മികച്ച സംവിധായകനുള്ള അവാര്‍ഡ്; ഗുരുവുമായിട്ടാണല്ലോ മത്സരമെന്ന ചോദ്യം വിഷമമുണ്ടാക്കി: ലാല്‍ ജോസ്
Film News
മികച്ച സംവിധായകനുള്ള അവാര്‍ഡ്; ഗുരുവുമായിട്ടാണല്ലോ മത്സരമെന്ന ചോദ്യം വിഷമമുണ്ടാക്കി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th October 2023, 12:06 pm

‘അയാളും ഞാനും തമ്മില്‍’ സിനിമക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോളുണ്ടായ അനുഭവങ്ങള്‍ പറയുകയാണ് ലാല്‍ ജോസ്. തന്റെയെല്ലാ സിനിമകളും സ്റ്റേറ്റ് അവാര്‍ഡിനും നാഷണല്‍ അവാര്‍ഡിനും അയക്കാറുണ്ടെന്നും നല്ലതോ ചീത്തയോയെന്ന് നോക്കാതെയാണ് അതെന്നും ലാല്‍ ജോസ് പറയുന്നു. സഫാരിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സിനിമയിലൂടെ ആര്‍ക്കെങ്കിലും ഒരു അവാര്‍ഡിന് സാധ്യതയുണ്ടെങ്കില്‍ നഷ്ടപെടുത്തരുതെന്ന് കരുതിയിട്ടാണ് ‘അയാളും ഞാനും തമ്മില്‍’ സിനിമയും അത്തരത്തില്‍ അയച്ചത്. എന്നാല്‍ ആ കാര്യം താന്‍ പിന്നെ മറന്നുപോയിരുന്നെന്നും സംവിധായകന്‍ കമല്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അടുത്ത ദിവസം അവാര്‍ഡ് പ്രഖ്യാപിക്കുകയാണെന്ന് അറിയുന്നതെന്നും അദ്ദേഹം പറയുന്നു.

അന്ന് തനിക്കെതിരെ കമല്‍ ആയിരുന്നു. അവസാനം അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തനിക്ക് ജനപ്രീതിയുള്ള ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡ് കിട്ടിയതും അതിന് പിന്നാലെ മീഡിയ മുഴുവന്‍ ഗുരുവുമായിട്ടാണല്ലോ മത്സരമെന്ന് ചോദിച്ചതിനെ പറ്റിയും ലാല്‍ ജോസ് പറയുന്നുണ്ട്

‘കലാപരമായിട്ടും സാമ്പത്തികമായിട്ടും വിജയിച്ച സിനിമയാണ് ‘അയാളും ഞാനും തമ്മില്‍’. അര്‍ഹിക്കുന്ന അംഗീകാരം അതിന് കിട്ടിയില്ലെന്ന് എനിക്ക് എല്ലാകാലത്തും തോന്നിയിട്ടുണ്ട്. പക്ഷേ ആ സിനിമയിറങ്ങി കുറെ കാലങ്ങള്‍ക്ക് ശേഷം, ഇന്നും എവിടെയെങ്കിലും ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാല്‍ അയാള്‍ പറയും, തന്നെ വളരെ സ്വാധീനിച്ച സിനിമയാണ് ‘അയാളും ഞാനും തമ്മില്‍’ എന്ന്. അത് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ഒരുപാട് ആളുകള്‍ക്ക് ആ സിനിമയൊരു പ്രചോദനമായിട്ടുണ്ട്. ആ സിനിമക്ക് ഒരുപാട് കടുത്ത ആരാധകരുണ്ട്. എറ്റവും നല്ല സിനിമ അയാളും ഞാനും തമ്മില്‍ ആണെന്ന് പറഞ്ഞിട്ട് പലരും എനിക്ക് സോഷ്യല്‍ മീഡിയകളില്‍ മെസേജ് അയക്കാറുണ്ട്.

ആ സിനിമക്ക് കിട്ടിയ അവാര്‍ഡിലും ഒരു കയ്പ്പും മധുരവുമുണ്ട്. എന്റെയെല്ലാ സിനിമകളും ഞാന്‍ സ്റ്റേറ്റ് അവാര്‍ഡിനും നാഷണല്‍ അവാര്‍ഡിനും അയക്കാറുണ്ട്. നല്ലതോ ചീത്തയോ എന്ന് നോക്കാതെയാണത്. അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടോ എന്നൊന്നും നോക്കാറില്ല.

അത് അയക്കുന്നതിന് കാരണം സിനിമയിലെ പാട്ടിനോ പാട്ടുപാടിയ ആള്‍ക്കോ എഡിറ്റര്‍ക്കോ സിനിമറ്റോഗ്രാഫര്‍ക്കോ ഒരു അവാര്‍ഡിന് സാധ്യതയുണ്ടെങ്കില്‍ നഷ്ടപെടുത്തരുതെന്ന് കരുതിയിട്ടാണ്.

അതുപോലെ തന്നെയാണ് ഞാന്‍ ഈ സിനിമയും അവാര്‍ഡിന് അയച്ചത്. എന്നാല്‍ ആ കാര്യം ഞാന്‍ പിന്നെ മറന്നുപോയി. ഒരുദിവസം എന്നെ കമല്‍ സാര്‍ വിളിച്ചിട്ട് നാളെ അവാര്‍ഡ് പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞു. നമ്മള് രണ്ടുപേരുമാണ് ഇത്തവണ കോംപിറ്റേഷനെന്നും പറഞ്ഞു.

നമ്മള്‍ രണ്ടുപേരോ? അതെങ്ങനെ ശരിയാവും. സാറിന്റെ പടം അടുത്ത വര്‍ഷമല്ലേയെന്ന് ഞാന്‍ ചോദിച്ചു. സാറിന്റെ ‘സെല്ലുലോയ്ഡ്’ സിനിമ അന്ന് റിലീസായിട്ടില്ല. അപ്പോള്‍ അത് അടുത്ത വര്‍ഷമല്ലേയെന്നതായിരുന്നു എന്റെ സംശയം. മറുപടിയായിട്ട് കമല്‍ സാര്‍ പറഞ്ഞത് ആ സിനിമ ഡിസംബറിന് മുമ്പ് സെന്‍സര്‍ ചെയ്തിരുന്നുവെന്നാണ്.

ആ സിനിമയും അവാര്‍ഡിനുള്ള കാര്യമെനിക്ക് അറിയില്ലായിരുന്നു. പൃഥ്വിരാജ് തന്നെയാണ് അതിലും നായകന്‍. പിറ്റേദിവസമാണ് ആ ഞെട്ടിച്ച വാര്‍ത്ത കേള്‍ക്കുന്നത്. മികച്ച ചിത്രവും മികച്ച തിരകഥയും ‘സെല്ലുലോയ്ഡ്’. അങ്ങനെ കുറെ അവാര്‍ഡുകള്‍ ആ സിനിമക്കുണ്ട്. എന്നാല്‍ മികച്ച സംവിധായകന്‍ ലാല്‍ ജോസാണ്.

സംസ്ഥാന അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കിട്ടുകയെന്നത് എന്റെ സ്വപ്‌നത്തില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. അത് സംഭവിച്ചു. പക്ഷെ അതില്‍ വിഷമമുണ്ടാക്കിയ കാര്യം കമല്‍ സാര്‍ ആയിരുന്നു എന്റെയെതിരെ ഉണ്ടായിരുന്നത് എന്നതാണ്. അദ്ദേഹത്തിന്റെ സിനിമക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡുണ്ട്. അതേസമയം എന്റെ സിനിമക്ക് ജനപ്രീതിയുള്ള ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡ് കിട്ടി.

അന്ന് മീഡിയ മുഴുവന്‍ ഗുരുവുമായിട്ടാണല്ലോ മത്സരമെന്നാണ് ചോദിച്ചത്. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാന്‍ മറുപടിയായിട്ട് പറഞ്ഞത്, അത് ഒരേ കുടുംബത്തിലേക്കാണ് പോകുന്നത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മികച്ച സംവിധായകനുമുള്ള അവാര്‍ഡും ഒരേ കുടുംബത്തിലേക്കാണ് എന്നാണ്. കമല്‍ കുടുംബത്തിലേക്കാണ്. അങ്ങനെ വ്യക്തിപരമായ ഒരുപാട് ഓര്‍മകള്‍ ആ സിനിമയുമായിട്ടുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director Lal Jose Talks About State Award For Best Director And Ayalum Njaanum Thammil Movie