| Saturday, 8th April 2023, 5:13 pm

'സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് ആ നടനോട് പിണക്കമായിരുന്നു, എന്റെ സിനിമയില്‍ നിന്നും ലാസ്റ്റ് മിനിട്ടിലാണ് പുള്ളി പിന്മാറിയത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, കാവ്യ മാധവന്‍, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് ക്ലാസ്സ്‌മേറ്റ്‌സ്. ചിത്രത്തില്‍ നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് കുഞ്ചാക്കോ ബോബനായിരുന്നു. എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന്റെ അവസാന നിമിഷമാണ് അദ്ദേഹം സിനിമയില്‍ നിന്നും പിന്മാറിയത്. അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലാല്‍ ജോസ്.

ആ സംഭവത്തിന് ശേഷം കുഞ്ചാക്കോ ബോബനോട് തനിക്ക് പിണക്കുമുണ്ടായിരുന്നു എന്നും പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലേക്ക് കുഞ്ചാക്കോ ബോബന്‍ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും സെന്‍സേഷന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.

‘ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞപ്പോള്‍ എനിക്ക് ചാക്കോച്ചനുമായി ഒരു ചെറിയ പിണക്കമുണ്ടായിരുന്നു. കാരണം, ലാസ്റ്റ് മിനിട്ടില്‍ പുള്ളി ആ സിനിമയില്‍ നിന്ന് പിന്മാറി. ബെന്നി പി. നായരമ്പലവും പ്രൊഡ്യൂസര്‍ സാബു ചെറിയാനും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാന്‍ ചെയ്തു. അതില്‍ ചാക്കോച്ചനും പ്രിയയുമുണ്ട്. അവരെല്ലാം ഫ്രണ്ട്‌സാണ്. ആന്റോ ജോസഫിനും ഫാമിലിക്കും എന്തോ കാരണം കൊണ്ട് ആ യാത്രയില്‍ ചേരാന്‍ പറ്റിയില്ല.

അങ്ങനെ രണ്ട് സീറ്റ് ഒഴിവ് വന്നപ്പോള്‍, നീ വരുന്നോ എന്ന് ചോദിച്ച് ബെന്നി പി.നായരമ്പലം എന്നെ വിളിച്ചു. ശരി എന്ന് പറഞ്ഞ് ഞാനും വൈഫും മക്കളും പോയി. ആ ട്രിപ്പിലാണ് ചാക്കോച്ചനെയും പ്രിയയെയും കൂടുതല്‍ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ. ആ സമയത്ത് ഞാന്‍ എറണാകുളത്തായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. യാത്ര കഴിഞ്ഞ് വന്ന് പിന്നീട് വൈകുന്നേരങ്ങളില്‍ ചാക്കോച്ചനും പ്രിയയും സ്ഥിരം വീട്ടില്‍ വരും.

ചാക്കോച്ചന്‍ ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു, തിരിച്ചുവരവിനെ കുറിച്ച് പറയാറുണ്ടായിരുന്നു.

‘ഒരു ആക്ടറിന്റെ ഒരു പ്രത്യേക ഫീച്ചര്‍ ആളുകള്‍ക്ക് ഭയങ്കര ഇഷ്ടമാണെങ്കില്‍ അയാള്‍ പെട്ടുപോകും. നിന്റെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണ്. നടനെന്ന രീതിയില്‍ നിനക്കുള്ള ട്രാപ്പും അതാണ്. അതുകൊണ്ട് ആദ്യം ആ മീശ വടിച്ച് കള. എന്നിട്ട് കുറച്ച് ക്യാരക്ടേഴ്‌സ് പരീക്ഷിക്ക്,’ എന്ന് ഞാന്‍ പറയാറുണ്ടായിരുന്നു.

ഇതിനിടയില്‍ ഒന്നുരണ്ട് സിനിമകള്‍ ചാക്കോച്ചന്‍ ചെയ്‌തെങ്കിലും വലിയ ക്ലിക്കായില്ല. അങ്ങനെയിരിക്കെയാണ് സിന്ധുരാജ് എല്‍സമ്മയുടെ കഥ പറയുന്നത്. ഇത് ഫീമെയില്‍ സെന്‍ട്രിക് സിനിമയാണ്, പാലുകാരനായ ഒരു ക്യാരക്ടറുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു. പാലുണ്ണി എന്ന പേര് കേട്ടപ്പോള്‍ തന്നെ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: director lal jaose about classmates movie and kunchacko boban

We use cookies to give you the best possible experience. Learn more