പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പിറകെ പോയി മലയാള സിനിമയുടെ ഇക്കോ സിസ്റ്റം തകര്‍ക്കണോ, കെ.ജി.എഫ് ഒക്കെ വിജയിക്കാനുള്ള കാരണം ഇതാണ്: കൃഷാന്ത്
Entertainment news
പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പിറകെ പോയി മലയാള സിനിമയുടെ ഇക്കോ സിസ്റ്റം തകര്‍ക്കണോ, കെ.ജി.എഫ് ഒക്കെ വിജയിക്കാനുള്ള കാരണം ഇതാണ്: കൃഷാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th March 2023, 7:29 pm

ആവാസ വ്യൂഹത്തിന് ശേഷം കൃഷാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുരുഷ പ്രേതം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ കഥ പറഞ്ഞ ചിത്രത്തില്‍ അജയ് ഘോഷ്, ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമ വ്യവസായത്തെ മാറ്റി മറിച്ച പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കൃഷാന്തിപ്പോള്‍.

പുരുഷ പ്രേതത്തിന്റെ വിശേഷങ്ങളുമായി ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുറഞ്ഞ ചെലവില്‍ മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് മലയാളമെന്നാണ് കൃഷാന്തിന്റെ അഭിപ്രായം. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ പേരില്‍ മലയാള സിനിമയുടെ നിലനില്‍ക്കുന്ന ഇക്കോസിസ്റ്റം തകരുമോ എന്ന പേടിയാണ് തനിക്കുള്ളതെന്നും കൃഷാന്ത് പറഞ്ഞു.

‘പാന്‍ ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞ് അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാക്കിയിട്ട് ചെറിയ നല്ല സിനിമകള്‍ ഉണ്ടാക്കുന്ന നിലവിലെ ഈ ഇക്കോസിസ്റ്റം മാറുമോ എന്നെനിക്ക് പേടിയുണ്ട്. നായകന്‍ വെടി വെച്ച് ആയിരം പേരെ കൊല്ലുന്ന സിനിമകള്‍ വന്ന് പ്രശ്‌നമാകുമോ എന്നെനിക്ക് പേടിയുണ്ട്. സിനിമയെ മാറ്റാന്‍ ശ്രമിച്ച് പരാജയപ്പെടുമോ എന്നാണ് ചിന്തിക്കുന്നത്. കാരണം കൂടുതല്‍ പണം സിനിമയിലേക്ക് വരുമ്പോള്‍ കൂടുതല്‍ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്,’ കൃഷാന്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കെ.ജി.എഫ് വിജയിക്കാനുള്ള കാരണം സിനിമയില്‍ ഇമോഷന്‍സും മാസ് രംഗങ്ങളും കൃത്യമായി യോജിപ്പിച്ചത് കൊണ്ടാണെന്നും അതുപോലെ നിര്‍മിക്കാനായില്ലെങ്കില്‍ പടം പൊളിയാനാണ് സാധ്യതയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

‘കെ.ജി.എഫ് കൃത്യമായി ഡിസൈന്‍ ചെയ്ത സിനിമയാണ്.ചില സിനിമാക്കാര്‍ക്കൊന്നും കെ.ജി.എഫുമായി കണക്ട് ആവാന്‍ സാധിക്കണമെന്നില്ല. ഒരോ സ്ഥലത്തും എന്താണ് വേണ്ടതെന്ന് കൃത്യമായി അതില്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട്. ഇമോഷന്‍ വരേണ്ട സ്ഥലങ്ങളും മാസ് വരേണ്ട സ്ഥലങ്ങളുമൊക്കെ വളരെ കൃത്യമായി അതിനകത്ത് യോജിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ആ ചിത്രത്തിന് വമ്പിച്ച വിജയം നേടാനായത്. അതുപോലെ ഡിസൈന്‍ ചെയ്യാതെ, പാന്‍ ഇന്ത്യന്‍ എന്നും പറഞ്ഞ് ഒരു സിനിമ ചെയ്തിട്ട് അത് വര്‍ക്കായില്ലെങ്കിലോ എന്ന പേടിയാണ് എനിക്ക്,’ കൃഷാന്ത് പറഞ്ഞു.

Content Highlight: Director krishanth says about pan indian films