അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ പ്രാതാപ് പോത്തനെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. പ്രാതാപ് പോത്തനു പകരം ആദ്യം തീരുമാനിച്ചത് ബോളിവുഡ് നടനായ നസറുദീന്‍ ഷായെ ആയിരുന്നെന്നും എന്നാല്‍ അദ്ദേഹം മലയാളം അറിയാത്തതിനാല്‍ പിന്മാറിയെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരിയുടെ ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ വളരെ ടെന്‍ഷന്‍ വന്ന കാസ്റ്റിങ് പ്രതാപ് പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രമാണ്. കഥ പറയുന്ന സമയത്ത് ബോബിയും സഞ്ജയും പറഞ്ഞിരുന്നത് ബോളിവുഡിലെ നസറുദീന്‍ ഷാ എന്ന നടനെയാണ്. പിന്നെ ഞങ്ങളുടെ മനസില്‍ ആ കഥാപാത്രം നസറുദീന്‍ ഷാ ആയിമാറി.
അങ്ങനെ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ മലയാളം അറിയിലെന്നും, വേറെയൊരാള്‍ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നതില്‍ താത്പര്യമിലെന്നും പറഞ്ഞു. പിന്നെയും ഞങ്ങള്‍ സംസാരിച്ചു. കുറച്ച് ഇംഗ്ലീഷെല്ലാം കലര്‍ത്തിയിട്ടുള്ള ഡയലോഗുകള്‍ സംസാരിക്കാമെന്നൊക്കെ പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഒരു ആത്മവിശ്വാസം ഉണ്ടായില്ല. അദ്ദേഹം പിന്മാറി.
അതിനുശേഷം ആര് ആ കഥാപാത്രം ചെയ്യും എന്നത് വലിയ ചര്‍ച്ചയായി. അങ്ങനെയാണ് പ്രതാപ് പോത്തനെ കുറിച്ച് ആലോചിക്കുന്നത്. ഞാനായിരുന്നു അദ്ദേഹത്തിന്റെ പേര് സജസ്റ്റ് ചെയ്തത്.
അദ്ദേഹം 22 ഫീമെല്‍ കോട്ടയം എന്ന സിനിമയില്‍ റേപ്പിസ്റ്റിന്റെ കഥാപാത്രം ചെയ്തിട്ടുണ്ടെന്നും കൊടും വില്ലനായി അഭിനയിച്ചതാണ് എന്നും പറഞ്ഞ് എല്ലാവരും എന്റെ അഭിപ്രായത്തെ എതിര്‍ത്തു.
അങ്ങനെ സാമുവല്‍ എന്ന കഥാപാത്രത്തിന്റെ കാസ്റ്റിങ് നടക്കുന്നില്ല എന്നതു കൊണ്ട് മാത്രം സിനിമ വൈകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ പെട്ടന്നൊരു ദിവസം എല്ലാവരും വീണ്ടും പ്രാതാപ് പോത്തനെ തന്നെ വിളിക്കാമെന്ന തീരുമാനത്തില്‍ എത്തി.
അദ്ദേഹത്തിന് കുറച്ച് താടിയെല്ലാം വെച്ച് കഥാപാത്രത്തോട് അടുപ്പിക്കാമെന്ന് പറഞ്ഞ് അവസാനം ഞങ്ങള്‍ അദ്ദേഹത്തെ തീരുമാനിച്ചു. പിന്നെ സിനിമ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ടും ഗുണമായെന്ന് മനസിലായത്. ആ കഥാപാത്രം ആളുകളുടെ മനസില്‍ അത്രയും തങ്ങിനില്‍ക്കാന്‍ കാരണം അദ്ദേഹം അത് ചെയ്തതുകൊണ്ടു തന്നെയാണ്. മാത്രമല്ല ആളുകള്‍ അദ്ദേഹത്തെ യഥാര്‍ത്ഥ ഡോക്ടറായി തന്നെയാണ് സിനിമയിലുടനീളം കാണുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director Laljose about Ayalum Njanum Thammil movie and Prathap Pothen