| Tuesday, 26th September 2023, 1:59 pm

അറിയപ്പെടുന്ന സംവിധായകനാണെന്ന് പൊലീസ് സ്റ്റേഷനിൽ പറഞ്ഞിട്ട് കാര്യമില്ല, മോഷണം പരാതിപ്പെടാൻ പോയ ഞാൻ അപമാനിതനായി മടങ്ങി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുല്ല സിനിമയുടെ ലൊക്കേഷനിൽ വെച്ച് തന്റെ പേഴ്‌സ്  അടിച്ചു പോയ അനുഭവം പങ്കുവെക്കുകയാണ്  സംവിധായകൻ ലാൽ ജോസ്. തന്റെ എ.ടി.എം കാർഡും പിൻനമ്പറും അടങ്ങിയിട്ടുള്ള  കവർ അടങ്ങിയിട്ടുള്ള പേഴ്‌സാണ് കളഞ്ഞു പോയതെന്നും  പരാതി കൊടുക്കാൻ പോയപ്പോൾ പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

‘മുല്ലയുടെ ഷൂട്ടിങ്ങിനിടയിൽ കാനറാ  ബാങ്കിൽ ഞാൻ ഒരു അക്കൗണ്ട് എടുത്തിരുന്നു.  എ.ടി.എം കാർഡും അതിന്റെ പിൻനമ്പറും വെച്ചുള്ള കവർ പഴനിയിലെ  ഹോട്ടലിലേക്ക് അവർ കൊറിയർ ചെയ്തു. ഷൂട്ടിങ്ങിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് എനിക്കത് തരുന്നത്. അത്  എന്റെ  പോക്കറ്റിലെ  പേഴ്സിൽ  വെച്ചിട്ടാണ് പോയത്.

പാലക്കാട് കോട്ടമൈതാനത്തിനടുത്ത് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് ഒരു ആവശ്യവുമില്ലാതെ, കാണാൻ നിൽക്കുന്ന ആളുകൾക്കിടയിൽ ഉന്തും തള്ളും ഉണ്ടായി. പുറകിൽ നിൽക്കുന്ന ആളുകൾ എന്റെ ദേഹത്തേക്ക് ചായുകയും അത് കുറച്ച് അസ്വസ്ഥത ഉണ്ടാക്കുകയും യൂണിറ്റുകാർ  ഇടപടുകയും ചെയ്തു.

പെട്ടെന്ന് എന്റെ  പോക്കറ്റിന് ഭാരക്കുറവ്  തോന്നിയപ്പോൾ പേഴ്സ് അടിച്ചുപോയെന്ന് എനിക്ക് മനസ്സിലായി. രാത്രി പത്തുമണി ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഞാൻ ഉടനെ തന്നെ പാലക്കാട് പൊലീസ് സ്റ്റേഷനിൽ പോയി.  ഞാൻ അന്നാണ് മനസ്സിലാക്കിയത് ഈ പൊലീസ് സ്റ്റേഷൻ എന്ന് പറയുന്ന സ്ഥലങ്ങളിൽ അറിയപ്പെടുന്ന സംവിധായകനാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന്.  ഞാൻ അവരോട് പറയുന്നുണ്ട് ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഉന്തിനും  തള്ളിനുമിടയിലാണ്   പോക്കറ്റ് അടിച്ചു പോയത് എന്ന്. നിങ്ങൾ സിനിമാക്കാർക്ക് ഒരു വിചാരമുണ്ട് ,നിങ്ങൾ വിചാരിക്കുന്നിടത്ത് എല്ലാവരും മാറിനിൽക്കണം  എന്നൊക്കെ ഒരു പൊലീസുകാരൻ എന്നോട് പറയുന്നുണ്ട്.

ഉണ്ടായ സംഭവമെല്ലാം പറഞ്ഞു കൊടുത്തപ്പോൾ  ‘ഈ ഏരിയയിൽ അങ്ങനെ പോക്കറ്റടിക്കാർ  ഒന്നുമില്ല’ എന്ന് പറഞ്ഞ് ഞാൻ  പറയുന്നതൊക്കെ അദ്ദേഹം  നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യണം, കാരണം എന്റെ കാർഡും  പിൻനമ്പറും അടങ്ങിയിട്ടുള്ള പേഴ്‌സാണ് കളഞ്ഞുപോയത് എന്ന് പറഞ്ഞപ്പോൾ ഭയങ്കര ചിരി ചിരിച്ചിട്ട് ‘നിങ്ങൾ സിനിമാക്കാർ  ഇത്ര വിഡ്ഢികളാണോ, നിങ്ങളിത്രയും  സിനിമകൾ  സംവിധാനം ചെയ്ത ഒരാളല്ലേ, പിൻനമ്പറും കാർഡും  ഒരുമിച്ച് വെക്കാൻ പാടില്ല എന്ന് നിങ്ങൾക്കറിയില്ലേ’ എന്ന് ചോദിച്ചു.

അതൊക്കെ എനിക്കറിയാമെന്നും  ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോഴാണ് എനിക്ക് ഹോട്ടലിൽ നിന്ന് അത്  കിട്ടിയതെന്നും, അപ്പോഴത്തെ  ആ തിരക്കിൽ റൂമിൽ  വെക്കാൻ കഴിഞ്ഞില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ ചെയ്തത് തെറ്റാണ്, ഇനി അത്  പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഇനി അടുത്തത് എന്താണ് ചെയ്യാൻ പറ്റുന്നതെന്ന്  ആലോചിക്കാം എന്ന്  ഞാൻ പറഞ്ഞു നോക്കി.

ആ ബഹളത്തിനിടയിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞ് യൂണിറ്റുകാർ പൊലീസ്  സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ബഹളം ഉണ്ടാക്കിയ രണ്ടുപേരിൽ ഇവരുണ്ടായിരുന്നു, ഇവരോട് ചോദിച്ചാൽ അറിയാം, എന്നൊക്കെ ഞാൻ  പൊലീസിനോട് പറഞ്ഞു. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാൻ വന്നതാണ് തങ്ങളെന്ന് അവർ പറഞ്ഞു. അപ്പോൾ അവിടുത്തെ  വനിതാ കോൺസ്റ്റബിൾ ആ പയ്യന്മാരിൽ ഒരാളുടെ മുഖത്ത് അടിച്ചു, മലയിൽ നിന്ന് എപ്പോഴാ വന്നത് എന്ന് ചോദിച്ചു. അത് അവരുടെ കസിൻ ബ്രദർ ആയിരുന്നു, അവർ ശബരിമലയിലേക്ക് പോയതായിരുന്നു.

അവരുടെ പൊലീസ് സ്റ്റേഷനിലേക്ക് സംശയിക്കുന്ന ആളായി അവൻ വന്നത്  അവർക്ക് ഭയങ്കര നാണക്കേടായി.

പിന്നെ പോലീസുകാരുടെ ആറ്റിറ്റ്യൂഡിൽ വ്യത്യാസം വന്നു. ഞാൻ എന്തോ  തെറ്റ് ചെയ്ത പോലെയാണ് ആ കോൺസ്റ്റബിൾ ലേഡി എന്നോട് പെരുമാറിയത്. എനിക്ക് പരാതിയുണ്ട് എന്ന് പറഞ്ഞപ്പോൾ എഴുതി കൊടുത്ത് പോകാൻ പറഞ്ഞു. വളരെ നിരാശയോടെയും  അപമാനത്തോടെയുമാണ്  ഞാൻ  പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്.

12 മണിക്ക് ഒരു മിനിട്ടുള്ളപ്പോൾ 20000 രൂപ എൻറെ അക്കൗണ്ടിൽ നിന്ന്  പിൻവലിച്ചെന്ന് മൊബൈലിലേക്ക്  മെസ്സേജ് വന്നു. 12 മണി കഴിഞ്ഞ് ഒരു മിനിട്ടുള്ളപ്പോൾ അടുത്ത 20000 രൂപയും പിൻവലിച്ചു. ബാങ്കിൽ ആകെ  ഉണ്ടായ 40000 രൂപയും അവരെടുത്തു. പിന്നെ ഞാൻ പൊലീസ് സ്റ്റേഷനിൽ  പോകാനോ കംപ്ലൈന്റ് ചെയ്യാനോ ഒന്നിനും പോയില്ല. അവിടെ സംസാരിച്ചു നിൽക്കുമ്പോൾ തന്നെ പൊലീസുകാർ പാലക്കാടുള്ള കാനറാ ബാങ്കിന്റെ എ.ടി.എമ്മിൽ  പോയി അനേഷിച്ചിരുന്നെങ്കിൽ അവരെ കിട്ടുമായിരുന്നു.

അതിന് ശേഷം  കാനറാ ബാങ്കിൽ ഞാൻ അക്കൗണ്ട് തുടർന്നില്ല. എ.ടി.എമ്മിൽ ക്യാമറ ഇല്ലാത്തതുകൊണ്ട് കള്ളന്  അത്  വളരെ സൗകര്യമായി.പൊലീസ് സ്റ്റേഷനിലെ ആ രാത്രി ഞാൻ  ഒരിക്കലും മറക്കില്ല  നാണംകെട്ട അപമാനിമിക്കപെട്ട   ഒരു രാത്രിയായിരുന്നു അത്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight: Director Lal Jose said that his wallet was stolen on the location of Mulla movie

Latest Stories

We use cookies to give you the best possible experience. Learn more