| Friday, 6th October 2023, 11:23 am

'ആ സിനിമ എനിക്ക് പേടിസ്വപ്‌നമാണ്, പാസ്‌പ്പോര്‍ട്ട് ഗ്യാരണ്ടിയായി കൊടുത്താണ് ക്ലൈമാക്‌സ് ചെയ്തത്,' ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സ്പാനിഷ് മസാല’ സിനിമ തനിക്ക് ശരിക്കും ഒരു പേടിസ്വപ്‌നമായിരുന്നെന്ന് സംവിധായകന്‍ ലാല്‍ ജോസ്. അതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളെന്ന് ലാല്‍ ജോസ് തുറന്നു പറഞ്ഞു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ക്ലൈമാക്‌സിലുള്ള പാട്ട് ഷൂട്ട് ചെയ്യാന്‍ തനിക്ക് പ്രൊഡഷന്‍ ഡിസൈനറിന്റെ കയ്യില്‍ പാസ്‌പോര്‍ട്ട് ഗ്യാരണ്ടിയായി കൊടുക്കേണ്ടി വന്ന സംഭവത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘ജീവിതത്തില്‍ അതുവരെ ചെയ്തിട്ടുള്ള സിനിമകളിലൊന്നും ഫേസ് ചെയ്തിട്ടില്ലാത്ത ഒരുപാട് പ്രശ്‌നങ്ങള്‍ ഈ സിനിമയില്‍ ഫേസ് ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട സമയം എത്തി. ക്ലൈമാക്‌സില്‍ ഒരു പാട്ടുണ്ട്. അത് അവിടെ പാലസില്‍ സമയം എടുത്തൊക്കെ ചെയ്യേണ്ടതാണ്.

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ദിവസം പ്രൊഡഷന്‍ ഇന്‍ചാര്‍ജ് ആയിട്ടുള്ള ആള്‍ വന്നു ചോദിച്ചു, ‘പൈസ ഇത്രയും തരാനുണ്ട്, നിങ്ങള്‍ ക്ലൈമാക്‌സ് ആണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നു മനസിലായി, ക്ലൈമാക്‌സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ പൈസ തരാതെ പോകില്ലെന്ന് എന്താണ് ഉറപ്പ്? നിങ്ങള്‍ക്ക് ഈ പാലസിന്റെ ചുമരും കാര്യങ്ങളും നാട്ടില്‍ സെറ്റ് ഇട്ടു എടുക്കാവുന്നതല്ലേയുള്ളു. അപ്പോള്‍ നിങ്ങളെന്നെ പറ്റിച്ചു പോകില്ലെന്ന് എന്താ ഉറപ്പ്? എനിക്ക് ഒരു ഗ്യാരണ്ടി തരാതെ ഇന്ന് ഷൂട്ടിങ് നടക്കില്ല,’ എന്നു പറഞ്ഞു

ആ സമയത്ത് ഗ്യാരണ്ടിയായി ഞാനെന്തു കൊടുക്കാനാണ്? അവസാനം ഞാനെന്റെ പാസ്‌പോര്‍ട്ട് എടുത്ത് അയാളുടെ കയ്യില്‍ കൊടുത്തു. നിങ്ങളുടെ പൈസ തന്നിട്ടേ ഞാനിവിടുന്ന് പോകുള്ളൂ, ബാക്കിയുള്ളവരെ വിടണം. പൈസ തന്നിട്ട് എന്നെ വിട്ടാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ എന്റെ പാസ്‌പോര്‍ട്ട് കൊടുത്തിട്ടാണ് ആ ദിവസത്തെ ഷൂട്ടിങ് നടത്തിയത്.

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ അന്ന് പ്രൊഡഷന്‍ ഡിസൈനര്‍ അനുവദിച്ച സമയം അഞ്ചു മണിക്കൂറാണ്. ആ സമയത്തിനുള്ളില്‍ ഫുള്‍ പാട്ട് ഷൂട്ട് ചെയ്യണം. ഈ പാട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ചെയ്യാനുണ്ട്. എനിക്ക് പേടിസ്വപ്‌നമാണ് ഇപ്പോഴും ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍. നാലര മണിക്കൂര്‍ കൊണ്ടാണ് ആ പാട്ട് മൊത്തം ചെയ്തത്. കൂട്ടത്തില്‍ ഭാഷ അറിയാത്ത ആള്‍ക്കാരുമൊക്കെയുണ്ട്.

സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ടെന്‍ഷനടിപ്പിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവസാനം പൈസ എങ്ങനെയൊക്കെയോ എത്തിച്ച് എല്ലാവരെയും സെറ്റില്‍ ചെയ്തു. എന്നിട്ട് ഏറ്റവും അവസാനമാണ് ഞാന്‍ അവിടുന്ന് പോകുന്നത്,’ ലാല്‍ ജോസ് പറഞ്ഞു

Content Highlight: Director Lal Jose About Spanish Masala Movie

Latest Stories

We use cookies to give you the best possible experience. Learn more