പാര്‍വതിയുടെ പ്രസവം കാരണം സിനിമ തന്നെ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്: ലാല്‍ ജോസ്
Entertainment news
പാര്‍വതിയുടെ പ്രസവം കാരണം സിനിമ തന്നെ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th January 2023, 8:34 am

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമാ ജീവിതം ആരംഭിച്ചയാളാണ് സംവിധായകന്‍ ലാല്‍ ജോസ്. ഏറ്റവും കൂടുതല്‍ തവണ ലാല്‍ ജോസ് അസിസ്റ്റ് ചെയ്തിട്ടുള്ളതും കമലിനെ തന്നെയാണ്. എന്നാല്‍ മറ്റൊരു സംവിധായകനൊപ്പവും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയുകയാണ് ലാല്‍ ജോസ് ഇപ്പോള്‍. അന്നുണ്ടായ ചില രസകരമായ സംഭവങ്ങള്‍ സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.

ജയറാം നായകനാകുന്ന സിനിമയായിരുന്നു അന്ന് ഷൂട്ട് തുടങ്ങാനിരുന്നതെന്നും എന്നാല്‍ പാര്‍വതിയുടെ പ്രസവത്തെ തുടര്‍ന്ന് ആ സിനിമ മാറ്റിവെച്ച് മറ്റൊരു സിനിമ തുടങ്ങേണ്ടി വന്നെന്നും ലാല്‍ ജോസ് പറഞ്ഞു. ജയറാമിന്റെ ചില അസൗകര്യങ്ങള്‍ കാരണം അദ്ദേഹത്തിന് എറണാകുളത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയാതെ വന്നതാണ് അതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

നിസാര്‍ അബ്ദുള്‍ ഖാദര്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. ആലുവയിലാണ് ഷൂട്ടിങ്, അടുത്ത ദിവസം ഷൂട്ട് തുടങ്ങുകയും ചെയ്യും. ഞങ്ങളൊക്കെ കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത്, പല സംവിധായകരുടെ കൂടെയും ഓടി നടന്ന് വര്‍ക്ക് ചെയ്യുന്ന ആളാണ് കെ.കെ ഹരിദാസ്. അദ്ദേഹമായിരുന്നു ആ സിനിമയുടെ അസോസിയേറ്റ്.

അതേസമയം ജനം എന്ന സിനിമയുടെ ഷൂട്ടിങ്ങും നടക്കുകയാണ്. ആ പടത്തിന്റെ അസോസിയേറ്റായും ഹരിദാസിന് വര്‍ക്ക് ചെയ്യണമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന് മലക്കും പോകണമായിരുന്നു. ലാലു ഫ്രീയാണെങ്കില്‍ അവനെക്കൊണ്ട് തുടങ്ങ് ഞാനൊരു മൂന്ന് നാല് ദിവസം കൊണ്ട് ജോയിന്‍ ചെയ്യാം എന്നും ഹരിദാസ് പറഞ്ഞു. അങ്ങനെ ഞാന്‍ നിസാറിക്കയുടെ കൂടെ ആലുവയില്‍ വന്നിറങ്ങി.

എന്നാല്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നില്ല ചെയ്തത്. ആ സിനിമക്ക് പകരം ഷൂട്ട് ചെയ്യാനിരുന്ന മറ്റൊരു സിനിമയാണ് പിന്നെ അവര്‍ പ്ലാന്‍ ചെയ്തത്. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പാര്‍വതി ആദ്യത്തെ പ്രസവത്തിന് വേണ്ടി എറണാകുളത്തെ ആശുപത്രിയില്‍ അഡ്മിറ്റായി.  പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അതുകൊണ്ട് തന്നെ എറണാകുളം പരിസരത്ത് നിന്നും ജയറാമേട്ടന് മാറിനില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.

ആദ്യം പ്ലാന്‍ ചെയ്ത സിനിമ തിരൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളു. നിസാര്‍ക്ക എല്ലാം നിസാരമായി കാണുന്നയാളാണ്. മുമ്പൊരു കഥ പറഞ്ഞിരുന്നില്ലേ മാധവിയെ വെച്ച് ആ കഥ ജയറാമേട്ടന് ഇഷ്ടമായതാണ് അത് ചെയ്യാം എന്നും അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. ഒന്നരയാഴ്ച മുമ്പാണ് ഇതിനെ കുറിച്ച് തിരക്കഥാകൃത്തിനോട് പറയുന്നത്. എന്നാല്‍ നിസാറിക്കക്ക് യാതൊരു കൂസലുമില്ലായിരുന്നു.

ഞാന്‍ സീനുകള്‍ നോക്കി 35 ദിവസം ചാര്‍ട്ട് ചെയ്ത് നിസാറിക്കയെ കാണാന്‍ വേണ്ടി നിന്നു. നിസാറിക്ക ഞാന്‍ ചാര്‍ട്ട് ചെയ്ത് വെച്ച മൂന്ന് ദിവസത്തേക്കുള്ള മൂന്ന് പേജ് ക്ലിപ്പ് ചെയ്ത് തന്നു. ആദ്യത്തെ ദിവസം ജയറാമേട്ടന് നേരത്തെ പോകണമായിരുന്നു. അതുകൊണ്ട് ഒറ്റ സീന്‍ മാത്രമാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ രണ്ടാമത്തെ ദിവസം ഒമ്പത് സീനാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ കണ്ണ് തള്ളി പോയി,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: director lal jose about actor jayaram and actress parvathy