ഇന്ത്യ മുഴുവന്‍ പ്രൊപ്പഗണ്ട നടത്തിയിട്ടാണ് ആര്‍.ആര്‍.ആറും കെ.ജി.എഫും വന്നത്, അതുകണ്ട് ഞങ്ങള്‍ പേടിച്ചു: ലാല്‍ജോസ്
Film News
ഇന്ത്യ മുഴുവന്‍ പ്രൊപ്പഗണ്ട നടത്തിയിട്ടാണ് ആര്‍.ആര്‍.ആറും കെ.ജി.എഫും വന്നത്, അതുകണ്ട് ഞങ്ങള്‍ പേടിച്ചു: ലാല്‍ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th August 2022, 8:47 pm

സമീപകാലത്ത് അന്യഭാഷ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ആളില്ലാതെ വരികയും മലയാള സിനിമകള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്യുന്ന പ്രവണത കണ്ടുവന്നിരുന്നു. ചരിത്രത്തിലാദ്യമായി മലയാള സിനിമകള്‍ റിലീസ് ചെയ്യാത്ത വിഷുവാണ് കടന്നുപോയതെന്ന് അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. കെ.ജി.എഫും ബീസ്റ്റും പോലെയുള്ള വലിയ റിലീസ് മൂലം പേടിച്ചിട്ടാണ് സിനിമകള്‍ അന്ന് റിലീസ് ചെയ്യാതിരുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ അന്യഭാഷ സിനിമകള്‍ മലയാള സിനിമക്ക് ഭീഷണിയാണെന്ന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഡൂള്‍ന്യൂസിനായി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം.

‘അന്യഭാഷ സിനിമകള്‍ ഭീഷണിയാണെന്ന് തോന്നിയിട്ടില്ല. മലയാള സിനിമ പല ഫേസുകളിലൂടെ കടന്നു പോയിട്ടുണ്ട്. ശങ്കരാഭരണം എന്ന തെലുങ്ക് സിനിമ 300 ദിവസമൊക്കെ കേരളത്തില്‍ ഓടിയിട്ടുണ്ട്. അതുകൊണ്ട് ശങ്കരാഭരണം മലയാള സിനിമക്ക് ഭീഷണി ഒന്നും ആയിട്ടില്ല.

വലിയ ബജറ്റ് സിനിമകളായ കെ.ജി.എഫും ആര്‍.ആര്‍.ആറുമൊക്കെ വന്നപ്പോള്‍ പേടിച്ചിരുന്നു എന്നുള്ളത് ശരി തന്നെയാണ്. അങ്ങനത്തെ സിനിമകള്‍ വല്ലപ്പോഴുമാണ് വരുന്നത്. അതിനു ശേഷം അതിനെക്കാള്‍ ബജറ്റുള്ള സിനിമകള്‍ വന്നു. ആരും പേടിച്ചില്ലല്ലോ, അതിനിടക്ക് നമ്മുടെ സിനിമകള്‍ വന്നു. ഓടുകയും ചെയ്തു.

ആര്‍.ആര്‍.ആറിന്റെയും കെ.ജി.എഫിന്റെയും മാര്‍ക്കറ്റിങ് അത്രയും സ്‌ട്രോങ്ങായിരുന്നു. ആ സിനിമയിലെ നടീനടന്മാര്‍ ഇവിടെ വരികയും റോഡ് ഷോ നടത്തുകയും ആളുകളുമായി ഇന്ററാക്റ്റ് ചെയ്യുകയും ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ കൊടുക്കുകയും ചെയ്തു.

ഇന്ത്യ മുഴുവന്‍ പ്രൊപ്പഗണ്ട ചെയ്തിട്ടാണ് അവരുടെ സിനിമ വരുന്നത്. അതുകൊണ്ടാണ് നമ്മള്‍ പേടിച്ചത്. ആ രീതിയില്‍ പ്രൊപ്പഗണ്ട വരാതെ ഒരു വലിയ സിനിമ വന്നാല്‍ നമ്മളാരും പേടിക്കില്ല. എന്തിനോ അവര്‍ തുനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയപ്പോള്‍ പേടിച്ച് നമ്മുടെ പടങ്ങള്‍ നീട്ടിവെച്ചു എന്ന് മാത്രം. അത് എപ്പോഴും നടക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ട് മലയാള സിനിമക്ക് ഭീഷണിയുണ്ടെന്നും കരുതുന്നില്ല,’ ലാല്‍ജോസ് പറഞ്ഞു.

അതേസമയം ലാല്‍ജോസിന്റെ സംവിധാനത്തിലെത്തിയ സോളമന്റെ തേനീച്ചകള്‍ ഓഗസ്റ്റ് 18ന് റിലീസ് ചെയ്തിരിക്കുകയാണ്. ജോജു ജോര്‍ജ്, വിന്‍സി അലോഷ്യസ്, ദര്‍ശന, ആഡിസ്, ശംഭു എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Director Laljos says that he did not feel that other indian language films are a threat to Malayalam cinema