും പാട്ടും നല്ലൊരു അവസാനവും സിനിമയിലുണ്ട്.

‘റിലീസ് തിയതിക്ക് ഇരുപത് ദിവസം ബാക്കിയായപ്പോഴാണ് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞത്. അങ്ങനെ എഡിറ്റിങ്ങെല്ലാം കഴിഞ്ഞ് റിലീസിന്റെ തലേദിവസം തിരുവന്തപുരത്തെ ഒരു തിയേറ്ററില്‍ ടെക്‌നീഷ്യന്‍സിനും ആര്‍ട്ടിസ്റ്റുകള്‍ക്കും മാത്രം കാണാനായി സിനിമ പ്രദര്‍ശിപ്പിച്ചു.

ആ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അതില്‍ അഭിനയിച്ചവര്‍ തന്നെ വന്ന് പറഞ്ഞു അവര്‍ക്ക് ഇഷ്ടമായില്ലെന്ന്. അടുത്ത ദിവസം സിനിമ റിലീസാണ് എല്ലാവരും അതിന്റെ ടെന്‍ഷനിലാണ്. സാരമില്ല നിങ്ങള്‍ക്ക് ഇഷ്ടമാവുന്ന ഒരു ടൈപ്പ് സിനിമയാവില്ല എല്‍സമ്മ എന്ന ആണ്‍കുട്ടി, ഇഷ്ടപ്പെടുന്നവരുണ്ടാകും അവര്‍ കണ്ടാല്‍ മതിയെന്ന് ഞാനും പറഞ്ഞു. അങ്ങനെ സിനിമ വിജയിച്ചിട്ടും അനുഭവിക്കാന്‍ പറ്റാതെ പോയ സിനിമയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി’, ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director laljose about Indrajith and Elsamma enna aankutty movie

We use cookies to give you the best possible experience. Learn more