| Wednesday, 4th October 2023, 3:50 pm

'ഫേസ്ബുക്കിലൊക്കെ ഒരുപാട് പെൺകുട്ടികൾ ആണല്ലോ ഫ്രണ്ട് ലിസ്റ്റിൽ', ഒരു ഷർട്ടും മുണ്ടുമൊക്കെ ഉടുത്തായിരുന്നു അവളുടെ നിൽപ്പ്: ലാൽ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ ആൻ അഗസ്റ്റിൻ നായികയായതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. താൻ ആദ്യമായി ആനിനെ കാണുമ്പോൾ ഷർട്ടും മുണ്ടും ഉടുത്തിട്ടായിരുന്നെന്നും അവളുടെ സംസാരത്തിലെ കുസൃതിയൊക്കെ എൽസമ്മ
എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചെന്നും ലാൽ ജോസ് പറഞ്ഞു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആക്ടർ അഗസ്റ്റിൻ ആ സമയത്ത് സുഖമില്ലാതെ കിടപ്പിലാണ്. ഒരു ഭാഗത്ത് സ്ട്രോക്ക് ഒക്കെ വന്നിട്ട് മൊബിലിറ്റി നഷ്ടപ്പെട്ടിരിക്കുന്ന സമയമാണ്. ഞാൻ അഗസ്റ്റിൻ ചേട്ടനെ ഒന്ന് കണ്ടേക്കാം എന്ന് കരുതി കോഴിക്കോട് വീട്ടിൽ ചെന്നപ്പോൾ വാതിൽ തുറക്കുന്നത് ഒരു പെൺകുട്ടിയാണ്. മകളാണെന്ന് എനിക്ക് മനസ്സിലായി.


വാതിൽ തുറന്നിട്ട് ഇവളുടെ ആദ്യത്തെ ചോദ്യം ‘ഫേസ്ബുക്കിൽ ഒക്കെ ഒരുപാട് പെൺകുട്ടികൾ ആണല്ലോ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളത്, എല്ലാ പെൺകുട്ടികളും റിക്വസ്റ്റ് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ’ എന്നായിരുന്നു. ഞാൻ ആരാണെന്ന് നോക്കാറില്ല എന്നും റിക്വസ്റ്റ് അയക്കുന്ന ഓർഡറിൽ ആക്സെപ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു.

‘ആരാണെന്ന് നോക്കാതെയാണോ എന്നെ ആക്സെപ്റ്റ് ചെയ്തത്’ എന്നവൾ ചോദിച്ചു. നീ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ‘ഇന്നലെ എന്നെ ആക്സെപ്റ്റ് ചെയ്തതല്ലേ’എന്നായിരുന്നു അവളുടെ മറുപടി.

അപ്പോൾ ഞാൻ ഫേസ്ബുക്ക് എടുത്തു നോക്കുമ്പോൾ തലേദിവസം ഇവളെ ആക്സെപ്റ്റ് ചെയ്തിട്ടുണ്ട്. ഇവളുടെ പ്രൊഫൈലിൽ പോയപ്പോൾ ഹെൽമെറ്റ് ഒക്കെ വെച്ചിട്ടുള്ള ഒരു ചിത്രമാണ് പ്രൊഫൈൽ പിക്ചർ. സാധാരണ പെൺകുട്ടികൾ സ്റ്റൈൽ ആയിട്ടുള്ള ഫോട്ടോ അല്ലേ വെക്കാറുള്ളത് .


അപ്പോൾ തന്നെ ഇവളുടെ കുസൃതി എനിക്ക് മനസ്സിലായി. സംസാരിക്കുന്ന രീതിയൊക്കെ കൊള്ളാം, വേണമെങ്കിൽ എൽസമ്മയൊക്കെ ആവാവുന്ന ഒരാളാണെന്ന് എനിക്ക് തോന്നി. അവളുടെ അപ്പന്റെ ഒരു ഷർട്ടും മുണ്ടും ഉടുത്തിട്ടാണ് അവൾ അന്ന് വീട്ടിൽ നിന്നിരുന്നത്.
എനിക്കതിൽ ഒരു കൗതുകം തോന്നി. എൽസമ്മ എന്ന ആൺകുട്ടി എന്നാണ് സിനിമയുടെ പേര്.

സംസാരത്തിനിടയിൽ ഞാൻ അവളോട് ചോദിച്ചു അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന്. ‘കാശ് തന്നാൽ ഞാൻ എന്തും ചെയ്യും, പക്ഷേ ഞാൻ പൂവ് കൊടുക്കാൻ പോലും സ്റ്റേജിൽ കയറിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ എന്നെ അഭിനയിപ്പിക്ക്’ എന്നൊക്കെ പറഞ്ഞു.

ഇവളെ ഞാൻ അടുത്ത പടത്തിൽ അഭിനയിപ്പിച്ചാലോ എന്ന് ആലോചിക്കുകയാണെന്നും താങ്കൾക്ക് എന്തെങ്കിലും വിരോധമുണ്ടോ എന്നും ഞാൻ അഗസ്റ്റിൻ ചേട്ടനോട് ചോദിച്ചു. ‘നീ വെറുതെ പുലിവാൽ ഒന്നും പിടിക്കാൻ നിൽക്കണ്ട, അവളെ ഇവിടെ നിർത്തിയാൽ കുറച്ചു കഴിയുമ്പോൾ ബാംഗ്ലൂർ ആയിരിക്കും, പിന്നെ മദ്രാസിൽ അങ്ങനത്തെ ഒരാളാണ്. നിനക്ക് വിചാരിക്കുന്ന പോലെ കണ്ട്രോൾ ചെയ്ത് നിർത്താൻ പറ്റില്ല,അനുസരണയില്ല ‘ എന്നൊക്കെ പറഞ്ഞു. ഇവളിരുന്ന് ചിരിക്കുന്നുണ്ട്.

കുറച്ച് ഫോട്ടോ എടുക്കാനും ഒന്നുരണ്ട് സീനൊക്കെ എടുക്കാനും വേണ്ടി അടുത്ത ആഴ്ച എന്റെ ആളുകളെ കൊണ്ടുവരാം എന്ന് പറഞ്ഞു. എല്ലാം ചെയ്യിപ്പിച്ച് നോക്കിയിട്ട് പറ്റുമെന്നുണ്ടെങ്കിൽ എടുക്കാമെന്നും പറഞ്ഞു.

അടുത്താഴ്ച കോഴിക്കോട് ചെന്ന്, ഇവളുടെ ഫോട്ടോഷൂട്ട് ഒക്കെ ചെയ്തു. വളരെ ബോൾഡ് ആയിട്ടുള്ള ഒരു കൂസലും ഇല്ലാത്ത പെൺകുട്ടിയാണ്. അങ്ങനെ എൽസമ്മയായിട്ട് ആൻ അഗസ്റ്റിനെ ഫിക്സ് ചെയ്തു,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: Director Lal Jose talks about Anne Augustine as the female lead in his film Elsamma Enna aankutty

We use cookies to give you the best possible experience. Learn more