| Sunday, 29th November 2020, 11:49 am

'വെളിപാടിന്റെ പുസ്തക'ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്, ക്ലാസിക് ആവേണ്ട സിനിമയായിരുന്നു; ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരാധകര്‍ ഏറെ കാലം കാത്തിരുന്ന കോംബോ ആയിരുന്നു മോഹന്‍ലാല്‍ – ലാല്‍ ജോസ് ടീമിന്റെത്. മുമ്പ് നിരവധി തവണ സിനിമകള്‍ പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടന്നിരുന്നില്ല. ഒടുവില്‍ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെങ്കിലും സിനിമ വേണ്ടത്ര വിജയമായില്ല.

വെളിപാടിന്റെ പുസ്തകം പെട്ടന്ന് ചെയ്യേണ്ടി വന്ന പ്രോജക്ട് ആയിരുന്നെന്നും തിരക്കുകൂട്ടാതെ ‘ഒടിയന്‍’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നുമാണ് ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് പറയുന്നത്. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് ചിത്രത്തെ കുറിച്ച് മനസുതുറന്നത്.

ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം തന്നോടു പറഞ്ഞ ചിന്തയില്‍നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു.

നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല. വെറും ഒമ്പതു ദിവസംകൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ‘ഒടിയന്‍’ തുടങ്ങുന്നതിനുമുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ താനും സമ്മതം മൂളി. ലാല്‍ ജോസ് പറയുന്നു.

സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. ‘അയാളും ഞാനും തമ്മില്‍’ ഒന്നരവര്‍ഷംകൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷേ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു.

അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചയ്‌ക്കോ പുനരാലോചനയ്‌ക്കോ സമയം കിട്ടിയില്ല. ഇതിനുമുമ്പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ലാലേട്ടനെവെച്ച് ഞാന്‍ ആലോചിച്ചിരുന്നു. ബലരാമനാണ് പദ്മകുമാര്‍ പിന്നീട് ‘ശിക്കാര്‍’ എന്നപേരില്‍ സിനിമയാക്കിയതെന്നും ലാല്‍ ജോസ് പറഞ്ഞു.

പ്ലാന്‍ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. ‘തട്ടിന്‍പുറത്ത് അച്യുതനി’ല്‍ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. തിരക്കുകൂട്ടാതെ ‘ഒടിയന്‍’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹന്‍ലാല്‍ എന്ന നടനോടൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം’ എന്നും ലാല്‍ ജോസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Lal Jose about Mohanlal Movie Velipadinte Pusthakam

We use cookies to give you the best possible experience. Learn more