കൊവിഡ് കാലത്ത് കാന്‍സറിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയപ്പോള്‍ ഇന്നസെന്റ് വിളിച്ചു, വേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞു; സുനാമിയുടെ ഷൂട്ടിങ് അനുഭവം പറഞ്ഞ് ലാല്‍
നടനും സംവിധായകനുമായ ലാലും മകന്‍ ജീന്‍ പോളും ചേര്‍ന്ന് ഒരുക്കുന്ന സുനാമി റിലീസിന് ഒരുങ്ങുകയാണ്. ഒരു കോമഡി എന്‍ടര്‍ടൈനര്‍ ആവും ചിത്രമെന്നാണ് ലാല്‍ പറയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്നസെന്റും മുകേഷുമാണ്.
കൊവിഡ് കാലത്തിനിടെ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും ഇന്നസെന്റിന്റെ ആരോഗ്യം കണക്കിലെടുത്ത് ഒരുവേള ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നെന്നും മലയാള മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നുണ്ട്.
‘സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് 11 ദിവസം ഷൂട്ട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്നസെന്റ് ചേട്ടന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചു പെട്ടെന്നു ഷൂട്ട് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് ഇന്നച്ചന് വീണ്ടും കാന്‍സര്‍ വരുന്നതിന്റെ സൂചനകള്‍ കിട്ടിയപ്പോള്‍ അദ്ദേഹം വിളിച്ചു. കഴിയുമെങ്കില്‍ എളുപ്പം ഷൂട്ടിങ് പൂര്‍ത്തിയാക്കാനും അതിനു ശേഷം ചികിത്സ ആരംഭിക്കാനാണെന്നും പറഞ്ഞു.
അതിന്റെ പിറ്റേന്നു തന്നെയാണ് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. അങ്ങനെ ലൊക്കേഷന്‍ ഉള്‍പ്പെടെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഷൂട്ടിങ് പൂര്‍ത്തിയാക്കി, ലാല്‍ പറഞ്ഞു.
ചിത്രത്തില്‍ ഇന്നസെന്റ് അപാരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ഇന്നസെന്റിന്റേതായ ഒരു മനോഹരമായ ഗാനവും ചിത്രത്തില്‍ ഉണ്ടെന്നും ലാല്‍ പറയുന്നു.
പള്ളിപ്പാട്ടു പോലൊന്ന് ഇന്നസെന്റ് ചേട്ടനായി ഉദ്ദേശിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് അത്തരം പാട്ടുകളൊന്നും അറിയില്ലെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം തന്നെ കയ്യില്‍നിന്നിട്ടു പാടിയ ചെറിയൊരു സംഗതി കേട്ടപ്പോള്‍ അതു പാട്ടാക്കാന്‍ പറ്റുമോ എന്നു സംഗീത സംവിധായകരായ യാക്‌സാന്‍ ഗാരി പെരേരയോടും നേഹ എസ്.നായരോടും ചോദിച്ചു. ഗംഭീരമാക്കാം എന്നായിരുന്നു മറുപടി. ഇന്നസന്റ് അതിഗംഭീരമായി അതു പാടുകയും ചെയ്തു. ചിത്രത്തിലെ ‘ആരാണിതാരാണിതെന്നെ’ എന്ന ഗാനത്തിന്റെ വരികള്‍ എന്റേതാണ്, ലാല്‍ പറഞ്ഞു.
ഗോഡ്ഫാദറിന്റെ ഷൂട്ടിങ് സമയത്തു ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞൊരു തമാശയില്‍നിന്നാണു സിനിമയുടെ പിറവിയെന്നും സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചതെന്നും അന്ന് ഈ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ച് ഒരു വഴിക്കായെന്നും ലാല്‍ പറയുന്നു.
ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ ഉണ്ടായ ഒരു നര്‍മ സംഭവം കൂടി അഭിമുഖത്തില്‍ ലാല്‍ പങ്കുവെച്ചു.’ പ്രിവ്യൂ ഷോയ്ക്ക് ഇന്നസന്റ് കുടുംബത്തോടൊപ്പമാണെത്തിയത്. ‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്നാണ് ഇന്നസെന്റിന്റെ ഭാര്യ ചിത്രം കണ്ടു കഴിഞ്ഞു ചോദിച്ചത്.
‘എടീ, അതേ, നീ വൈകുന്നേരമാകുമ്പോള്‍ ഓരോ ലക്ഷം രൂപയുടെ ചെക്ക് എഴുതിത്താ, ഞാന്‍ വീട്ടിലും ഇതുപോലെ ഉഷാറായിരിക്കാം’ എന്നായിരുന്നു ഇന്നച്ചന്റെ കൗണ്ടര്‍, ലാല്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക