| Thursday, 21st September 2023, 1:44 pm

'ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് അറിയാം, വേറെ വഴിയില്ല'; ഒരു കുറിപ്പെഴുതിവെച്ച് മുരളിചേട്ടന്‍ പോയി: ലാല്‍ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചമ്പക്കുളം തച്ചന്‍ എന്ന സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലാല്‍ ജോസ്. മധു, മുരളി, വിനീത്, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, മോനിഷ, രംഭ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ ആരോടും പറയാതെ മുരളി സെറ്റില്‍ നിന്ന് പോയ സംഭവത്തെ കുറിച്ചാണ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് സംസാരിക്കുന്നത്.

‘ മുരളിച്ചേട്ടന്റെ കാര്യം ആലോചിക്കുമ്പോള്‍ ഇപ്പോഴും മറക്കാനാകാത്ത ഒരു സംഭവമുണ്ട്. ചമ്പക്കുളം തച്ചന്‍ നടക്കുമ്പോള്‍ തന്നെ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ആര്‍ദ്രം എന്ന് പറയുന്ന സിനിമയുടെ ഷൂട്ടിങ്ങും ആലപ്പുഴയില്‍ നടക്കുന്നുണ്ടായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹസാഗരം എന്ന സിനിമയും നടക്കുന്നുണ്ട്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞതാണ്. ഡബ്ബിങ് മദ്രാസില്‍ നടക്കുകയാണ്. ആ ചിത്രത്തില്‍ മുരളിച്ചേട്ടനുണ്ട്.

അതിന്റെ ഡബ്ബിങ്ങിന് പോകണമെന്ന് മുരളിച്ചേട്ടന്‍ ഇടയ്ക്കിടക്ക് വന്ന് കമല്‍സാറിനോട് പറയുന്നുണ്ട്. എന്നാല്‍ സാറിന് വിടാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം വേണുച്ചേട്ടന്റേയും മുരളി ചേട്ടന്റേയും ഡേറ്റ് ഒരുമിച്ച് കിട്ടിയിട്ടുള്ള സമയമാണ്. ക്ലൈമാക്‌സിന് മുന്‍പുള്ള ഒരു ഫൈറ്റ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കഴിയാതെ പോകാന്‍ പറ്റില്ല. നാളെ പോകാമെന്ന് സാര്‍ പറയുന്നുണ്ട്. ഇന്ന് പോയേ പറ്റൂവെന്ന് മുരളിചേട്ടനും.

അങ്ങനെ അവര്‍ തമ്മില്‍ ഒരു തര്‍ക്കം നില്‍ക്കുന്നുണ്ട്. പരസ്പരം സംസാരിക്കാത്ത അവസ്ഥയൊക്കെയുണ്ട്. അവിടെയുള്ള ഏക്കറ് കണക്കിന് പാടത്തും തോട്ടിലുമൊക്കെയായാണ് ഫൈറ്റ് രംഗം ചിത്രീകരിക്കുന്നത്. അതിലൂടെയുള്ള ഓട്ടവും മുരളി ചേട്ടന്‍ വേണുചേട്ടനെ വെട്ടുകത്തികൊണ്ട് വെട്ടാന്‍ നോക്കുന്നതൊക്കെയാണ് സീന്‍.

രാവിലെ ഷൂട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും ഇവര്‍ ചേറില്‍ കുളിച്ചു. ഉച്ചയ്ക്ക് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ റൂമില്‍ പോയി കുളിച്ച് ഭക്ഷണം കഴിച്ച് വരാമെന്നും ഇങ്ങനെ കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും മുരളി ചേട്ടന്‍ പറഞ്ഞു. അങ്ങനെ മുരളി ചേട്ടന്‍ ഹോട്ടലിലേക്ക് പോയി. ബാക്കിയെല്ലാവരും പാടവരമ്പില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു.

വിശ്രമ സമയം കഴിഞ്ഞപ്പോള്‍ കമല്‍സാര്‍ ഷോട്ടൊക്കെ പറഞ്ഞു. ഇനി മുരളി ചേട്ടന്‍ വന്നാലേ തുടങ്ങാന്‍ പറ്റുള്ളൂ. ക്യാമറയൊക്കെ ഫിക്‌സ് ചെയ്തു. അരമണിക്കൂര്‍ ബ്രേക്ക് ഒരു മണിക്കൂറായി, രണ്ട് മണിക്കൂറായിട്ടും മുരളിച്ചേട്ടനെ കാണാതായപ്പോള്‍ കമല്‍സാറിന്റെ ക്ഷമ നശിച്ചു. അദ്ദേഹം ദേഷ്യപ്പെടാന്‍ തുടങ്ങി. അപ്പോഴേക്കും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ അങ്ങോട്ടു ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. അന്ന് മൊബൈല്‍ഫോണൊന്നും ഇല്ലല്ലോ. ഒരു കാര്‍ ഹോട്ടലിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അവിടെ റിസപ്ഷനില്‍ ഒരു കുറിപ്പ് എഴുതിവെച്ച് മുരളിച്ചേട്ടന്‍ മദ്രാസിലേക്ക് പോയിരുന്നു.

‘ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് അറിയാം, വേറെ വഴിയില്ല, ക്ഷമിക്കുമല്ലോ,’ ഇതായിരുന്നു ആ കുറിപ്പ്. അങ്ങനെ ആ ഷൂട്ട് ചെയ്യുന്ന സ്ഥലത്തിന് ഞങ്ങള്‍ ‘മുരളി മുങ്ങി’ എന്ന് പേരിട്ടു. അദ്ദേഹം വന്നതിന് ശേഷം ഞങ്ങള്‍ ഷൂട്ട് തുടങ്ങി. ഇന്ന് എവിടെയാണ് ഷൂട്ട് എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഇന്ന് മുരളി മുങ്ങിയുടെ തെക്ക് വശത്തുള്ള പാടത്താണെന്ന് പറയും. അല്ലെങ്കില്‍ മുരളി മുങ്ങിയുടെ വടക്കുവശത്തുള്ള പാടത്താണെന്നൊക്കെ പറയുമായിരുന്നു.

മുരളിയേട്ടനെ അത് പറഞ്ഞ് ഞങ്ങള്‍ കുറേ കളിയാക്കുമായിരുന്നു. അങ്ങനെ സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്തു. സിനിമ വലിയ ഹിറ്റായി.

ആ സിനിമയുടെ ക്ലൈമാക്‌സില്‍ ഈ വള്ളം ഇറക്കുന്ന സമയത്ത് ആര്‍പ്പ് വിളിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഞാനും ദിലീപും ഉണ്ട്. അന്ന് ദിലീപ് ലാസ്റ്റ് മിനുട്ടില്‍ ഷോട്ടില്‍ വരാന്‍ വേണ്ടി എന്നെ തള്ളി മുന്‍പില്‍ കയറി. ആ സീനില്‍ നിങ്ങള്‍ നോക്കിയാല്‍ ദിലീപിനെ വ്യക്തമായി കാണാം,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director Laljose about Actor Murali and Chambakkulam thachan Movie

We use cookies to give you the best possible experience. Learn more