| Monday, 18th September 2023, 4:39 pm

നാല് വയസുള്ള എന്റെ മകളോട് 'നിന്റെ തന്ത വീട്ടിലുണ്ടോ' എന്ന് അവര്‍ ചോദിച്ചു; മമ്മൂക്കയെ കൊണ്ട് കോമാളിത്തരം ചെയ്യിപ്പിച്ചതിന് മാപ്പില്ലെന്ന് പറഞ്ഞു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളം എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ കുറിച്ചും സിനിമയുടെ ബജറ്റ് കൂടിയതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തിയേറ്ററില്‍ സിനിമ പരാജയപ്പെട്ടതിനെ കുറിച്ചും മമ്മൂട്ടി ആരാധകന്‍ എന്ന പേരില്‍ തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ കോളിനെ പറ്റിയുമൊക്കെയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ജോസ് സംസാരിക്കുന്നത്.

‘ആ കാലത്ത് മമ്മൂക്ക ഒരു പെട്ടി, ഒരു കുട്ടി, ഒരു ബെന്‍സ് കാര്‍ എല്ലാമായിട്ടുള്ള ഫാമിലി ഡ്രാമകളാണ് ചെയ്തിരുന്നത്. അതിനൊക്കെ ചെറിയ ബജറ്റേ ആവശ്യമുള്ളു. പട്ടാളം അങ്ങനയുള്ള ഒരു സിനിമയല്ല. ക്യാമ്പ്, മിലിട്ടറി, ട്രക്ക്, ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ആവശ്യം വരുന്ന സിനിമയാണ് എന്ന് ഞാന്‍ ഒരു അഭിമുഖത്തില്‍ അന്ന് പറഞ്ഞിരുന്നു. അത് പിന്നീട് പട്ടാളം സിനിമക്ക് ഒരു വലിയ ബാധ്യതയായി. കാരണം അന്ന് എതിരെ വരുന്ന സിനിമ മോഹന്‍ലാലിന്റെ ബാലേട്ടനായിരുന്നു.

ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് വിചാരിച്ചത് ഞാന്‍ ബാലേട്ടന്‍ സിനിമയെ കളിയാക്കി പറഞ്ഞതാണ് എന്നാണ്. ആ സിനിമയുടെ കഥയെന്താണെന്ന് പോലും ആ സമയത്ത് എനിക്കറിയില്ല.

ബാലേട്ടന്‍ സിനിമയിലാണെങ്കില്‍ ഒരു കുട്ടിയും ഒരു പെട്ടിയുമെല്ലാമുള്ള പരിപാടിയൊക്കെയുണ്ട്. അപ്പോള്‍ ഞാന്‍ അതിനെ കുത്തിയതാണ് എന്നാണ് അവര്‍ വിചാരിച്ചത്. അത് പിന്നീട് പട്ടാളം റിലീസ് ചെയ്ത തിയേറ്ററുകളില്‍ ഫാന്‍സുകള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. എനിക്കെതിരെയൊക്കെ ഒരുപാട് കമന്റുകള്‍ വന്നു’, ലാല്‍ ജോസ് പറഞ്ഞു.

‘സിനിമ റിലീസ് ചെയ്തതിന് ശേഷം എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. നാല് വയസുള്ള എന്റെ രണ്ടാമത്തെ മകളാണ് ഫോണ്‍ എടുത്തത്. വിളിച്ച ആള്‍ മകളോട് ചോദിച്ചത് നിന്റെ തന്ത വീട്ടിലുണ്ടോയെന്നായിരുന്നു. ഉണ്ടെങ്കില്‍ മമ്മൂട്ടി എന്ന് പറയുന്ന ഒരു മഹാനായ നടനെ ഓട്ടുമ്പുറത്ത് കയറ്റിയും, പാമ്പിനെ പിടിപ്പിച്ചും, പട്ടിയെ പിടിക്കാന്‍ ഓടിക്കുകയൊക്കെ ചെയ്ത് കോമാളിത്തരം കാണിച്ച എനിക്ക് മാപ്പില്ലെന്നും എന്റെ കൈ വെട്ടുമെന്നുമെല്ലാം പറഞ്ഞു. നാല് വയസുമാത്രമുള്ള എന്റെ മകളോടാണ് ഇത്രയും പറയുന്നത്.

പിന്നെ മകള്‍ എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. പപ്പ നമുക്ക് സിനിമ വേണ്ടെന്നും ഇവിടെ ഊണുകഴിച്ച് സുഖമായി ജീവിക്കാം എന്നും പറഞ്ഞ് മകള്‍ എന്നെ പുറത്തേക്ക് വിടില്ലായിരുന്നു.

പിന്നീട് അന്വേഷിച്ചപ്പോള്‍ അത് ചാവക്കാടുള്ള ഏതോ ആരാധകനായിരുന്നു എന്ന് മനസിലായി. ഇത് പട്ടാളം സിനിമയെ പറ്റിയുള്ള വളരെ സങ്കടപ്പെടുത്തുന്ന ഒരു ഓര്‍മ്മയാണ്, ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director Laljose about a call he got after Pattalam movie release

We use cookies to give you the best possible experience. Learn more