മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍; അദ്ദേഹം എന്റെ സിനിമയില്‍ അഭിനയിച്ചതില്‍ സന്തോഷം തോന്നി: കമല്‍
Entertainment
മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍; അദ്ദേഹം എന്റെ സിനിമയില്‍ അഭിനയിച്ചതില്‍ സന്തോഷം തോന്നി: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 8:55 am

പി.ആര്‍. നാഥന്റെ കഥയില്‍ നിന്ന് രഞ്ജിത്ത് എഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം വരവായി. 1991ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജയറാം, സുനിത, ശാമിലി, മുരളി, ഗീത തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ നന്ദനും ഗീതു എന്ന കൊച്ചു പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ സിനിമയില്‍ മികച്ച താരനിരയായിരുന്നു അഭിനയിച്ചത്. ചിത്രത്തില്‍ മുത്തച്ഛനായി എത്തിയത് തിക്കുറിശ്ശി ആയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍.

‘പൂക്കാലം വരവായി എന്ന സിനിമയില്‍ എനിക്ക് ഒട്ടും മറന്നു പോകാത്ത അല്ലെങ്കില്‍ ഞാന്‍ മറക്കാന്‍ പാടില്ലാത്ത ഒരാളുണ്ട്. തിക്കുറിശ്ശി ചേട്ടനാണ് അത്. തിക്കുറിശ്ശി ചേട്ടനെന്നാല്‍ നമുക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്, മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയാവുന്ന വ്യക്തിയാണ് അദ്ദേഹം.

ഇപ്പോഴത്തെ ജനറേഷനൊന്നും അദ്ദേഹത്തെ കുറിച്ച് അറിയില്ല. സത്യനും പ്രേം നസീറിനും മുമ്പ് മലയാളത്തിലെ ആദ്യത്തെ വലിയ നായകന്‍ തിക്കുറിശ്ശി ആയിരുന്നു. അതിന് ശേഷം അദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിച്ചു, സംവിധാനം ചെയ്തു, കഥ എഴുതി, പാട്ട് എഴുതി.

അങ്ങനെ എല്ലാ മേഖലയിലും നിറഞ്ഞ വേഴ്‌സറ്റൈല്‍ ആയിരുന്ന കലാകാരനായിരുന്നു അദ്ദേഹം. പത്മശ്രീയും ജെ.സി. ഡാനിയേല്‍ അവാര്‍ഡും കിട്ടിയ വ്യക്തിയാണ്. അദ്ദേഹം പിന്നീട് ഒരുപാട് ജനറേഷന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീറിന്റെയും സത്യന്റെയും കാലഘട്ടത്തിലും ജയന്റെയും സുകുമാരന്റെയും സോമന്റെയും കാലഘട്ടത്തിലും അഭിനയിച്ചിട്ടുണ്ട്.

അതിന് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലഘട്ടത്തില്‍ അഭിനയിച്ചു. തിക്കുറിശ്ശി ചേട്ടന്‍ മോഹന്‍ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Thikkurissy