| Thursday, 5th October 2023, 4:10 pm

'ഈ സിനിമയുമായി മുന്നോട്ട് പോയാല്‍ നിങ്ങള്‍ കുഴപ്പത്തിലാവും', ആ കോളിന് ശേഷം ആകെ പരിഭ്രാന്തിയിലായി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ‘സ്പാനിഷ് മസാല’ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് വന്ന ഒരു ഫോണ്‍ കോളിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തനിക്ക് ഒരു അപരിചിതനില്‍ നിന്നും കോള്‍ വന്നിരുന്നെന്നും നിങ്ങള്‍ ഇതില്‍ ചെന്ന് ചാടരുതെന്ന് അയാള്‍ മുന്നറിയിപ്പ് തന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ടാഴ്ച്ച മുമ്പ് എനിക്കൊരു കോള് വന്നു. നൗഷാദ് (നിര്‍മ്മാതാവ്) സാമ്പത്തികമായി കുറച്ച് പ്രശ്‌നത്തിലാണ്. അയാള്‍ ഇന്ത്യയില്‍ പല നഗരങ്ങളിലും ഹോട്ടലുകള്‍ തുടങ്ങാന്‍ വേണ്ടി വലിയ ഇന്‍വസ്റ്റുമെന്റുകള്‍ നടത്തിയിട്ട് അതില്‍ പാര്‍ട്ണറായവരില്‍ ഒരാള്‍ പിന്മാറിയെന്നോ മറ്റോ ആണ് പറഞ്ഞത്. വ്യക്തമായിട്ട് ഒന്നും പറഞ്ഞില്ല. നിങ്ങള് ഈ സ്‌പെയിനിലൊക്കെ വച്ചു ചെയ്യുന്ന സിനിമ വലിയ റിസ്‌ക്കിലേക്കാണ് പോകുന്നത്. അയാള്‍ക്കത് കംപ്ലീറ്റ് ചെയ്യാന്‍ പറ്റില്ല. സൂക്ഷിക്കണം എന്നു പറഞ്ഞു.

നിങ്ങളാരാണെന്ന് ചോദിച്ചപ്പോള്‍ ഒരു അഭ്യുദയകാംഷിയാണെന്ന് കൂട്ടിക്കോളൂ എന്നു പറഞ്ഞു. താനും സിനിമയില്‍ ഉള്ള ആളാണ്. നിങ്ങളെയും അയാളെയും എനിക്കറിയാവുന്നത് കൊണ്ടും, നിങ്ങളുടെ രീതികള്‍ അറിയാവുന്നത് കൊണ്ടും നിങ്ങളെ ആദ്യം തന്നെ അറിയിച്ചതാണ്. നിങ്ങള്‍ ഇതില്‍ ചെന്ന് ചാടരുത് എന്നു പറഞ്ഞു.

ഞാന്‍ ഉടനെ ബെന്നിയോട് (ബെന്നി പി നയരമ്പലം) പറഞ്ഞു. ബെന്നീ, ഇങ്ങനെയൊരു റൂമറുണ്ട്. ഒരു കോള് വന്നു. ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ കുഴപ്പമാവും. കാരണം ഈ സിനിമ ഇത്തിരി എക്‌സ്‌പെന്‍സാവും. യൂറോപ്പില്‍ ഷൂട്ട് ചെയ്യുന്നത് കാരണം റിസ്‌ക്കെടുക്കാന്‍ ആവില്ല.

ബെന്നിയോട് നൗഷാദിനെ വിളിക്കാന്‍ പറഞ്ഞു. നൗഷാദിനോട് സംസാരിച്ചു. സിനിമ ഒരിക്കലും വിജയിക്കുമെന്ന് ഉറപ്പുപറഞ്ഞ് ഒരാള്‍ക്കും ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ സിനിമ അത്യാവശ്യം ബഡ്ജറ്റ് വരും. ഇത്രനല്ല കാസ്റ്റിങ്ങൊക്കെ ആണെങ്കിലും ഇത് ഓടാതിരിക്കാനുള്ള 50 ശതമാനം സാധ്യതയുണ്ട്. വലിയ കടമൊക്കെ വാങ്ങിച്ചാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ ദയവു ചെയ്ത് ഇതു ചെയ്യരുത്.

അതുകേട്ടതും നൗഷാദ് പറഞ്ഞു, ‘എന്റെ ശത്രുക്കളാരോ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതാണ്. അങ്ങനെ യാതൊരു പ്രശ്‌നവുമില്ല. ഈ സിനിമയ്ക്കുള്ള ബഡ്ജറ്റ് മാറ്റിവെച്ചിട്ടുണ്ട്. സിനിമയാകുമ്പോള്‍ വിജയിക്കും പരാജയപ്പെടും എന്നൊക്കെ എനിക്കറിയാം.’

ഉടനെ ഞാന്‍ പറഞ്ഞു, സ്‌പെയിനില്‍ ഷൂട്ട് ചെയ്യുന്നു എന്ന തീരുമാനം മാറ്റാം. കഥാപരമായി നായകന് അറിയാത്ത ഭാഷ സംസാരിക്കുന്ന സ്ഥലം, നായകന്റെ ഭാഷ അറിയാത്ത ആളുകള്‍ എന്നേയുള്ളൂ. വേണമെങ്കില്‍ നാഗാലാന്‍ഡിലോ മേഘാലയയിലോ ആസാമിലോ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്താല്‍ സ്പാനിഷ് മസാല എന്ന പേര് സിനിമയ്ക്ക് ഇടാന്‍ പറ്റില്ലല്ലോ എന്ന് നൗഷാദ് ചോദിച്ചു. ലൊക്കേഷന്‍ മാറ്റാന്‍ അദ്ദേഹം സമ്മതിച്ചില്ല. അവസാനം സ്‌പെയിനില്‍ തന്നെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു,’ ലാല്‍ ജോസ് പറഞ്ഞു

Content Highlight: Director Lal Jose About Spanish Masala Movie

Latest Stories

We use cookies to give you the best possible experience. Learn more