1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി കരിയര്‍ ആരംഭിച്ച സംവിധായകനാണ് കമല്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിന്റെ സംവിധായകനും കമലാണ്. ഇപ്പോള്‍ ഉണ്ണികളേ ഒരു കഥപറയാം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമല്‍. ചിത്രത്തിന്റെ കഥ നിര്‍മാതാവ് രാജു മാത്യുവിന്റെ ഭാര്യയെ വായിച്ച് കേള്‍പ്പിച്ചെന്നും അവര്‍ക്കത് ഇഷ്ടപ്പെട്ടെന്നും കമല്‍ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ലൊക്കേഷനില്‍ നിന്ന തങ്ങള്‍ക്ക് ഒരു കോള്‍ വന്നെന്നും രാജു മാത്യുവിന്റെ ഭാര്യ മരിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള കോള്‍ ആയിരുന്നു അതെന്നും കമല്‍ പറയുന്നു. ചിത്രം നിന്നുപോകുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഒരു മാസത്തിന് ശേഷം ചിത്രീകരണം തുടങ്ങിയെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നിര്‍മാതാവ് രാജു മാത്യുവിന്റെ ഭാര്യയെ അത് വായിച്ചു കേള്‍പ്പിച്ചാല്‍ നന്നാകുമെന്ന് നിര്‍മാതാവ് കൊച്ചുമോന്‍ പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞ കഥകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നത്രേ. സെഞ്ച്വറിയുടെ പല കഥകളും അവരായിരുന്നു ഫൈനലൈസ് ചെയ്തിരുന്നത്. എന്നാല്‍ എനിക്കതൊരു സുഖമുള്ള പരിപാടിയായി തോന്നിയില്ല, എന്നാലും കൊച്ചുമോന്റെ നിര്‍ബന്ധത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു.
അങ്ങനെ കോട്ടയത്ത് രാജുച്ചായന്റെ വീട്ടില്‍ പോയി കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അവര്‍ക്കേറെ ഇഷ്ടമായി, അതോടെ കൊച്ചുമോനും ഹാപ്പിയായി. ചിത്രത്തിന്റെ ലൊക്കേഷനായി ആദ്യം തീരുമാനിച്ചത് മൂന്നാറായിരുന്നു. ഒരു ദിവസം മുഴുവന്‍ മൂന്നാറില്‍ കറങ്ങിയെങ്കിലും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കണ്ടെത്താന്‍ പറ്റിയില്ല. അങ്ങനെയാണ് ലൊക്കേഷന്‍ കൊടൈക്കനാലിലേക്ക് മാറ്റിയത്.
രാജുച്ചായന്റെ ഭാര്യയുടെ മരണവാര്‍ത്തയാണ് പിന്നീട് കേട്ടത്. അതെനിക്ക് ഭയങ്കര ഷോക്കായി. സിനിമയുടെ കഥ കേട്ട് സൂപ്പര്‍ഹിറ്റാകുമെന്ന് പറഞ്ഞവര്‍ ഷൂട്ട് തുടങ്ങും മുമ്പേ മരണപ്പെട്ടു
ഞാനും ക്യാമറാമാന്‍ എസ്. കുമാറും ആര്‍ട്ട് ഡയറക്ടറും സെറ്റ് വര്‍ക്കിനായി കൊടൈക്കനാലില്‍ എത്തി. ഹോട്ടല്‍ മുറിയില്‍ കയറിയപ്പോള്‍ എനിക്ക് കൊച്ചുമോന്റെ ഫോണ്‍കോള്‍ വന്നു ‘പണി തുടങ്ങാന്‍ വരട്ടെ രാജുച്ചായന്റെ ഭാര്യ സീരിയസായി ആശുപത്രിയിലാണ്. ഞാന്‍ വൈകീട്ട് വിളിക്കാം’ എന്ന് പറഞ്ഞു. ഞങ്ങള്‍ ഹോട്ടലില്‍ കൊച്ചുമോന്റെ കോളിനായി കാത്തിരുന്നു.
രാജുച്ചായന്റെ ഭാര്യയുടെ മരണവാര്‍ത്തയാണ് പിന്നീട് കേട്ടത്. അതെനിക്ക് ഭയങ്കര ഷോക്കായി. സിനിമയുടെ കഥ കേട്ട് സൂപ്പര്‍ഹിറ്റാകുമെന്ന് പറഞ്ഞവര്‍ ഷൂട്ട് തുടങ്ങും മുമ്പേ മരണപ്പെട്ടു. ഞങ്ങള്‍ എല്ലാം നിര്‍ത്തി നാട്ടിലെത്തി, അവരുടെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പങ്കെടുത്തു. രാജുച്ചായന്‍ ആകെ തകര്‍ന്നുപോയിരുന്നു. അതോടെ ഈ പ്രൊജക്ട് നടക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷേ, ഞാന്‍ പേടിച്ചതുപോലൊന്നും നടന്നില്ല. പിന്നീട് ഒരുമാസം കഴിഞ്ഞതോടെ ഞങ്ങള്‍ വീണ്ടും പ്രൊജക്ടിലേക്ക് ഇറങ്ങി,’ കമല്‍ പറയുന്നു.
Content Highlight: Director Kamal Talks About Unnikale Oru Kadha Parayam Movie