Movie Day
ഞാന്‍ നോക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍ വോഡ്ക കഴിക്കുകയാണ്, കാലിലാണെങ്കില്‍ ഭയങ്കര നീരും; ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല: ലാല്‍ ജോസ്
രണ്ടാംഭാവം സിനിമ ഷൂട്ടിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ആ പടത്തിന്റെ ഷൂട്ട് തീര്‍ത്തതെന്നും താന്‍ ആഗ്രഹിച്ച ഒരു വിജയം ആ സിനിമയ്ക്ക് ലഭിച്ചില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
ഷൂട്ടിനിടെ സുരേഷ് ഗോപിയുടെ അച്ഛന്‍ മരിച്ചതും തിലകന്‍ ആശുപത്രിയിലായതുമെല്ലാം സിനിമയുടെ ഷൂട്ടിങ്ങിനെ ബാധിച്ചെന്നും ഇന്നും തന്റെ നല്ല സിനിമയുടെ കൂട്ടത്തില്‍ രണ്ടാംഭാവത്തെ ചിലര്‍ പറയുന്നതുകേള്‍ക്കുമ്പോള്‍ ദേഷ്യമാണ് തോന്നാറെന്നും ലാല്‍ ജോസ് പറയുന്നു. ഈ പറയുന്നവര്‍ അന്ന് തിയേറ്ററില്‍ ആ സിനിമ കണ്ടിരുന്നെങ്കില്‍ അങ്ങനെയൊരു പരാജയം സിനിമ നേരിടേണ്ടി വരില്ലായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.
‘ കുടുംബപശ്ചാത്തലവും ആക്ഷനും ചേര്‍ന്ന ഒരു സിനിമയായിരുന്നു രണ്ടാംഭാവം. നാട്ടിലെ സുരേഷ് ഗോപിയുടെ അച്ഛനായി അഭിനയിച്ചത് നരേന്ദ്ര പ്രസാദ് സാറും മംഗലാപുരത്തെ സുരേഷ് ഗോപിയുടെ പിതൃതുല്യനായിട്ടുള്ള ആളായി അഭിനയിച്ചത് തിലകന്‍ ചേട്ടനുമാണ്. അങ്ങനെ ആദ്യ ദിവസത്തെ ഷൂട്ട് മദ്രാസില്‍ തുടങ്ങി.
ഞാന്‍ സെറ്റിലേക്ക് വരുമ്പോള്‍ തിലകന്‍ ചേട്ടന്‍ സെറ്റിലുണ്ട്. നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍ നല്ല നീരുണ്ട്. നീരുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് വന്നും പോയും ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നന്നായി നീര് തോന്നുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും വേണമെങ്കില്‍ ഡോക്ടറെ കാണാമെന്നും ഞാന്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും അതിന്റെ സൈഡ് എഫക്ട് ആണെന്നും പറഞ്ഞ് അദ്ദേഹം അത് തള്ളിക്കളഞ്ഞു.
അങ്ങനെ ഉച്ചയ്ക്ക് ബ്രേക്കിന്റെ സമയത്ത് ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കാതെ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോള്‍ കാണുന്നത് ആ ഗ്ലാസിന്റെ സൈഡില്‍ പച്ചമുളക് കട്ട് ചെയ്ത് വെച്ചതാണ്. പച്ചമുളക് ഗ്ലാസില്‍ ഇട്ടുവെച്ചിട്ടുമുണ്ട്.
അദ്ദേഹം കഴിക്കുന്നത് വോഡ്ക്കയാണെന്ന് എനിക്ക് മനസിലായി. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സാര്‍ കാലിന് നീരുണ്ട്, എന്തോ കുഴപ്പമുണ്ട്. അതിന്റെ കൂട്ടത്തില്‍ ഇത് കഴിക്കുന്നത് ശരിയല്ല. എന്തെങ്കിലും പ്രശ്‌നം വരുമോ എന്ന് പേടിയുണ്ട്. നമുക്ക് ഷൂട്ട് കഴിഞ്ഞ് ഡോക്ടറെ കാണാമെന്ന് സ്‌നേഹപൂര്‍വം പറഞ്ഞു.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ആ രീതിയില്‍ എന്നോട് സംസാരിക്കുകയും ചെയ്തു. അന്ന് സെറ്റില്‍ നടി പൂര്‍ണിമയുടെ അച്ഛന്‍ അഡ്വ. മോഹനും ഭാര്യയും ഉണ്ടായിരുന്നു. തിലകന്‍ ചേട്ടനോട് നിങ്ങള്‍ ഒന്ന് സംസാരിക്കണമെന്നും ഞാന്‍ പറഞ്ഞിട്ട് അദ്ദേഹം കേള്‍ക്കുന്നില്ലെന്നും അദ്ദേഹത്തിന് കാര്യമായി എന്തോ തകരാറുണ്ടെന്നും ഞാന്‍ അവരോട് പറഞ്ഞു.
സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ശ്വാസതടസം ഉള്ളതു പോലെയൊക്കെ എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഞാന്‍ ആണെങ്കില്‍ പുള്ളിയുടെ കൂടെ അധികം പടം ചെയ്തിട്ടില്ല. വല്ലാതെ ശാസിച്ച് പറയാനും നിര്‍ബന്ധം പൂര്‍വം പറയാനുള്ള ബന്ധമായിട്ടില്ല.
സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷണന്‍ ചേട്ടനുണ്ട്. അദ്ദേഹത്തോട് ഒന്നു സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും പറ്റില്ലെന്ന് പറഞ്ഞു തന്നോട് ബഹളത്തിന് വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒടുവില്‍ എല്ലാവരുംകൂടി ഇദ്ദേഹത്തോട് സംസാരിച്ചു. ഡോക്ടറെ കാണന്‍ വേണ്ടി നിര്‍ബന്ധിച്ചു.
പിറ്റേ ദിവസം രാവിലെ ഷൂട്ടിന് വരുന്നതിന് മുന്‍പ് മദ്രാസിലെ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഉടനെ തന്നെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. കാര്യമായി കിഡ്‌നിയെ മറ്റോ ബാധിക്കുന്ന തരത്തില്‍ അസുഖം വന്നിട്ടുണ്ടെന്ന് പറഞ്ഞു. മദ്യമപിച്ചതൊക്കെ മോശമായി ബാധിച്ചിട്ടുണ്ടായിരുന്നു.
കുറച്ചുമാസങ്ങള്‍ നീണ്ട ചികിത്സ അദ്ദേഹത്തിന് വേണ്ടി വരുമെന്നും അഭിനയിക്കാന്‍ വിടാന്‍ പറ്റില്ലെന്നും പറഞ്ഞു. ഞാന്‍ ആകെ ധര്‍മസങ്കടത്തിലായി. ഒരു ദിവസത്തെ ഷൂട്ടല്ലേ കഴിഞ്ഞിട്ടുള്ളൂ, അദ്ദേഹത്തെ മാറ്റി വേറെ നടനെ കാസ്റ്റ് ചെയ്യാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഞാന്‍ അതിന് തയ്യാറായില്ല.
ബാക്കിയുള്ള ഷൂട്ട് തീര്‍ക്കാമെന്നും അപ്പോഴേക്കും അദ്ദേഹം വരുമെന്നും കരുതി. പക്ഷേ അസുഖം മാറാന്‍ പിന്നേയും സമയമെടുത്തു. ഈ സിനിമ ഭയങ്കര നിര്‍ഭാഗ്യങ്ങളുണ്ടായ സിനിമയായിരുന്നു. ഷൂട്ടിനിടെ സുരേഷ് ഗോപിയുടെ അച്ഛന്‍ മരിച്ചു. അദ്ദേഹം 41 ദിവസം കഴിഞ്ഞിട്ടേ ഇനി അഭിനയിക്കാന്‍ വരൂ എന്ന് പറഞ്ഞു. സിനിമ ഷെഡ്യൂളായി. അത്തരത്തില്‍ നിരവധി തവണ സിനിമയുടെ ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director Lal Jose about Thilkan Health condition and Issues