മികച്ച സിനിമക്കുള്ള സംസ്ഥാന പരുസ്‌കാരം ലഭിച്ച ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം കൃഷാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് പുരുഷ പ്രേതം. ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ സോണി ലിവിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യുകയായിരുന്നു. പുരുഷ പ്രേതത്തെ കുറിച്ചും മറ്റ് സിനിമകളെ കുറിച്ചുമൊക്കെ ഡൂള്‍ന്യൂസിലൂടെ സംസാരിക്കുകയാണ് സംവിധായകന്‍ കൃഷാന്ത്.
മലയാള സിനിമ പുതിയൊരു സ്‌പേസിലേക്കാണ് പോകുന്നതെന്നും പ്രേക്ഷകരുടെ സ്വഭാവം മുന്‍കൂട്ടി നിര്‍ണയിക്കാന്‍ ഇപ്പോള്‍ സാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ ജയ ജയ ജയ ഹേ, റോഷാക്ക്, ആര്‍ക്കറിയാം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തുടങ്ങി നിരവധി മലയാള സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കൃഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മലയാള സിനിമ നല്ലൊരു സ്‌പേസിലേക്ക് പോവുകയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ നമുക്ക് ഷോകേസ് ചെയ്യാനുള്ള സിനിമകളുടെ എണ്ണം കൂടുകയും ചെയ്തു. എന്നാല്‍ തിയേറ്റര്‍ ഓഡിയന്‍സ് നമുക്ക് ഒട്ടും പ്രതീക്ഷിക്കാന്‍ പറ്റാത്ത രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പല സിനിമാക്കാര്‍ക്കും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.
എല്ലാവര്‍ക്കും ആശയക്കുഴപ്പമുണ്ട്. അതൊരു പ്രശ്‌നമാണോ എന്ന് ചോദിച്ചാല്‍, ഒരു പക്ഷെ പുതിയൊരു വേവിന്റെ തുടക്കമായിരിക്കാമത്. അടുത്തിടെ ഇറങ്ങിയ രോമാഞ്ചം, രാജീവ് സാറിന്റെ തുറമുഖം എന്നീ സിനിമകള്‍ ഞാന്‍ കണ്ടില്ല. വീട്ടില്‍ കുഞ്ഞ് ഉള്ളതുകൊണ്ട് തിയേറ്ററില്‍ പോകാന്‍ കഴിഞ്ഞില്ല.
ഈ അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ജയ ജയ ജയ ജയ ഹേ,ശരിക്കും പറഞ്ഞാല്‍ അതൊരു രസകരമായ സിനിമയാണ്. എനിക്ക് ഭയങ്കര എനര്‍ജി തന്നൊരു സിനിമയായിരുന്നു അത്. അതുപോലെ തന്നെ ‘ആര്‍ക്കറിയാം’ എന്ന സിനിമ. കഴിഞ്ഞ കുറേക്കാലങ്ങളായി ഇറങ്ങിയവയില്‍ ഏറ്റവും മികച്ച സിനിമയായിരുന്നു അത്. ആര്‍ക്കറിയാം പോലൊരു സിനിമ ചെയ്യുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്.
പിന്നെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് കള. എല്ലാവരും പറയും തല്ലിക്കൊണ്ടിരിക്കുന്ന സിനിമയാണെന്നൊക്കെ. ശരിക്കും ഞാന്‍ ആ കണ്ടന്റ് ഒരു ആനിമേഷന്‍ പരിപാടിക്ക് വേണ്ടി ആലോചിച്ചിരുന്നു. എന്നെ അസ്വസ്ഥപ്പെടുത്തിയ സിനിമകളിലൊന്നായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഞാന്‍ ഇതുവരെ ഇതൊന്നും കണ്ടില്ലല്ലോ, ഞാനും ഇങ്ങനെയാണല്ലോ എന്നൊക്കെ ചിന്തിച്ച് പോയിരുന്നു.അതുപോലെ റോഷാക്ക് എന്നെ സംബന്ധിച്ച് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത സിനിമയാണ്. ശരിക്കും അതൊരു ഇമ്പോസിബിള്‍ സിനിമയാണ്. അത് ചിന്തിച്ചെടുക്കാന്‍ എനിക്ക് കുറച്ച് പാടാണ്. അത് സ്വാഭാവികമായി വന്ന സിനിമയല്ല, ചിന്തിച്ചെടുക്കുന്നതാണ്,’ കൃഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
content highlight: director krishand talks about malayalam cinema