മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. താന്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു ആക്ഷന്‍ സിനിമയില്‍ പങ്കാളിയാകുന്നതെന്നും സ്റ്റണ്ട് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു എന്നും ലാല്‍ ജോസ് പറഞ്ഞു.
താന്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ സിനിമയിലെ നായകനായ മോഹന്‍ലാല്‍ ഭയങ്കര ചിരിയായിരുന്നു എന്നും ഓരോ ആക്ഷന്‍ സീന്‍ കഴിയുമ്പോഴും അദ്ദേഹം തന്റെ മുഖത്തേക്ക് നോക്കുമെന്നും തന്റെ മുഖത്തെ ഭാവം കണ്ടിട്ടാണ് സീന്‍ ഓക്കെ പറഞ്ഞിരുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാബു പള്ളാശേരിയാണ് തമ്പി ചേട്ടന്‍ ഒരു സിനിമ തുടങ്ങാന്‍ പോവുകയാണ് അസോസിയേറ്റായി നീ വരണമെന്ന് എന്നെ വിളിച്ച് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ഭാഗ്യമായിരുന്നു. കാരണം നിരവധി സൂപ്പര്‍ ഹിറ്റുകളുള്ള ഒരു സംവിധായകനാണ് തമ്പിച്ചായന്‍. രാജാവിന്റെ മകന്‍ പോലെയൊരു സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമ്പി സാറിന്റെ കൂടെ ഒരു സിനിമ വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം കിട്ടുക അതും നായകന്‍ മോഹന്‍ലാലാണ്.
ലാലേട്ടനൊപ്പം ഞാന്‍ ഉള്ളടക്കത്തിലും വിഷ്ണുലോകത്തിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പരിചയം എനിക്കുണ്ടായിരുന്നു. വിഷ്ണു ലോകത്തില്‍ ജഗദീഷേട്ടന്‍ ഉണ്ടായിരുന്നു. മാന്ത്രികത്തിലേക്ക് വന്നപ്പോഴും അദ്ദേഹമുണ്ട്. മേജര്‍ വര്‍ക്കുകളെല്ലാം നടന്നത് മദ്രാസിലായിരുന്നു. ഞാന്‍ അതുവരെ വര്‍ക്ക് ചെയ്ത സിനിമകളുടെ സ്വഭാവമേ ആയിരുന്നില്ല മാന്ത്രികത്തിന്റേത്. അതൊരു ആക്ഷന്‍ ഓറിയന്റഡ് സിനിമയായിരുന്നു.
മാന്ത്രികം എന്നെ സംബന്ധിച്ച് പുതിയ ലോകത്തേക്കുള്ള എന്‍ട്രിയായിരുന്നു. ഞാന്‍ ചെയ്ത സിനിമകളെല്ലാം സ്‌റ്റോറി ബേസ്ഡായിരുന്നു. മാന്ത്രികത്തിലെ ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യുന്നത് കണ്ടിട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് ലാലേട്ടന്‍ ഭയങ്കര ചിരിയായിരുന്നു. ഒരു ആക്ഷന്‍ സീനൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് ലാലേട്ടന്‍ എന്റെ മുഖത്തേക്ക് നോക്കും എനിക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സീന്‍ ഉറപ്പാണെന്ന് അദ്ദേഹം പറയുമായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.
content highlight: director lal jose talks about manthrikam movie location