അയാളും ഞാനും തമ്മിലെ ആ രംഗം ചെയ്താല്‍ ആളുകള്‍ താന്‍ പഴയ നടനാണെന്ന് പറയുമെന്ന് മണി; ഒടുവില്‍ ദേഷ്യം വന്നു: ലാല്‍ ജോസ്
Entertainment
അയാളും ഞാനും തമ്മിലെ ആ രംഗം ചെയ്താല്‍ ആളുകള്‍ താന്‍ പഴയ നടനാണെന്ന് പറയുമെന്ന് മണി; ഒടുവില്‍ ദേഷ്യം വന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 8:51 am

പൃഥ്വിരാജ്- ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ റിലീസായ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം, മികച്ച ഹാസ്യനടന്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകളാണ് ചിത്രം നേടിയത്.

ചിത്രത്തില്‍ പൊലീസ് ഓഫീസറായി എത്തിയത് കലാഭവന്‍ മണിയായിരുന്നു. കലാഭവന്‍ മണി എന്ന നടന്റെ മികച്ച പ്രകടനം പ്രേക്ഷകര്‍ കണ്ട ചിത്രം കൂടിയായിരുന്നു അയാളും ഞാനും തമ്മില്‍. സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്തപ്പോള്‍ കലാഭവന്‍ മണിയും താനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ മകളെ ചികിത്സിക്കാത്ത ഡോക്ടര്‍ തരകന്റെ കാലുപിടിച്ച് കലാഭവന്‍ മണി കരയുന്ന രംഗമുണ്ടെന്നും അത് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ആ സീനില്‍ നാടകീയതയുണ്ടെന്ന് കലാഭവന്‍ മണി പറഞ്ഞെന്നും ലാല്‍ ജോസ് പറയുന്നു. താന്‍ അങ്ങനെ അഭിനയിച്ചാല്‍ പഴയ നടനാണെന്ന് പറയുമെന്നും മണി പറഞ്ഞിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേഷ്യം വന്ന താന്‍ ഇത് തന്റെ സിനിമയാണെന്നും പറയുന്നതുപോലെ ചെയ്താല്‍ മതിയെന്ന് പറഞ്ഞെന്നും ലാല്‍ ജോസ് വ്യക്തമാക്കി. അവസാനം മണി താന്‍ പറഞ്ഞപോലെ അഭിനയിച്ചെന്നും തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെട്ട രംഗമായിരുന്നു അതെന്നും പറഞ്ഞു.

‘അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ മകളെ ചികിത്സിക്കാത്ത ഡോക്ടര്‍ തരകന്റെ കാലുപിടിച്ച് കലാഭവന്‍ മണി കരയുന്ന ഒരു രംഗമുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് മണി എന്റെ അടുത്ത് വന്നിട്ട്, ‘ഇതെല്ലാം പത്ത് ഇരുപത് കൊല്ലം മുമ്പുള്ള രീതിയാണ്. ഇങ്ങനെ കാലുപിടിച്ച് കരയുന്നതൊക്കെ ഭയങ്കര ഡ്രാമ ആയിരിക്കും, നാടകം പോലെ ഉണ്ടാകും. ഞാന്‍ അതൊക്കെ ചെയ്താല്‍ ആളുകള്‍ എന്നെ പഴയ നടനാണെന്നും പഴയ അഭിനയമാണെന്നൊക്കെ പറയും’ എന്ന് പറഞ്ഞു.

എനിക്ക് അപ്പോള്‍ ശരിക്കും ദേഷ്യം വന്നു. ‘മണി ഇത് എന്റെ സിനിമയാണ്. അപ്പോള്‍ ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി. എന്തായാലും ഇതിന്റെ പേരില്‍ നിനക്ക് കൂടുതലായി ഒന്നും വരില്ല’ എന്ന് പറയേണ്ടി വന്നു.

മണി ഞാന്‍ പറയുന്നതുപോലെതന്നെ അഭിനയിച്ചു. അയാളുടെ കാല്‍ കെട്ടിപിടിച്ച് കരഞ്ഞു. തിയേറ്ററില്‍ ഭയങ്കരമായിട്ട് പ്രകീര്‍ത്തിക്കപ്പെട്ട സീനായിരുന്നു അത്. എല്ലാവരും മണിയുടെ പ്രകടനത്തെ വാഴ്ത്തിയ രംഗമായി അത് മാറി,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Director Lal Jose talks about Ayalum Njanum Thammil movie and Kalabhavan Mani