സിനമാ ജീവിത്തിലെ നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മലയാളത്തില്‍ ഇന്നും ആഘോഷിക്കപ്പെടുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് പറയുകയാണ്. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവെന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്.
സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം വേണ്ടെന്ന് വെക്കാനാണ് തീരുമാനിച്ചതെന്നും അതിനുവേണ്ടി ശ്രീനിവാസനോ ലോഹിതദാസോ തിരക്കഥ എഴുതിയാല്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും ലാല്‍ ജോസ് പറഞ്ഞു. അങ്ങനെയൊന്ന് സംഭവിക്കില്ലെന്നാണ് കരുതിയതെന്നും എന്നാല്‍ തിരക്കഥ എഴുതാമെന്ന് ശ്രീനിവാസന്‍ സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയോടാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
‘സിനിമാ ജീവിതം യഥാര്‍ഥത്തില്‍ തുടങ്ങുന്നത് 33 വര്‍ഷം മുമ്പാണ്. കമലിന്റെ പ്രാദേശികവാര്‍ത്തകള്‍ എന്ന സിനിമയില്‍ അസിസ്റ്റന്റായാണ് തുടക്കം. 16 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. മറ്റു ഒമ്പതുപേര്‍ക്കൊപ്പം അസോസിയേറ്റായി. അതിനുശേഷമാണ് ആദ്യ സിനിമ ‘ഒരു മറവത്തൂര്‍ കനവ്’ സംവിധാനം ചെയ്യുന്നത്. കെ.കെ ഹരിദാസിന്റെ ‘വധു ഡോക്ടറാണ്’ എന്ന സിനിമയില്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്.
അസോസിയേറ്റായി കുറച്ച് പൈസയൊക്കെ കിട്ടുന്ന സമയമാണ്. വിവാഹം കഴിഞ്ഞ് കുട്ടിയൊക്കെയായ സമയം. പുതിയ സിനിമ പരാജയപ്പെട്ടാല്‍ പിന്നെ സിനിമ ചെയ്യാന്‍ പറ്റില്ല. അസോസിയേറ്റാകാനും കഴിയില്ല. അതുകൊണ്ട് അവസരം ഒഴിവാക്കാനായി ശ്രീനിവാസനോ, ലോഹിതദാസോ തിരക്കഥ തരികയാണെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു.
രണ്ട് പേരും തിരക്കുള്ളവരായതിനാല്‍ കിട്ടാന്‍ സാധ്യതയില്ല എന്നായിരുന്നു ധാരണ. എന്നാല്‍, ശ്രീനിവാസന്‍ തിരക്കഥ തരാമെന്ന് സമ്മതിച്ചു. ആ വാക്കിലാണ് ഞാന്‍ സംവിധായകനായത്. ഇതിനിടയിലാണ് മമ്മൂക്കയെ കാണുന്നത്. സിനിമ ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചും നായകന്‍ ആരാണെന്നും ചോദിച്ചു.
കഥ എഴുതി കഴിയുമ്പോള്‍ നായകന് ആരുടെ ഛായയാണ്, അയാളെ വിളിക്കാനാണ് ആലോചന എന്ന് പറഞ്ഞു. ‘നിന്റെ നായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ ചെയ്യാ’മെന്ന് മമ്മുക്ക പറഞ്ഞു. തുടര്‍ന്ന് മമ്മൂട്ടിക്ക് പറ്റുന്ന ഒരു കഥയിലേക്ക് മാറുകയായിരുന്നു. ജയറാമിനെയും മുരളിയെയും വച്ച് ചെയ്യാന്‍ ആലോചിച്ച കഥ നടന്നില്ല. അത് മാറ്റി എഴുതിയാണ് ഒരു മറവത്തൂര്‍ കനവ് ചെയ്യുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.
content highlight: director lal jose about his first movie , mammootty and jayaram