|

ദിവ്യ ഉണ്ണിയെ നായികയാക്കുന്നതില്‍ മമ്മൂക്കക്ക് പിണക്കമുണ്ടായിരുന്നു; തമിഴിലെ ആരെങ്കിലും മതിയെന്നാണ് അദ്ദേഹം പറഞ്ഞത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ദിവ്യ ഉണ്ണിയായിരുന്നു നായികയായെത്തിയത്. ദിവ്യ ഉണ്ണിയെ നായികയാക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമില്ലായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍. തന്റെ മകളുടെ കൂടെ പഠിച്ചയാളാണ് ദിവ്യയെന്നും തന്റെ നായികയായി അവര്‍ വരുന്നത് ആളുകള്‍ അംഗീകരിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞെന്ന് ലാല്‍ ജോസ് പറഞ്ഞു.

തമിഴിലെ ഏതെങ്കിലും നടിമാര്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആദ്യത്തെ സിനിമയായത് കൊണ്ട് താന്‍ തന്നിഷ്ടം കാണിക്കുകയാണെന്ന് പറഞ്ഞ് മമ്മൂട്ടി കുറ്റപ്പെടുത്തിയെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഒരു മറവത്തൂര്‍ കനവ് സിനിമയില്‍ ദിവ്യ ഉണ്ണിയെ നായകിയാക്കിയതില്‍ മമ്മൂട്ടിക്ക് ചെറിയ പിണക്കമുണ്ടായിരുന്നു. ദിവ്യ അദ്ദേഹത്തിന്റെ മകളുടെ ഒപ്പമൊക്കെ പഠിച്ചതാണ്, അതായിരുന്നു കാരണം. ആ കുട്ടിയുടെ പ്രായമൊക്കെ പ്രശ്‌നമാണ്, ബാലതാരമായിട്ടൊക്കെ അഭിനയിച്ച കുട്ടിയാണ് എന്റെ പ്രായമൊക്കെ വെച്ച് നോക്കുമ്പോള്‍ ആളുകള്‍ അംഗീകരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

പകരം തമിഴിലെ ഏതെങ്കിലുമൊക്കെ ഒരു നടി മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ് നടി റോജയെ ഒക്കെയാണ് മമ്മൂക്ക സജസ്റ്റ് ചെയ്തത്. അപ്പോഴേക്കും ഞങ്ങള്‍ ദിവ്യക്ക് അഡ്വാന്‍സ് കൊടുത്ത് കഴിഞ്ഞിരുന്നു. അത് മാത്രമല്ല ഈ സിനിമയില്‍ അവര്‍ തമ്മിലുള്ള ലവ് സീനൊന്നും ഉണ്ടായിരുന്നില്ല.

പറയാതെ മനസില്‍ സൂക്ഷിച്ച് വെച്ച ഒരു ഇഷ്ടമാണ് ആ സിനിമയില്‍ ആനിക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ ഇഴികി ചേര്‍ന്നുള്ള സീനൊന്നും ഇല്ലാത്തതുകൊണ്ടും കഥ എനിക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടും ഞാന്‍ മമ്മൂക്കയെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ മമ്മൂക്ക ഭയങ്കര ക്ഷുഭിതനായി.

നിന്റെ ആദ്യ സിനിമയായതുകൊണ്ട് തന്നിഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്യാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. പിന്നെ രണ്ടാമത്തെ പ്രശ്‌നം മുടി ഷോര്‍ട്ട് ക്രോപ്പ് ചെയ്യണമെന്ന് പറഞ്ഞു. പിന്നീട് വരുന്ന സിനിമകളുടെ കണ്ടിന്യുറ്റിയെയൊക്കെ അത് ബാധിക്കുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. മുടി വെട്ടിയില്ലെങ്കില്‍ ഇപ്പോള്‍ എന്താ പ്രശ്‌നമെന്നൊക്കെ മമ്മൂക്ക ചോദിച്ചു. ഈ രണ്ട് പ്രശ്‌നങ്ങളായിരുന്നു പൂജക്ക് മുമ്പ് ഉണ്ടായിരുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: director lal jose about mammooty and divya unni