| Saturday, 28th October 2023, 6:15 pm

കഥ കേട്ട് ആ നിർമാതാവ് ഉറങ്ങി പോയി, പിന്നെ അയാളെ കണ്ടിട്ടേയില്ല : കാർത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത പ്രമേയങ്ങൾ സിനിമയിലൂടെ അവതരിപ്പിച്ച് കൈയടി നേടിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ജിഗർതണ്ടയും പിസ്സയുമെല്ലാം വലിയ ശ്രദ്ധ നേടിയ കാർത്തിക് സുബ്ബരാജ് ചിത്രങ്ങളാണ്.

ആദ്യമായി സിനിമയുടെ കഥ പറയാനായി ഒരു നിർമാതാവിനെ കണ്ടപ്പോഴുള്ള അനുഭവം പറയുകയാണ് കാർത്തിക്. സിനിമ വികടനോട് സംസാരിക്കുകയായിരുന്നു കാർത്തിക്.

‘ഒരിക്കൽ ഞാൻ വലിയൊരു നിർമാതാവിനെ കാണാൻ ചെന്നു. വലിയൊരു പ്രൊഡക്ഷൻ ഹൗസിന്റെ ഭാഗമായിരുന്നു അദ്ദേഹം. ആദ്യമായിട്ടായിരുന്നു ഒരു നിർമാതാവിനടുത്ത് ഞാൻ കഥ പറയാൻ ചെല്ലുന്നത്. എനിക്ക് മുൻ പരിചയമൊന്നും ഇല്ലായിരുന്നു. ഞാൻ സംവിധാനം ചെയ്ത് ആദ്യമിറങ്ങിയ ചിത്രം പിസ്സയാണെങ്കിലും അതിന് മുൻപ് തന്നെ ഞാൻ ജിഗർതണ്ടയുടെ തിരക്കഥ പൂർത്തിയാക്കിയിരിന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ പറയാൻ പോകുന്ന ഒരു വലിയ ഫീച്ചർ സിനിമയുടെ കഥയായിരുന്നു അത്.

അങ്ങനെ ഞാൻ ആ നിർമാതാവിനെ കണ്ടു. എന്റെ കഥ പറയാൻ ആരംഭിച്ചു. ഞാൻ നിർത്താതെ കഥ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് അദ്ദേഹത്തെ ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് മനസിലായത്, എന്റെ കഥ കേട്ട് അയാൾ ഉറങ്ങി പോയെന്ന്. അത് കണ്ടപ്പോൾ തന്നെ ഞാൻ ആകെ നിശബ്ദമായി പോയി. എന്റെ ഉള്ളിൽ ഇരുട്ട് കയറാൻ തുടങ്ങി.

പിന്നെ അദ്ദേഹം കണ്ണൊന്ന് തുറന്നിട്ട്‌ എന്നെ നോക്കിയിട്ട് പറഞ്ഞു , ബാക്കി പറഞ്ഞോളു ഞാൻ ഉറങ്ങുകയൊന്നുമല്ല കഥ കേൾക്കുന്നുണ്ടെന്ന്. പക്ഷെ ബാക്കി കഥ പറയാനുള്ള മുഴുവൻ താത്പര്യവും എനിക്ക് ഇല്ലാതായിരുന്നു.

അതുകൊണ്ട് ബാക്കി കഥ വെറും ഒരു മിനിറ്റിൽ ഞാൻ പറഞ്ഞു കൊടുത്തു. അപ്പോൾ അദ്ദേഹം കഥ ഇത്രയേ ഉള്ളോ എന്ന് ചോദിച്ചു. ഞാൻ ഇതേ ഉള്ളു കഥ ഇങ്ങനെയാണ് മുന്നോട്ട് പോവുന്നതെന്ന് പറഞ്ഞു. പിന്നെ ഞാൻ അവിടുന്ന് ഇറങ്ങി. അതിന് ശേഷം ഞാൻ ആ നിർമാതാവിനെ കണ്ടിട്ടേയില്ല.

പിന്നെ ഒരിക്കൽ സി.വി.കുമാർ സാറിനെ കണ്ടു. അദ്ദേഹം കഥ നന്നായി കേട്ടിരിക്കുന്ന ആളാണ്. കഥ മനസിലാക്കി എന്തെങ്കിലും നിർദ്ദേശങ്ങളും അദ്ദേഹം നൽകും. അങ്ങനെയാണ് പിന്നീട് ഞാൻ പിസ്സ സിനിമ സംവിധാനം ചെയ്തപ്പോൾ സി.വി. കുമാർസാർ നിർമാതാവായി വരുന്നത്,’ കാർത്തിക് പറയുന്നു.

Content Highlight: Director Karthik Subbaraj Talk About His First Story Telling Experience With A Producer

We use cookies to give you the best possible experience. Learn more