കമലിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം. മോഹന്‍ലാല്‍, തിലകന്‍, കാര്‍ത്തിക എന്നിവരായിരുന്നു സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. കമലിന്റെ കഥയില്‍ ജോണ്‍പോള്‍ തിരക്കഥ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍, കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് സെഞ്ച്വറി ഫിലിംസായിരുന്നു വിതരണം ചെയ്തത്.
ജോണ്‍ പോളുമായി ചെയ്യുന്ന തന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇതെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. ഒപ്പം താനാണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേര് സജസ്റ്റ് ചെയ്തതെന്നും തുടക്കം മുതല്‍ എന്തുകൊണ്ടോ ആ പേര് സ്‌ട്രൈക്ക് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
‘ജോണ്‍ പോളുമായി ചെയ്യുന്ന എന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഉണ്ണികളെ ഒരു കഥ പറയാം. ഞാന്‍ കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് ആദ്യമേ തന്നെ അദ്ദേഹത്തോട് പറഞ്ഞ പേരായിരുന്നു ഉണ്ണികളെ ഒരു കഥ പറയാം എന്നുള്ളത്. എനിക്ക് എന്തുകൊണ്ടോ ആ പേര് ആദ്യമേ സ്‌ട്രൈക്ക് ചെയ്തിരുന്നു.
ജോണ്‍ പോളിന് ആ പേര് ഉടനെ തന്നെ ഇഷ്ടമായിരുന്നു. മോഹന്‍ലാല്‍ ആ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടെയായിരുന്നു. കൊച്ചുമോനും മോഹന്‍ലാലുമായിരുന്നു ആ സിനിമയുടെ പ്രൊഡ്യൂസര്‍മാര്‍. സെഞ്ച്വറി ഫിലിംസായിരുന്നു സിനിമ ചെയ്തത്. അതുകൊണ്ട് മോഹന്‍ലാലിനോട് ഞാന്‍ ഇങ്ങനെയൊരു പേരുണ്ടെന്ന് പറഞ്ഞു.
ലാല്‍ വളരെ സന്തോഷത്തില്‍ ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നിട്ട് ആ പേര് മതി, ഗംഭീരമായ പേരാണെന്ന് പറഞ്ഞു. അത് ശരിക്കും എനിക്ക് ഒരു കോണ്‍ഫിഡന്‍സ് തന്നെയായിരുന്നു. അങ്ങനെയാണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയും ടൈറ്റിലും ഉണ്ടാകുന്നത്. സിനിമയുമായി വളരെയധികം ബന്ധപ്പെട്ട പേരായിരുന്നു അത്,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Unnikale Oru Kadha Parayam And Mohanlal