| Wednesday, 21st December 2022, 4:48 pm

ആരോടും പറയരുതെന്ന് അന്ന് ബ്ലെസി പറഞ്ഞു; ആ വാക്ക് ഞാന്‍ തെറ്റിക്കുകയാണ്; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സഹ സംവിധായകനായി സിനിമയിലെത്തിയ ലാല്‍ ജോസ് 1998-ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. റൊമാന്റിക് ത്രില്ലറായ സോളമന്റെ തേനീച്ചകള്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം.

പത്മരാജന്റെ സംവിധാനത്തിലൊരുങ്ങിയ തൂവാനത്തുമ്പികളുടെ ലൊക്കേഷനില്‍ ഫോട്ടോ എടുക്കാന്‍ ചെന്ന താന്‍ ആ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സുഹൃത്തും സംവിധായകനുമായ ബ്ലെസിയുമൊത്തുള്ള ചില അനുഭവങ്ങളുമാണ് ലാല്‍ ജോസ് പങ്കുവെക്കുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ രാഗം സ്റ്റുഡിയോയില്‍ അപ്പ്രെന്റിസ് ആയി ജോലി നോക്കിയിരുന്ന സമയം. ഒറ്റപ്പാലത്ത് പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്.

ലൊക്കേഷനില്‍ ചെന്ന് നടിമാരുടെയൊക്കെ ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ അന്ന് ഉമ്മറിക്ക എന്നോട് പറഞ്ഞു. സ്റ്റുഡിയോയില്‍ ഈ ഫോട്ടോകള്‍ വലുതാക്കി ഫ്രെയിം ചെയ്ത് വെക്കാന്‍ വേണ്ടിയായിരുന്നു അത്.

അങ്ങനെ ഞങ്ങള്‍ ലൊക്കേഷനിലേക്ക് ചെന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചുള്ള സീനുകളാണ് അന്ന് ഷൂട്ട് ചെയ്യുന്നത്. കേരള കൗമുദിയില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കയറാന്‍ അനുമതി കിട്ടി. ആദ്യമായിട്ടാണ് ഞാനൊരു ഷൂട്ടിങ് അടുത്തുനിന്ന് കാണുന്നത്.

സോമേട്ടനും സുമലതയും പാര്‍വതിയുമൊക്കെ അവിടെ ഇരിക്കുന്നുണ്ട്. ഇവരുടെ ഫോട്ടോയെടുക്കാനായി ഞങ്ങള്‍ ചെന്നു. കാസിമിന് സുമലതയുടെയും പാര്‍വ്വതിയുടെയും ഫോട്ടോ മതി. സോമേട്ടന്റെ ഫോട്ടോ വേണ്ട. അവരുടെ അടുത്തു ചെന്നിട്ട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. എടുത്തോളാന്‍ പറഞ്ഞു.

കാസിം ആ സമയത്ത് പാര്‍വതിയുടെയും സുമലതയുടെയും ഫോട്ടോ മാത്രം സൂം ചെയ്ത് എടുത്തു. ഇത് സോമേട്ടന് മനസിലായി. അദ്ദേഹം അപ്പോള്‍ തന്നെ അവനെ ഗെറ്റ് ഔട്ട് അടിച്ചു.

ഞങ്ങള്‍ അങ്ങനെ പുറത്തിറങ്ങി നില്‍ക്കുകയാണ്. ആ സമയത്ത് ലാലേട്ടന്റെ ഒരു സീന്‍ ആണ് എടുത്തുകൊണ്ടിരുന്നത്. എന്ത് സീനാണെന്നൊന്നും എനിക്ക് മനസിലായില്ല. പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക് വന്നിട്ട്, മിസ്റ്റര്‍, ലാലേട്ടന്‍ ഇങ്ങോട്ട് നടന്നു വരുമ്പോള്‍ അങ്ങോട്ട് ഒന്ന് പോകാമോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ ഒരു ബാഗൊക്കെ ഉള്ളത് കൊണ്ട് യാത്രക്കാരന്‍ ആണെന്ന് തോന്നും എന്നുള്ളത് കൊണ്ടായിരുന്നു. ശരി ചെയ്യാമെന്ന് പറഞ്ഞു. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. വെറുതെ ഷൂട്ടിങ് കാണാന്‍ വന്ന ഞാന്‍ അഭിനയിക്കാന്‍ പോവുകയാണല്ലോ.

കുറെ അധികം ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ഇടയില്‍ കൂടി ലാലേട്ടന്‍ ക്രോസ്സ് ചെയ്തു പോവുന്നതാണ് സീന്‍. എന്റെ അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം എന്റെ തോളിലിങ്ങനെ കൈ വെച്ച് എന്നെ നോക്കിയ ശേഷം കടന്നു പോയി. ഞാന്‍ അടിമുടി കോരിത്തരിച്ചു. പക്ഷേ സിനിമ വന്നപ്പോഴാണ് എനിക്ക് മനസിലായത് അതൊരു റിഹേഴ്‌സല്‍ ഷോട്ട് ആണെന്ന്. അതിലെന്നെ കാണാന്‍ പറ്റിയില്ല.

അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സിനിമയില്‍ എത്തി. ഡയറക്ടര്‍ ആയതിനു ശേഷം ഒരിക്കല്‍ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഞാനും ബാബു ജനാര്‍ദ്ദനനും ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചര്‍ച്ചയില്‍ ആയിരുന്നു. അന്ന് വൈകുന്നേരം അവിടെ ബ്ലെസി വന്നു. ബ്ലെസിയും ബാബു ജനാര്‍ദ്ദനനും അടുത്ത സുഹൃത്തുക്കളാണ്. എനിക്കും അദ്ദേഹത്തെ പരിചയം ഉണ്ട്.

ബ്ലെസി എന്താ സിനിമ സംവിധാനം ചെയ്യാത്തതെന്ന് ഞാന്‍ ചോദിച്ചു. പ്ലാനൊക്കെ നടക്കുണ്ടെന്നായിരുന്നു ബ്ലെസിയുടെ മറുപടി. ‘ വേഗം പ്ലാന്‍ ചെയ്‌തോ നിങ്ങള്‍ സിനിമയില്‍ അഭിനയിപ്പിച്ച ജൂനിയര്‍ ആര്‍ടിസ്റ്റ് വരെ ഡയറക്ടറായി കഴിഞ്ഞു’ എന്ന് ഞാന്‍ പറഞ്ഞു.

ആ പറഞ്ഞത് ബ്ലെസിക്ക് മനസിലായില്ല. അതാരാ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഈ ഞാന്‍ തന്നെയെന്ന്. തൂവാനത്തുമ്പികളില്‍ ആ പാസിംഗ് ഷോട്ടില്‍ എന്നെ അഭിനയിപ്പിച്ചത് ബ്ലെസി ആയിരുന്നു.

നീ ഇനിയും സിനിമ എടുത്തില്ലെങ്കില്‍ നാണക്കേടാവുമെന്നും ഈ കഥ ഞാന്‍ നാട്ടുകാരോടൊക്കെ പറയുമെന്നും പറഞ്ഞു. ആരോടും പറയരുതെന്നും ഞാന്‍ ഇത്രയും ലേറ്റ് ആയി എന്ന് ആളുകള്‍ വിചാരിക്കുമെന്നുമായിരുന്നു ബ്ലെസിയുടെ മറുപടി. ഇല്ല ആരോടും പറയില്ലെന്ന് ഞാന്‍ ബ്ലെസിക്ക് വാക്ക് കൊടുത്തു. ആ വാക്ക് ഞാന്‍ ഇപ്പോള്‍ തെറ്റിക്കുകയാണ്,’ ലാല്‍ ജോസ് പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതമാണ് ബ്ലെസിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlight: Director Lal Jose about Blessy

We use cookies to give you the best possible experience. Learn more