വേണു ഒരു കമ്യൂണിസ്റ്റാണ്, ഷൂട്ടിംഗ് സെറ്റിലെ പ്രശ്‌നക്കാരന്‍; പക്ഷെ അതിന് കാരണമിതാണ്; ഛായാഗ്രാഹകന്‍ വേണുവിനെക്കുറിച്ച് ലാല്‍
Entertainment news
വേണു ഒരു കമ്യൂണിസ്റ്റാണ്, ഷൂട്ടിംഗ് സെറ്റിലെ പ്രശ്‌നക്കാരന്‍; പക്ഷെ അതിന് കാരണമിതാണ്; ഛായാഗ്രാഹകന്‍ വേണുവിനെക്കുറിച്ച് ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th July 2021, 10:04 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനി. ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന വേണു ഷൂട്ടിംഗ് സെറ്റില്‍ വലിയ പ്രശ്‌നക്കാരനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം ന്യായത്തിന് വേണ്ടിയാണെന്നും തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാല്‍.

ലാലിസം എന്ന പരിപാടിയില്‍ വിയറ്റ്‌നാം എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ ആണ് വേണുവിന്റെ ദേഷ്യത്തെക്കുറിച്ച് ആദ്യം പറയുന്നത്.

സെറ്റില്‍ ഷൂട്ടിംഗ് വേണുവെന്നല്ല, ഷൗട്ടിംഗ് വേണുവെന്നാണ് പറയുകയെന്നാണ് മോഹന്‍ ലാല്‍ പറഞ്ഞത്.

എന്നാല്‍ വേണുവിന്റെ പ്രശ്‌നങ്ങള്‍ എപ്പോഴും ന്യായത്തിന് വേണ്ടിയായിരുന്നു എന്നാണ് ഇതിന് പിന്നാലെ വിയറ്റ്‌നാം കോളനിയുടെ സംവിധായകരിലൊരാളായ ലാല്‍ പറഞ്ഞത്.

‘വേണു അടിസ്ഥാനപരമായി ഒരു കമ്യൂണിസ്റ്റുകാരനാണ്. എപ്പോഴും ന്യായത്തിന് വേണ്ടിയും തൊഴിലാളികള്‍ക്ക് വേണ്ടിയും
ഒക്കെ ആയിരിക്കും വേണു പറയുക. സെറ്റില്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ഭക്ഷണം ശരിയായിട്ട് കിട്ടിയില്ല എന്ന പ്രശ്‌നത്തിലൊക്കെ ആയിരിക്കും ചിലപ്പോള്‍ ഷൂട്ടിംഗ് മുടക്കുന്നതൊക്കെ. ശബ്ദം ബഹളവുമൊക്കെ ഉണ്ടാക്കി, പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, അടിക്കാന്‍ പോയി… അങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് സിനിമയില്‍ എല്ലാവരും നിസാരമെന്ന് തള്ളിക്കളയുന്ന, വളരെ ന്യായമായ കാര്യങ്ങള്‍ക്കായിരിക്കും വേണു പ്രശ്‌നം ഉണ്ടാക്കുന്നത്,’ ലാല്‍ പറഞ്ഞു.

വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ഛായാഗ്രാഹകന്‍ വേണുവാണ്. ഏറ്റവും കൂടുതല്‍ തവണ വേണു വര്‍ക്ക് ചെയ്തിട്ടുള്ളത് തനിക്കൊപ്പമാണെന്നും ലാല്‍ പറഞ്ഞു.

തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് വേണുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Lal about Cinematographer Venu in shooting set