Daily News
നടി സാഹചര്യം മുതലെടുക്കുന്നു; കേസ് അനാവശ്യം; നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jul 25, 05:37 am
Tuesday, 25th July 2017, 11:07 am

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും ജീന്‍ പോള്‍ ലാലിനുമെതിരായ യുവനടിയുടെ പരാതിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ലാല്‍ രംഗത്ത്. നടി സാഹചര്യം മുതലെടുക്കുകയാണെന്നും ചിത്രത്തില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ വന്ന നടിയാണ് ഇവരെന്നും ലാല്‍ പറയുന്നു.

അല്പം മോഡേണ്‍ ആയിട്ടുള്ള കുട്ടി വേണമെന്ന് പറഞ്ഞതുകൊണ്ടാണ് അവരെ സെലക്ട് ചെയ്തത്. ഏതോ ചാനലില്‍ പരിപാടിയൊക്കെ അവതരിപ്പിച്ചിരുന്നു. എന്റെ വീട്ടില്‍ വന്നാണ് അവര്‍ കഥ കേട്ടത്. ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ അവരെ ഫോണില്‍ കിട്ടിയില്ല. പിന്നെ എങ്ങനെയോ ഷൂട്ടിങ് നടക്കുന്ന ദിവസം അവര്‍ എത്തിപ്പെട്ടു.


Dont Miss യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്


ശ്രീനാഥുമായുള്ള ഒരു സീന്‍ എടുക്കാന്‍ വേണ്ടി അവരെ വിളിച്ചപ്പോള്‍ അവര്‍ കംഫര്‍ട്ടബിള്‍ അല്ല എന്ന് പറഞ്ഞു. അല്ലെങ്കിലേ അവരുടെ പെര്‍ഫോമന്‍സ് മോശമായിരുന്നു. ഇതുംകൂടിയായപ്പോള്‍ ദേഷ്യം വന്നു. അങ്ങനെയാണ് അവരോട് പോയ്‌ക്കോളാന്‍ പറയുന്നത്. പിന്നീട് വേറൊരു കുട്ടിയെ അവരുടെ ഡ്രസ് ഇടീച്ച് തിരിഞ്ഞു നിര്‍ത്തിയൊക്കെയാണ് അന്ന് സീന്‍ പൂര്‍ത്തീകരിച്ചത്. സീന്‍ ചെയ്യാതെ പോയതുകൊണ്ടാണ് അവര്‍ക്ക് പണം കൊടുക്കേണ്ടെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

മോശമായി പെരുമാറിയെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ വേണമെന്നും ശ്രീനാഥ് ഭാസിയും ജീന്‍ പോളും ചാനലില്‍ വന്നിരുന്ന് മാപ്പ് പറയണമെന്നുമായിരുന്നു അവരുടെ ആവശ്യം. അത് നനഞ്ഞിടത്ത് കുഴിക്കുന്ന പരിപാടിയാണെന്ന് തോന്നി.

അതുകൊണ്ട് തന്നെ കാശുകൊടുക്കേണ്ടെന്ന് തീരുമാനിച്ചു. കേസ് നിയമപരമായി തന്നെ നേരിടും. ഇപ്പോള്‍ എന്ത് പറഞ്ഞാലും പ്രശ്‌നമാകുമെന്ന് ആളുകള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഇത്തരമൊരു പരാതി.

ഒരുവാക്ക് കൊണ്ട് പോലും സ്ത്രീകളോട് അപമര്യാദയായി പെരുമാറരുത്് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ജീന്‍പോളും അങ്ങനെ തന്നെയാണ്. അവരോട് ആഭാസകരമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നൊക്കെയാണ് പരാതിയില്‍ പറഞ്ഞതെന്ന് കേട്ടു. സിനിമ കാണുന്നവര്‍ക്ക് അതെല്ലാം മനസിലാകുമെന്നും ഇത് വെറും അനാവശ്യമായ കേസാണെന്നും ലാല്‍ പ്രതികരിച്ചു.

2016 ലാണ് കേസിനാസ്പദമായ സംഭവം. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബീ ടു ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളാണ് പരാതിക്കാധാരം.

ചിത്രത്തില്‍ അഭിനയിക്കാനായി പനങ്ങാട് റമദ ഹോട്ടലിലെത്തിയ യുവനടി അഭിനയിച്ചതിനുശേഷം പ്രതിപലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. കൊച്ചി പനങ്ങാട് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്‍ഫോ പാര്‍ക്ക് സി.ഐ നടിയെ ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തത്.
ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വഞ്ചനാക്കുറ്റത്തിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.