| Saturday, 11th September 2021, 3:47 pm

മുടി വെട്ടുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് പറഞ്ഞ മമ്മൂക്ക പൂജയ്‌ക്കെത്തിയത് തലമൊട്ടയടിച്ച്; അനുഭവം പറഞ്ഞ് ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമൊത്തുള്ള സിനിമാ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്റെ ആദ്യസിനിമയായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടി അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ലാല്‍ ജോസ് പങ്കുവെച്ചത്.

അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന താന്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച് കഥയുമായി മുന്നോട്ടുപോയപ്പോള്‍ ‘നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടോ’ എന്ന് ചോദിച്ച് തനിക്ക് ഡേറ്റ് തന്നയാളാണ് മമ്മൂട്ടിയെന്ന് ലാല്‍ ജോസ് പറയുന്നു.

ഒരിക്കലും മമ്മൂട്ടിയെപ്പോലെ ഒരു വലിയ താരത്തെവെച്ച് ആദ്യ സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ‘നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം’ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ ‘അയ്യോ അത് വേണ്ടെന്നായിരുന്നു’ ആദ്യം തന്റെ വായില്‍ നിന്നു വന്ന മറുപടിയെന്നും ലാല്‍ ജോസ് പറയുന്നു.

കുറിച്ച് ചിത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച ശേഷം മമ്മൂക്കയോട് ഡേറ്റ് ചോദിച്ചു വരാമെന്ന് പറഞ്ഞപ്പോള്‍ നിന്റെ ആദ്യപടത്തിനല്ലാതെ ഞാന്‍ ഡേറ്റ് തരില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും ലാല്‍ജോസ് പറയുന്നു.

മമ്മൂട്ടിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് മനോരമന്യൂസിന് നല്‍കിയ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. ഒപ്പം മറവത്തൂര്‍കനവ് ഷൂട്ടിങ്ങിനിടെയുണ്ടായ ചില സംഭവങ്ങളും ലാല്‍ ജോസ് പങ്കുവെച്ചു.

‘മമ്മൂക്കയുടേയും എന്റേയും സ്വഭാവങ്ങളില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ ഇമോഷണലായിട്ടുള്ള ആളാണ്. പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ആളാണ്. പക്ഷേ ഉള്ള കാര്യങ്ങള്‍ തുറന്നുപറയണമെന്ന് ശീലിച്ച ആളാണ്. മമ്മൂക്കയുമായി വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല കാര്യമെന്താണെന്നാല്‍ ഞാന്‍ മമ്മൂക്കയുടെ അടുത്ത് കാര്യങ്ങള്‍ പറയും. മമ്മൂക്ക ചിലപ്പോള്‍ അത് പറ്റില്ലെന്ന് പറയും. അത് നടക്കില്ല, നീ ചിന്തിക്കുകയേ വേണ്ടെന്നൊക്കെ പറഞ്ഞുകളയും. ഞാന്‍ അപ്പോള്‍ തര്‍ക്കിക്കാനൊന്നും പോകില്ല. കുറച്ചു കഴിഞ്ഞിട്ട് ‘ഒരു പുനര്‍വിചിന്തനത്തിന് സ്‌പേസ് ഉണ്ടോ’ എന്ന് ഞാന്‍ പോയി ചോദിക്കും. നിര്‍ബന്ധമാണെങ്കില്‍ ചെയ്യാമെന്നായിരിക്കാം മമ്മൂക്കയുടെ മറുപടി.

മറവത്തൂര്‍ കനവില്‍ മുടി അങ്ങനെ വെട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞതാണ്. ചാണ്ടിയുടേത് ഷോര്‍ട്ട് ഹെയര്‍ ആണ്. അതല്ലാതെ പറ്റില്ല എന്ന് ഞാനും വാശിപിടിച്ച് നിന്നു. പിറ്റേ ദിവസം പൂജയാണ്. പൂജയുടെ അന്ന് പുള്ളി വരുമ്പോള്‍ മൊട്ടയടിച്ച പോലെ വന്നിരിക്കുന്നു. അത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. ഹെല്‍ത്തി ഫീല്‍ ഉണ്ടാക്കുന്ന ഒരു ഷോര്‍ട്ട് ക്രോപ്പ് ആകണമെന്നേ കരുതിയുള്ളൂ. അയ്യോ മുടി ഇങ്ങനെ ആക്കിയോ എന്ന് ചോദിച്ചപ്പോള്‍ അത് ഷൂട്ട് തുടങ്ങുമ്പോഴേക്കും അല്‍പ്പം വളര്‍ന്ന് ശരിയായിക്കോളും എന്ന് പറഞ്ഞു. തലേദിവസം എന്നോട് ‘മുടി വെട്ടുന്ന കാര്യം നീ സ്വപ്‌നം കാണുകയേ വേണ്ട’ എന്ന് പറഞ്ഞ ആളാണ് രാവിലെ ഇങ്ങനെ വരുന്നത്.

അതുപോലെ ചിത്രത്തില്‍ കോഴിയെ പിറകെ ഓടി പിടിക്കുന്ന ഒരു രംഗമുണ്ട്. അത് എടുക്കാന്‍ വേണ്ടി പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു. ആ അത് ഞാന്‍ സീനില്‍ വായിച്ചിട്ടുണ്ട്. എന്തിനാണ് ഓടിയൊക്കെ പിടിക്കുന്നത് വെറുതെ വന്നിട്ട് കോഴിയെ അങ്ങ് പിടിച്ചാല്‍ പോരെയെന്ന്. അങ്ങനെയും പിടിക്കാം. പക്ഷേ അതിന്റെ പിറകെ ഓടുന്ന രീതിയില്‍ അതൊന്ന് ബില്‍ഡ് ചെയ്യാമെന്ന് വിചാരിച്ചിട്ടുണ്ട്.

ഒക്കെ ശരി ഷോട്ട് എങ്ങനെയാണെന്ന് ചോദിച്ചു. കോഴിയുടെ പിറകെ ക്യാമറ പോവുന്ന ഷോട്ട് എടുത്തിട്ടുണ്ട്. ഇനി മമ്മൂക്ക ക്യാമറ നോക്കി ഓടിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ആ ഷോട്ട് എടുത്തു.

ആ ഷോട്ട് വേണമെങ്കില്‍ വെറുതെ എടുക്കാമായിരുന്നെന്നും എന്നാല്‍ അവന്‍ അത് നന്നായി ചെയ്തു എന്ന് പിന്നീട് മമ്മൂക്ക ആരോടോ പറഞ്ഞു കേട്ടു. അതാണ് ഷൂട്ട് തുടങ്ങിയ ശേഷം എന്നെ കൊണ്ട് പറഞ്ഞ നല്ല കാര്യമായി കേട്ടത്,” ചിരിച്ചുകൊണ്ട് ലാല്‍ ജോസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Lal Jose share his experiance with Mammootty

We use cookies to give you the best possible experience. Learn more