ഡയലോഗ് തെറ്റിച്ചപ്പോള്‍ മദ്യപിച്ചതുകൊണ്ടാണെന്ന് കരുതി, പക്ഷേ കോഴിയെ നോക്കി അതിന്റെ പേര് ചോദിച്ചപ്പോള്‍ ഞെട്ടി: ലാല്‍ ജോസ്
Movie Day
ഡയലോഗ് തെറ്റിച്ചപ്പോള്‍ മദ്യപിച്ചതുകൊണ്ടാണെന്ന് കരുതി, പക്ഷേ കോഴിയെ നോക്കി അതിന്റെ പേര് ചോദിച്ചപ്പോള്‍ ഞെട്ടി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd September 2023, 10:20 am

 

മലയാളത്തിലെ പ്രമുഖനടനായ പ്രതാപചന്ദ്രന് ഷൂട്ടിങ്ങിനിടെ പെട്ടെന്നുണ്ടായ അസുഖത്തെ കുറിച്ചും അദ്ദേഹത്തെ ആ സിനിമയില്‍ നിന്ന് മാറ്റേണ്ടി വന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഭൂമിഗീതം എന്ന ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ജോസ് സംസാരിക്കുന്നത്.

‘ഭൂമിഗീതത്തിന്റെ ഷൂട്ടിങ് കുറച്ച് ഹെക്ടിക് ആയിരുന്നു. ഞങ്ങള്‍ തൃശൂരും ഷൊര്‍ണൂരുമായിട്ടാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്തത്. പുഴയുമായി ബന്ധപ്പെട്ട സീനെല്ലാം ഭാരപ്പുഴയിലാണ് ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ റോള്‍ ചെയ്തത് പ്രതാപചന്ദ്രനായിരുന്നു. പ്രതാപേട്ടന്‍ സിനിമകളിലും ജീവിതത്തിലും അത്യാവശ്യം മദ്യപിക്കുന്ന ഒരാളാണ്.

മദ്യപിച്ചാല്‍ വയറുചാടും എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ ഒരു മില്ലിമീറ്റര്‍ പോലും വയര്‍ ചാടാത്ത, വളരെ ഹാന്‍ഡ്‌സം ആയിട്ടുള്ള ആളായിരുന്നു അദ്ദേഹം. സുന്ദരനായിട്ടുള്ള, ആഢ്യത്തമുള്ള മനുഷ്യന്‍. ഭാരതപ്പുഴയില്‍ മുഖ്യമന്ത്രി വരികയും അവിടെ ആള്‍ക്കൂട്ടം അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടക്കുകയും ചെയ്ത സ്വീകന്‍സാണ് പിറ്റേ ദിവസം ചിത്രീകരിക്കുന്നത്.

രണ്ട് മൂന്ന് ദിവസം ചിത്രീകരിക്കേണ്ട ആയിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഉള്ള ചിലവേറിയ സീക്വന്‍സാണ് നടക്കുന്നത്. ആളുകളെ കണ്‍ട്രോള്‍ ചെയ്യുക തന്നെ ബുദ്ധിമുട്ടായിരുന്നു. കോസ്റ്റിയൂം ഡിപാര്‍ട്‌മെന്റ് ഞാനാണ് നോക്കുന്നത്. ഞാന്‍ പുഴയുടെ തീരത്തുള്ള ഒരു ചെറിയ വീട്ടിലാണ് മേക്കപ്പ് ചെയ്യാനുള്ള സെറ്റപ്പ് ഉണ്ടാക്കിയത്.

പ്രതാപേട്ടന് മേക്കപ്പ് ചെയ്യുമ്പോള്‍ എന്തോ ഒരു അപാകത എനിക്ക് തോന്നി. അദ്ദേഹത്തിന് ഞാന്‍ സീനില്‍ പറയാനുള്ള ഡയലോഗ് കൊണ്ടു കൊടുത്തു. നേരത്തെ തന്നെ കാണാപാഠം പഠിപ്പിക്കാന്‍ വേണ്ടിയിട്ടാണ് അത് ചെയ്യുന്നത്. അദ്ദേഹം മേക്കപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ഡയലോഗ് വായിച്ചു കൊടുത്തു.

എന്നാല്‍ പുള്ളി അത് റിപ്പീറ്റ് ചെയ്യുമ്പോള്‍ തന്നെ തെറ്റിച്ചാണ് പറയുന്നത്. സാധാരണത്തേതുപോലെ ഒരു വാചകത്തിനിടയില്‍ നിന്ന് വാക്ക് മിസ്സാവുകയൊന്നുമല്ല, ഈ പറയുന്ന വാചകം തന്നെ അതിന്റെ ഘടനയെ തന്നെ മാറ്റിക്കൊണ്ട് വിചിത്രമായ രീതിയില്‍ പുള്ളി പറയുകയാണ്. എന്തോ ഒരു കുഴപ്പമുണ്ടെന്ന് മനസിലായി.

തലേന്ന് രാത്രി കൂടുതല്‍ മദ്യപിച്ച് അതിന്റെ കെട്ടിറങ്ങാത്തതുകൊണ്ടായിരിക്കുമെന്നാണ് വിചാരിച്ചത്. സ്‌ക്രിപ്റ്റ് അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. പുള്ളി അത് നോക്കിയിട്ട് എനിക്ക് മനസിലാവില്ലെന്ന് പറഞ്ഞു. കണ്ണട വെക്കാഞ്ഞിട്ടാണെന്ന് കരുതി, ചേട്ടന് കണ്ണട വേണോ എന്ന് ചോദിച്ചപ്പോള്‍ കണ്ണടയോ അതെന്താണെന്ന് ചോദിച്ചു.

പെട്ടെന്ന് പുള്ളി ആ മുറിയുടെ ജനലിലേക്ക് നോക്കി. അവിടെ ഒരു കോഴി വന്ന് നില്‍ക്കുന്നുണ്ട്. അതിനെ നോക്കി എന്നോട് അതിന്റെ പേരെന്താണെന്ന് ചോദിച്ചു. അപ്പോള്‍ എനിക്ക് വല്ലാത്ത പന്തികേട് തോന്നി. പിന്നെ പുള്ളി ഞാന്‍ പറഞ്ഞുകൊടുക്കുന്നത് കുഴപ്പമില്ലാതെ റിപ്പീറ്റ് ചെയ്തു തുടങ്ങി. അങ്ങനെ ഞങ്ങള്‍ മേക്കപ്പെല്ലാം കഴിഞ്ഞ് പുഴതീരത്തേക്ക് പോയി.

പ്രതാപേട്ടന്‍ പരസ്പര ബന്ധമില്ലാതെ ഇടയ്ക്ക് ചിലത് പറയുന്നുണ്ടെന്ന് ഞാന്‍ കമല്‍സാറിനോട് പറഞ്ഞു. തലേദിവസം മദ്യപിച്ചത് അധികമായിട്ടുണ്ടാകുമെന്നും കമല്‍സാറും പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങി ആക്ഷന്‍ പറഞ്ഞ് പ്രോംപ്റ്റ് ചെയ്തപ്പോള്‍ പ്രതാപേട്ടന്‍ ജിബ്രിഷില്‍ സംസാരിക്കാന്‍ തുടങ്ങി. മറുഭാഷയാണ് പറയുന്നത്.

ആര്‍ക്കും ഒന്നും മനസിലായില്ല. ആദ്യം കമല്‍ സാര്‍ ദേഷ്യപ്പെട്ടു നോക്കി. സോറി സോറി എന്ന് പറഞ്ഞ് വീണ്ടും പറഞ്ഞപ്പോള്‍ വേറേ ഏതൊക്കെയോ ഭാഷ. പന്തികേട് മനസിലായി അപ്പോള്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഇല്ലാത്ത ചില ഷോട്ടുകള്‍ എടുത്ത് പിരിഞ്ഞു.

വൈകീട്ടായപ്പോഴേക്കും ആരോ വന്ന് പറഞ്ഞു പുള്ളിയെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയെന്നും ന്യൂറോട്ടിക് ആയിട്ടുള്ള പ്രശ്‌നമാണെന്നും ഗുരുതരമാണെന്നും മാസങ്ങളോളം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും.

നമുക്കാണെങ്കില്‍ സമയവുമില്ല. കമല്‍സാര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോഴും ഉടനൊന്നും ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. പകരം ഒരാളെ വെക്കാന്‍ തീരുമാനിച്ചു. സി.എ പോളേട്ടന്‍ ഫ്രീ ആണോ എന്ന് അന്വേഷിച്ചു. അദ്ദേഹത്തെ ഫിക്‌സ് ചെയ്തു. അന്ന് തന്നെ അദ്ദേഹം വന്ന് ആ റോള്‍ അഭിനയിച്ചു.

എന്നാല്‍ പിറ്റേ ദിവസം തന്നെ പ്രതാപേട്ടന്റെ ആരോഗ്യം ശരിയായി. എന്തോ ഒരു തകരാറ് ബ്രെയിനിന്റെ ഇടതുവശത്തായി വന്നതാണ്. കുറച്ച് ആല്‍ക്കഹോളിസം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമൊക്കെ വരാമെന്ന് അറിഞ്ഞു. അത് ഒരു ദിവസത്തെ റെസ്റ്റും സലൈനുമൊക്കെ കൊടുത്തപ്പോള്‍ ശരിയായതാണ്.

പിന്നെ പ്രതാപട്ടേന്റെ ഒരു വരവുണ്ട് സെറ്റിലേക്ക്. എന്നാലും എന്റെ കമലേ ഒരു ദിവസം എനിക്ക് വേണ്ടി കാത്തുനില്‍ക്കാന്‍ നിങ്ങള്‍ക്കായില്ലല്ലോ എന്ന് ചോദിച്ചു. കമല്‍ സാര്‍ നിസ്സഹായനായി നില്‍ക്കുകയാണ്. പിന്നെ എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ചു,’ ലാല്‍ജോസ് പറഞ്ഞു.

Content Highlight: Director Laljose about an Incident on Bhoomigheetham movie shoot