Advertisement
Entertainment news
'ഇതൊരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്'; മിന്നല്‍ മുരളിയെ അഭിനന്ദിച്ച് കരണ്‍ ജോഹര്‍, നന്ദിയറിയിച്ച് ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 08, 12:08 pm
Saturday, 8th January 2022, 5:38 pm

കൊച്ചി: മിന്നല്‍ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍. ചിത്രം വളരെ മികച്ചതായിരുന്നെന്നും ഒരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

ചിത്രം കണ്ടു കഴിഞ്ഞ ശേഷം ടൊവിനോ തോമസിന് വാട്‌സ് ആപ്പ് സന്ദേശമായിട്ടായിരുന്നു കരണ്‍ ഇക്കാര്യം പറഞ്ഞത്. ടൊവിനോ തന്നെയാണ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കരണ്‍ ജോഹറിനെ പോലെയുള്ള എക്കാലത്തെയും എന്റര്‍ടെയ്‌നറുകള്‍ നല്‍കിയിട്ടുള്ള സംവിധായകന്‍ മിന്നല്‍ മുരളിയെ അഭിനന്ദിക്കുന്നത് അതിശയകരമായി തോന്നുന്നുവെന്ന് ടൊവിനോ പറഞ്ഞു.

സിനിമ കണ്ട് അഭിനന്ദനം അറിയിച്ചതിന് കരണ്‍ ജോഹറിനോട് ടൊവിനോ നന്ദിയറിയിച്ചു. ചിത്രം നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്തത്. ചിത്രത്തിനെ പുകഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രവും ഏറെ ചര്‍ച്ചയായിരുന്നു.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Karan Johar congratulates Minnal Murali Movie and Tovino Thomas