| Friday, 6th January 2023, 9:08 am

'ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് അറിയാം',ചെമ്പക്കുളം തച്ചന്റെ സെറ്റില്‍ അന്ന് സംഭവിച്ചത് ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെമ്പക്കുളം തച്ചന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിനിടെ ആരോടും പറയാതെ നടന്‍ മുരളി മദ്രാസിലേക്ക് മുങ്ങിയെന്നും, പിന്നീട് അന്ന് ഷൂട്ട് ചെയ്ത സ്ഥലത്തെ മുരളി മുങ്ങിയെന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെമ്പക്കുളം തച്ചന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മുരളിക്ക് മദ്രാസില്‍ മറ്റൊരു സിനിമയുടെ ഡബ്ബ് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സംവിധായകന്‍ കമല്‍ പോകാന്‍ അനുവദിച്ചില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. തുടര്‍ന്നാണ് താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു എഴുത്ത് കൊടുത്ത് അദ്ദേഹം മദ്രാസിലേക്ക് പോയതെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മുരളിച്ചേട്ടന്‍ പോയി, എന്നാലും മുരളിച്ചേട്ടന്റെ കാര്യം ആലോചിക്കുമ്പോള്‍ ഇപ്പോഴും മറക്കാത്ത ഒരു കാര്യമുണ്ട്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ‘ആര്‍ദ്രം’ എന്ന സിനിമയുടെ ഷൂട്ടിങ്ങും ആലപ്പുഴയില്‍ നടക്കുന്നുണ്ടായിരുന്നു. സ്‌നേഹ സാഗരം എന്ന സിനിമയിലും മുരളിച്ചേട്ടനായിരുന്നു നായകന്‍.

ആ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരുന്നു ഇനി ഡബ്ബിങ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ആ സിനിമയുടെ ഡബ്ബിങ്  മദ്രാസില്‍ നടക്കുകയാണ്. പോവണമെന്ന് മുരളിചേട്ടന്‍ ഇടക്കിടെ കമല്‍ സാറിനോട് പറയുന്നുണ്ട്. പക്ഷെ സാറിന് വിടാന്‍ പറ്റുമായിരുന്നില്ല.

കാരണം വേണു ചേട്ടന്റെയും മുരളി ചേട്ടന്റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയ സമയമാണ്. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുകയാണ്. അത് കഴിയാതെ പോവാന്‍ പറ്റില്ല, നാളെ പോവാമെന്ന് സാര്‍ പറഞ്ഞു. തനിക്ക് ഇന്ന് പോയേ പറ്റുവെന്ന് മുരളി ചേട്ടനും പറയുന്നുണ്ടായിരുന്നു.

അവര്‍ തമ്മില്‍ തര്‍ക്കം വരെയെത്തി. ഇതിനിടയില്‍ ഷൂട്ട് നടക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നുമില്ല. റോഡിനും പാടത്തിനുമിടയിലുള്ള തോടിലൂടെയും വരമ്പുകളിലൂടെയുമുള്ള ഓട്ടവും വെട്ടാന്‍ ശ്രമിക്കുന്നതുമാണ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. രാവിലെ ഷൂട്ടിങ് തുടങ്ങി ഉച്ചയായപ്പോഴേക്കും രണ്ട് പേരും ചേറില്‍ കുളിച്ചു.

ലഞ്ചിനുള്ള ബ്രേക്ക് പറഞ്ഞപ്പോള്‍ കമല്‍, ഞാന്‍ റൂമില്‍ പോയി കുളിച്ച് ഭക്ഷണം കഴിച്ച് വരാമെന്ന് മുരളി ചേട്ടന്‍ പറഞ്ഞു. മുരളി ചേട്ടന്‍ ഹോട്ടലിലേക്ക് ഡ്രസ് മാറാന്‍ പോയി. ബാക്കി എല്ലാവരും പാട വരമ്പത്ത് നിന്ന് തന്നെ ഉച്ച ഭക്ഷണം കഴിച്ചു. എല്ലാവരും വിശ്രമിച്ചു. അര മണിക്കൂര്‍ ബ്രേക്ക് കഴിഞ്ഞ് രണ്ട് മണിക്കൂറായിട്ടും മുരളി ചേട്ടനെ കാണാതായപ്പോള്‍ കമല്‍ സാറിന്റെ ക്ഷമ നശിച്ചു. അദ്ദേഹം ദേഷ്യപ്പെടാന്‍ തുടങ്ങി. മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്ത കാലമാണ്.

ഹോട്ടലില്‍ പോയപ്പോഴാണ് അറിയുന്നത് റിസപ്ഷനില്‍ ഒരു കുറിപ്പ് എഴുതി വെച്ച് മുരളി ചേട്ടന്‍ മദ്രാസിലേക്ക് പോയെന്ന്. ‘ചെയ്യുന്നത് തെമ്മാടിത്തരം ആണെന്നറിയാം, ക്ഷമിക്കുമല്ലോ വേറെ വഴിയില്ല,’ എന്നായിരുന്നു കുറിപ്പ്.

അന്ന് ഷൂട്ട് ചെയ്ത സ്ഥലത്തിന് ഞങ്ങള്‍ ‘മുരളി മുങ്ങി’ എന്ന് പേരിട്ടു. പിന്നീട് അദ്ദേഹം വന്ന ശേഷം ഷൂട്ട് ചെയ്യുമ്പോള്‍ ഇന്ന് മുരളി മുങ്ങിയുടെ തെക്ക് വശത്തുള്ള പാടത്താണ്, വലത് വശത്തുള്ള പാടത്താണ് ഷൂട്ടെന്നൊക്കെ പറയുമായിരുന്നു. മുരളിയേട്ടനെ അത് പറഞ്ഞ് കുറേ കളിയാക്കിയിട്ടുണ്ട്. ആ സിനിമ റിലീസ് ചെയ്ത് വലിയ ഹിറ്റാവുകയും ചെയ്തു,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: director lal jose talks about actor mural

We use cookies to give you the best possible experience. Learn more