തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീരോര്‍മ്മകളുമായി സംവിധായകന്‍ ലാല്‍ ജോസ്.
ആദ്യമായി അനില്‍ പനച്ചൂരാനെ കണ്ടുമുട്ടിയതിനെ കുറിച്ചും തങ്ങളുടെ സൗഹൃദത്തെ കുറിച്ചുമാണ് ലാല്‍ ജോസ് ഫേസ്ബുക്കില്‍ എഴുതിയത്. വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് തന്റെ ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും പറയാതെ അവനങ്ങ് പോയെന്നും ലാല്‍ ജോസ് പറയുന്നു.
‘പനച്ചൂരാന്‍ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ സമാജത്തില്‍ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേള്‍വിയില്‍തന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളില്‍ പെട്ടു പോയതിനാല്‍ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടന്‍ കായംകുളത്തേക്ക് ചാത്തന്‍മാരെ അയച്ചിട്ടുണ്ടാകണം.
അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യില്‍ ചുരുട്ടിപിടിച്ച പോളിത്തിന്‍ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതന്‍ ആശുപത്രിമുറിയുടെ വാതിലില്‍ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു.
ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാന്‍ കവിതയുടെ രണ്ട് പകലിരവുകള്‍ പിന്നിട്ടപ്പോള്‍ മലയാളസിനിമയില്‍ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം.
തിരക്കുകള്‍ക്കിടയില്‍ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകള്‍. എന്റെ പ്രയാസദിനങ്ങളില്‍ ഔഷധമാക്കാനായി അവന്റെ പാടലുകള്‍ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളില്‍ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.
ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകള്‍ അവനെ കണ്ട നാള്‍ മുതല്‍ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങള്‍ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങള്‍ പെരുകുന്നുവെന്നും അറിഞ്ഞപ്പോള്‍ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാര്‍ത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എഴുതാന്‍ വിളിച്ചു, ജിമിക്കി കമ്മല്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ, ഒന്നും പറയാതെ അവനങ്ങ് പോയി
സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരന്‍മാര്‍ കൂടി ഇനി ചോര വീണമണ്ണില്‍ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കല്‍ ചുണ്ടില്‍ കേറിയാല്‍ പിന്നെ ഇറങ്ങിപോകാത്ത വിധം വരികള്‍ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നില്‍ ഞാന്‍ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം’.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക