| Saturday, 16th July 2022, 7:33 pm

സിനിമ ഒഴിവാക്കിയതിനെതിരെ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിന് സംവിധായിക കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്റെ സിനിമയായ അസംഘടിതര്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്തത്.

അസംഘടിതര്‍ ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംവിധായകന്‍ ജിയോ ബേബി അവതരിപ്പിച്ച ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയില്‍ ഉള്‍പ്പെട്ട സിനിമയായിരുന്നു അസംഘടിതര്‍. ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന് മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നേരത്തെ കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.


Content Highlight: Director Kunjila Mascillamani was taken into police custody after protest in international women’s film festival at Kozhikode

We use cookies to give you the best possible experience. Learn more