| Wednesday, 20th September 2023, 11:21 am

ആളുകള്‍ക്ക് ഇത്രയും ലജ്ജയില്ലാതെ, മനസാക്ഷിയില്ലാതെ പെരുമാറാന്‍ കഴിയുമെന്ന് ഞാന്‍ മനസിലാക്കിയത് അന്നാണ്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട വലിയ പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട് റിലീസ് ചെയ്ത ചിത്രത്തിന്റെ റിലീസിന് തടസമായത് നിര്‍മാതാവ് റെജി പുത്തേഴത്ത് തന്നെയായിരുന്നെന്നും പലരില്‍ നിന്നായി ലക്ഷങ്ങള്‍ കടം വാങ്ങി തനിക്ക് സിനിമ റിലീസ് ചെയ്യേണ്ടി വന്നെന്നും എന്നാല്‍ സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ യാതൊരു നാണവുമില്ലാതെ വന്ന് നിര്‍മാതാവ് അവാര്‍ഡ് തുക വാങ്ങിപ്പോയെന്നുമാണ് ലാല്‍ ജോസ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറയുന്നത്.

‘പ്രിന്റ് റെഡിയായി അടുത്ത ദിവസം സിനിമ റിലീസാണ്. പി.കെ.ആര്‍ പിള്ളയുടെ ഷിര്‍ദി സായ് ഫിലിംസാണ് പടം റിലീസിന് എടുത്തിരിക്കുന്നത്. അദ്ദേഹം പ്രിന്റ് കൊണ്ടുവരുന്ന സമയത്ത് ലാബിലേക്ക് പോയി അവിടെ നിന്ന് പരിഭ്രാന്തനായി എന്നെ വിളിച്ചു.

ലാലു, ഇവിടെ ജെമിനി ലാബില്‍ ഒരു കത്ത് കിടപ്പുണ്ട്. മദ്രാസിലെ സിനിമാക്കാര്‍ക്ക് പണം കടം കൊടുക്കുന്ന സഞ്ജയ് ബാദ്വ എന്നയാളുടെ കത്താണ്.

അയാള്‍ക്ക് ഈ പടത്തിന്റെ നിര്‍മാതാവായ റജി പുത്തേഴത്ത് പൈസ കൊടുക്കാനുണ്ടെന്നും അത് കൊടുക്കാതെ സിനിമ റിലീസ് ചെയ്യാന്‍ പറ്റില്ലെന്നുമാണ് പറയുന്നത്. പണം എത്രയാണെന്നും അറിയില്ല. അദ്ദേഹത്തെ സെറ്റില്‍ ചെയ്തതിന് ശേഷമേ പ്രിന്റ് റിലീസ് ചെയ്യാന്‍ പറ്റുകയുള്ളു എന്നാണ് പറയുന്നത്. ആ കത്തുള്ളത് കൊണ്ട് തന്നെ ലാബില്‍ നിന്ന് നമുക്ക് പ്രിന്റ് തരില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സിനിമ റിലീസാണ്. ഇത് നടക്കുന്നത് ബുധനാഴ്ചയാണ്.

ഞങ്ങള്‍ പരിഭ്രാന്തരായി സഞ്ജയ് ബാദ്വയുടെ ഓഫീസില്‍ പോയി കാര്യം അന്വേഷിച്ചപ്പോള്‍ അവിടെയുള്ള ഒരാളില്‍ നിന്ന് അറിഞ്ഞത് ഈ സിനിമയുടെ നെഗറ്റീവ് പ്ലഡ്ജ് ചെയ്തിട്ട് റെജി പുത്തേഴത്ത് അഞ്ച് ലക്ഷം രൂപ വാങ്ങിച്ചിട്ടുണ്ടെന്നാണ്. ആ പൈസയാണ് പുള്ളി ഇതിനിടെ ഈ സിനിമയ്‌ക്കെന്ന പേരില്‍ ഞങ്ങള്‍ക്ക് കൊണ്ടു തന്നത്. ആ പണം അവിടെ അടയ്ക്കാതെ സിനിമ റിലീസ് ചെയ്യാനാവില്ല.

എനിക്കാണെങ്കില്‍ ഇനിയെന്ത് ചെയ്യുമെന്നും അറിയില്ല. ഞാന്‍ ദുബായിലും കുവൈറ്റിലുമുള്ള എന്റെ കുറച്ച് സുഹൃത്തുകളെ വിളിച്ചിട്ട് സഹായിക്കണമെന്ന് പറഞ്ഞു.

അവരെല്ലാവരും അന്ന് ഒറ്റ ദിവസകൊണ്ട് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് എനിക്ക് തന്നു. എന്നിട്ട് ആ പൈസയും കൊണ്ട് സഞ്ജയ് എന്നയാളെ കാണാന്‍ പോയി. അദ്ദേഹം ഏതോ ഒരു കല്യാണത്തിലായിരുന്നു. കല്യാണ ബഹളത്തിനിടയില്‍ ഞാന്‍ ഇവിടെ നെഞ്ചിടിപ്പോടെ അഞ്ച് ലക്ഷവുമായി കാറിലിരിക്കുകയാണ്.

അപ്പോഴൊന്നും അവിടെ നിര്‍മാതാവായ റെജി പുത്തേഴത്തിനെ കാണാനുണ്ടായിരുന്നില്ല. അങ്ങനെ സഞ്ജയിനെ കണ്ട് എന്നെ പരിചയപ്പെടുത്തി. പ്രൊഡ്യൂസര്‍ പൈസ വാങ്ങിയ വിവരം അറിയില്ലായിരുന്നെന്നും മറ്റന്നാള്‍ റിലീസാണെന്നും താങ്കള്‍ ആ കത്ത് പിന്‍വലിക്കണമെന്നും ഞങ്ങള്‍ പൈസ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

പൈസ തന്നാല്‍ ഇപ്പോള്‍ തന്നെ പിന്‍വലിക്കുമെന്ന് അയാളും പറഞ്ഞു. അങ്ങനെ അഞ്ച് ലക്ഷം രൂപ ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. കാറിലേക്ക് കയറുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഇനി അഞ്ച് ലക്ഷം രൂപ കൂടി വേണം, റെജി പുത്തേഴത്ത് അയാളില്‍ നിന്ന് വാങ്ങിയത് പത്ത് ലക്ഷം രൂപയാണെന്നും. നാളെ രാവിലെ കൊണ്ടുവന്നാലും മതിയെന്ന് പറഞ്ഞ് അയാള്‍ കാറില്‍ കയറി പോയി.

ഞാന്‍ തിരിച്ച് കാറില്‍ കയറിയാന്‍ നില്‍ക്കുമ്പോള്‍ എന്റെ കാലിന്റെ തള്ള വിരലില്‍ നിന്ന് മുകളിലേക്ക് ഒരു തണുപ്പ് കയറി. ആദ്യമായിട്ടാണ് എനിക്ക് അങ്ങനെ ഒരു അനുഭവം. ഞാന്‍ ബോധംകെട്ട് അവിടെ വീണു. എല്ലാവരും കൂടി എന്നെ കാറിലേക്ക് എടുത്ത് കിടത്തി. ആശുപത്രിയിലേക്ക് പോകുകയാണ്.

എനിക്ക് അറ്റാക്ക് ആണെന്നാണ് എല്ലാവരും കരുതിയത്. കുറച്ച് കഴിഞ്ഞ് കാറിന്റെ ഗ്ലാസ് താഴ്ത്തി കാറ്റടിച്ചപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു.

വെള്ളിയാഴ്ച റിലീസാണ്. ബാക്കി അഞ്ച് ലക്ഷം കൂടി കൊടുത്താലേ ഇനി സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുകയുള്ളു എന്തു ചെയ്യുമെന്നായിരുന്നു എന്റെ ചിന്ത.

ആ പൈസ പിന്നെ കടം വാങ്ങിച്ച് വരുമ്പോഴേക്കും ശനിയാഴ്ചയായി. വെള്ളിയാഴ്ച റിലീസ് നടന്നില്ല. സലിം കുമാര്‍ നായകനാവുന്നു എന്ന പബ്ലിസിറ്റിയുടെ ഭാഗമായി വെള്ളിയാഴ്ച തിയേറ്ററില്‍ ആളുണ്ടായിരുന്നു. പക്ഷേ തിങ്കളാഴ്ചയാണ് പടം റിലീസായത്. അത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ആ സിനിമയുടെ കളക്ഷനെയും നന്നായിട്ട് ബാധിച്ചു.

അങ്ങനെ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച രണ്ടാമത്തെ നടനുമുള്ള അവാര്‍ഡ് സിനിമയ്ക്ക് കിട്ടി. മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും കൂടി ഒരു ലക്ഷം രൂപയാണ്. ആ ഒരു ലക്ഷത്തിന്റെ ചെക്ക് കിട്ടിയാല്‍ പടത്തിന് വേണ്ടി വാങ്ങിയ കടം തിരിച്ചുകൊടുക്കാലോ എന്ന് ഞാന്‍ കരുതി. 40000 രൂപ സംവിധായകനും 60000 രൂപ നിര്‍മാതാവിനുമാണ് തുക.

അങ്ങനെ അവാര്‍ഡ് ചടങ്ങില്‍ ഞാന്‍ എത്തി. വേദിയില്‍ നിന്ന് സംവിധായകന്റേയും നിര്‍മാതാവിന്റേയും പേര് വിളിച്ചപ്പോള്‍ വെളുക്കെ ചിരിച്ച് കൊണ്ട് ഖദര്‍ കുപ്പായം ഇട്ടുകൊണ്ട് റെജി പുത്തേഴത്ത് ഭാര്യാസമേതനായി സ്റ്റേജിലേക്ക് വന്നു. അദ്ദേഹം എനിക്കൊപ്പം സ്റ്റേജില്‍ വന്ന് ചെക്കും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും ഒരു നാണവുമില്ലാതെ വാങ്ങി.

സ്റ്റേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആ 60000 ന്റെ ചെക്ക് എനിക്ക് തരണമെന്നും പടം റിലീസ് ചെയ്യാന്‍ ഒരുപാട് പേരുടെ അടുത്ത് നിന്ന് കടം വാങ്ങിയിച്ചിട്ടുണ്ടെന്നും ആ പൈസയെങ്കിലും എനിക്ക് തരണം എന്നും പറഞ്ഞു. തീര്‍ച്ചയായും ലാല്‍ ജോസ്, തീര്‍ച്ചയായും എന്നായിരുന്നു അയാളുടെ മറുപടി.

ആളുകള്‍ക്ക് ഇത്രയും ലജ്ജയില്ലാതെ, മനസാക്ഷിയില്ലാതെ പെരുമാറാന്‍ കഴിയുമെന്ന് ഞാന്‍ മനസിലാക്കിയത് അന്നാണ്. ഇതിന് പിറകിലുണ്ടായ കണ്ണീര്‍കഥകളൊന്നും അയാളെ സ്പര്‍ശിച്ചിട്ടേയില്ല. അയാള്‍ എന്തിനാണ് ഈ സിനിമ ചെയ്യാന്‍ വന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ചിലപ്പോള്‍ അയാളുടെ ജാതകത്തില്‍ ഒരു സ്‌റ്റേറ്റ് അവാര്‍ഡ് വീട്ടിലെ ഷെല്‍ഫില്‍ ഇരിക്കണമെന്ന് യോഗമുണ്ടാകും.

അങ്ങനെ പ്രോഗ്രാം കഴിഞ്ഞ് അന്ന് രാത്രിയിലെ ഡിന്നറിന് അയാളും ഭാര്യവും ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ഭാര്യയുള്ളതുകൊണ്ട് എനിക്ക് അയാളെ പോയി ചീത്തവിളിക്കാനും പറ്റില്ല. ആ പാവം സ്ത്രീ എന്ത് പിഴച്ചു. ഇയാളുടെ സ്വഭാവം അനുസരിച്ച് ഈ കാര്യമൊന്നും അവരോട് പറഞ്ഞിട്ടുമുണ്ടാകില്ല.

അങ്ങനെ ഞാന്‍ അവരുടെ ടേബിളിനടുത്തെത്തി. നമുക്ക് പോകുന്നതിന് മുന്‍പൊന്ന് കാണണം മനസിലായില്ലേ എന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ ഉടനെ കാണാമെന്ന് അയാള്‍ പറഞ്ഞു. ഡിന്നര്‍ കഴിഞ്ഞ ശേഷം റെജി പുത്തേഴത്ത് എന്നയാളെ ഞാന്‍ കണ്ടിട്ടേയില്ല. 2005 ലാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് ഇന്ന് വരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Director Lal Jose about the struggles he faced on Achanurangatha veedu Movie Release

Latest Stories

We use cookies to give you the best possible experience. Learn more